വാട്‌സാപ്പിന് അഡിക്റ്റാഡാണോ നിങ്ങള്‍ ? എങ്കില്‍ വാട്ട്‌സാപ്പിറ്റിസ് എന്ന വേദന നിങ്ങളെയും അലട്ടിത്തുടങ്ങാന്‍ അധികനാളുകള്‍ വേണ്ട
തിങ്കള്‍, 14 മാര്‍ച്ച് 2016 (16:14 IST)
തിരക്ക് നിറഞ്ഞ ജീവിതമാണ് ഇന്ന് എല്ലാവര്‍ക്കും. അതിനിടയില്‍ പലപ്പോഴും തങ്ങളുടെ ആരോഗ്യം പരിപാലിക്കാനുള്ള ശ്രദ്ധയോ സമയമോ ആര്‍ക്കും ലഭിക്കാറില്ല. എന്നാല്‍, പ്രത്യേകിച്ച് കാരണങ്ങളൊന്നും ഇല്ലാതെ ക്ഷീണം അനുഭവപ്പെടുന്നുണ്ടോ? തീര്‍ച്ചയായും പെട്ടെന്ന് കണ്ടെത്താന്‍ കഴിയാത്ത കാരണം അതിനു പിറകിലുണ്ടാകും. അവയില്‍ മിക്കവയും സ്വയമേവ പരിഹാരിക്കാവുന്നവയുമാണ്. ഏത് പ്രായത്തില്‍ ഉള്ളവരാണെങ്കിലും പതിവായി വ്യായാമം ചെയ്യുന്നെങ്കിൽ മാത്രമേ നല്ല ആരോഗ്യം നിലനിര്‍ത്താന്‍ കഴിയുകയുള്ളൂ.
നല്ല ആരോഗ്യം നേടുന്നതില്‍ ഉറക്കത്തിനു വളരെ പ്രധാനപ്പെട്ട സ്ഥാനമാണുള്ളത്. ആദ്യമായി ഉറങ്ങുവാനും ഉണരുവാനും ഒരു നിശ്ചിതസമയം ഉണ്ടായിരിക്കണം. നമ്മുടെ സൗകര്യത്തിന് തോന്നിയ സമയത്ത് ഉറങ്ങുകയും തോന്നിയ സമയത്ത് ഉണരുകയും ചെയ്യരുത്. ഇത് നല്ല ഉറക്കത്തിന് തടസം വരുത്തുന്ന ഒന്നാണ്. രാത്രിയില്‍ ശരിയായി ഉറങ്ങാന്‍ സാധിച്ചില്ലെങ്കില്‍ അവസരം കിട്ടുകയാണെങ്കില്‍ രാവിലെ അര, മുക്കാല്‍ മണിക്കൂര്‍ ഉറങ്ങുവാന്‍ ശ്രമിക്കുക. ഉറക്കക്ഷീണം മാറിക്കിട്ടും. ആവശ്യമായ ഉറക്കം ലഭിക്കാത്തത് പിറ്റേന്ന് കലശമായ ക്ഷീണത്തിനിടയാക്കും. മുതിര്‍ന്നവര്‍ക്ക് ഏഴുമുതല്‍ എട്ടുമണിക്കൂര്‍ വരെ ഉറക്കം ആവശ്യമാണ്. കമ്പ്യൂട്ടറും മൊബൈലും ടെലിവിഷനും ഒഴിവാക്കി കിടപ്പുമുറിയെ ഉറക്കത്തിനായി സജ്ജമാക്കുക.
ഓഫീസില്‍ ഇരുന്ന് ജോലി ചെയ്യുന്നവരും പുറത്ത് ജോലി ചെയ്യുന്നവരും ആവശ്യത്തിന് വെള്ളം കുടിക്കണം. ഒരു ദിവസം ശരാശരി 8 - 9 ഗ്ലാസ്സ് വെള്ളമെങ്കിലും കുടിക്കണം. ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടക്കാനും ശരീരം തണുപ്പിക്കാനും വെള്ളം അത്യാവശ്യമാണ്. വ്യായാമം ചെയ്യുന്നവര്‍ അതിനു മുമ്പും ശേഷവും അധികമായി വെള്ളം കുടിക്കണം.
ഇലക്കറികളും പഴവര്‍ഗങ്ങളും ദിവസം അഞ്ചു പ്രാവശ്യമെങ്കിലും കഴിക്കണം. ചേന, ചേമ്പ്, കാച്ചില്‍ എന്നിവയും ഉള്‍പ്പെടുത്തണം. മുളപ്പിച്ച ചെറുപയര്‍, മുളപ്പിച്ച കടല, ഉലുവ എന്നിവയും കൂടുതലായി ഉള്‍പ്പെടുത്തുക. പാലുല്പന്നങ്ങള്‍ ഉപയോഗിക്കുന്നതും റാഗി ഉപയോഗിച്ചുള്ള ഭക്ഷണം കഴിക്കുന്നതും കാത്സ്യത്തിന്റെ കുറവ് നികത്തും. ചെറുമത്സ്യങ്ങള്‍ കാത്സ്യത്തിന്റെ ഒന്നാന്തരം ഉറവിടമാണ്. നിത്യേന 40 മുതല്‍ 50 ഗ്രാം വരെ മത്സ്യം ഉപയോഗിക്കുന്നതും ഗുണം ചെയ്യും. മീനില്‍ അടങ്ങിയിട്ടുള്ള പ്രത്യേകതരം കൊഴുപ്പ് അമിത ഹൃദയമിടിപ്പ്, ഓര്‍മക്കുറവ് എന്നിവയ്‌ക്കെല്ലാം പരിഹാരമാണ്.
പ്രഭാതഭക്ഷണം ഒരു ദിവസത്തേക്കു മുഴുവന്‍ വേണ്ട ഊര്‍ജം നല്‍കുന്ന ഒന്നാണ്. അതുകൊണ്ടു തന്നെ ബ്രേക് ഫാസ്റ്റ് ഒഴിവാക്കി വണ്ണം കുറയ്ക്കാമെന്നു കരുതുന്നതു തന്നെ വിഡ്ഢിത്തമായിരിക്കും. എന്നാല്‍ ആരോഗ്യകരമായ പ്രഭാതഭക്ഷണമാണ് നിങ്ങള്‍ തെരഞ്ഞെടുക്കുന്നതെങ്കില്‍ ശരീരവണ്ണം ക്രമപ്പെടുത്താനും സാധിക്കും. ആദ്യമായി ശ്രദ്ധിക്കേണ്ട കാര്യം ദിവസവും ഒരേ സമയത്തു തന്നെ ബ്രേക്‌ഫാസ്റ്റ് കഴിയ്ക്കാന്‍ ശ്രദ്ധിക്കുക എന്നതാണ്. അത് വിശപ്പു മാറ്റുകയും നല്ല ആരോഗ്യം ലഭ്യമാക്കുകയും ചെയ്യും. ഏത്തപ്പഴമോ ചെറുപഴങ്ങളോ റോബസ്റ്റ പോലുള്ള പഴങ്ങളോ ഉള്‍പ്പെടുത്തി പ്രഭാതഭക്ഷണം കഴിക്കുന്നതും നല്ലതാണ്.
വളരെക്കുറച്ച് ഭക്ഷണം കഴിക്കുന്നതും അനാരോഗ്യകരമായത് കഴിക്കുന്നതും ക്ഷീണത്തിന് കാരണമാകും. രക്തത്തിലെ പഞ്ചസാര കൃത്യമായ അളവില്‍ ഉണ്ടായാലേ ശാരീരികമായ പ്രവര്‍ത്തനങ്ങള്‍ സാധാരണനിലയില്‍ നടക്കൂ. പ്രാതല്‍ കൃത്യമായി കഴിക്കുക പ്രോട്ടീനും കാര്‍ബോഹൈഡ്രേറ്റുകളും ശരിയായ അളവില്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക ഇവയില്‍ പ്രധാനമാണ്. തിരക്കിനിടയില്‍ പ്രഭാതഭക്ഷണം ഒഴിവാക്കുമ്പോള്‍ വിശപ്പ് കൂടുതല്‍ തോന്നുന്നത് സ്വാഭാവികമാണ്. ഇത് ഉച്ചക്ക് വയര്‍ നിറച്ചു കഴിക്കുവാന്‍ പ്രേരിപ്പിക്കും. ഉച്ചഭക്ഷണം തെരഞ്ഞെടുക്കുമ്പോഴും ശ്രദ്ധിക്കണം. ചില ഭക്ഷണങ്ങള്‍ കഴിച്ചാല്‍ ഉറക്കം വരുന്നത് സ്വാഭാവികമാണ്. ചോറ് ഉച്ചഭക്ഷണത്തിന് ഒഴിവാക്കുന്നതാണ് നല്ലത്. ദഹിക്കുവാന്‍ എളുപ്പമാണെങ്കിലും ചോറ് വയറ് നിറയ്ക്കും. ഇത് ഉറക്കം വരുത്തുകയും ചെയ്യും. ചോറിന് പകരം ചപ്പാത്തിയോ റൊട്ടിയോ കഴിക്കാം. കൊഴുപ്പും അധികമുണ്ടാകില്ല. ദഹിക്കുകയും ചെയ്യും. ഉറക്കം വരികയുമില്ല.
കിടക്കുന്നതിന് മുമ്പ് മദ്യപിക്കുന്നത് ഉറക്കത്തിന് നല്ലതാണെന്ന തെററിദ്ധാരണ പലര്‍ക്കുമുണ്ട്. ബോധം കെട്ടുറങ്ങുന്നത് ആരോഗ്യകരമായ ഉറക്കമല്ല. പിറ്റേന്ന് ഉണര്‍ന്ന് എഴുന്നേല്‍ക്കുമ്പോള്‍ വല്ലാത്ത ക്ഷീണം തോന്നും. കിടക്കുന്നതിന് മുമ്പ് പുകവലിക്കുന്നതും ആരോഗ്യകരമായ ഉറക്കത്തിന് നന്നല്ല. ഉറങ്ങുന്നതിന് മുമ്പ് ലഘുവായ വ്യായാമമുറകള്‍ ചെയ്യുന്നതും ശ്വസനക്രിയകള്‍ ചെയ്യുന്നതും നല്ല ഉറക്കത്തിന് അത്യാവശ്യമാണ്.
പുതിയ ഏതു സാങ്കേതികവിദ്യയെക്കുറിച്ച് ചോദിച്ചാലും യുവതലമുറയ്ക്ക് ഞൊടിയിടയില്‍ മറുപടിയുണ്ട്. എത്രയും പെട്ടെന്ന് അത് സ്വന്തമാക്കുകയും ചെയ്യും. ടെക്‌നോളജിക്കൊപ്പം കുതിക്കുകയല്ല, പറക്കുകയാണവര്‍. എന്നാല്‍ ഈ ചൂടൊന്നും ആരോഗ്യകാര്യത്തില്‍ ഇല്ല. മൊബൈല്‍ ഫോണില്ലാതെ ജീവിക്കാന്‍ സാധിക്കാതെ വരുന്ന നോമോഫോബിയ, വാട്‌സ്ആപ്പിന് അഡിക്റ്റായവരുടെ കൈത്തണ്ടയിലും വിരലിലും ഉണ്ടാകുന്ന വാട്ട്‌സാപ്പിറ്റിസ് എന്ന വേദന, ഫോണ്‍ അവിടെത്തന്നെയുണ്ടോ എന്ന് ഇടയ്ക്കിടെ തപ്പിനോക്കുന്ന പോക്കറ്റ് പാറ്റര്‍ തുടങ്ങി പുതുതലമുറയ്ക്ക് ടെക്‌നോളജി സമ്മാനിച്ച രോഗങ്ങളില്‍ ചിലത് ഉദാഹരണം.