കിടക്കയിൽ നിന്ന് എഴുന്നേൽക്കുന്നതിന് മുൻപ് തന്നെ നിങ്ങളുടെ കൈ നീളുന്നത് ഫോണിലേക്കാണെങ്കിൽ, ഇത് ദിവസം തുടങ്ങുന്നതിന് മുൻപേ തന്നെ നിങ്ങളുടെ മനസ്സമാധാനത്തിന് കോട്ടം തട്ടാനേ ഉപകരിക്കുകയുള്ളൂ. ഇതിനെ കുറിച്ച് ആലോചിച്ചു നോക്കുക.
ദിവസം തുടങ്ങുന്നതിന് മുൻപേ തന്നെ നിങ്ങൾ കഴിഞ്ഞ ദിവസം ചെയ്യാൻ വിട്ടുപോയ കാര്യങ്ങൾ നോക്കുകയും, ഇന്ന് ചെയ്യാനുള്ള കാര്യങ്ങൾ പരിശോധിക്കുകയും ചെയ്താൽ, അത് നിങ്ങളിൽ അമിതമായ ആകാംക്ഷയും സമ്മർദ്ദവും ഉണ്ടാക്കും. ജോലി സംബന്ധമായ ഇ-മെയിലുകൾ, ചെയ്യേണ്ട കാര്യങ്ങൾ, മറ്റ് പല ഓർമ്മക്കുറിപ്പുകൾ, എന്തിനേറെ, സഞ്ചാരികളായ സുഹൃത്തുക്കളുടെ ഇൻസ്റ്റാഗ്രാം പോസ്റ്റുകൾ എന്നിവ പോലും രാവിലെ നിങ്ങളുടെ മനസ്സിനെ മറ്റ് പല ചിന്തകളിലേക്കും സമ്മർദ്ദത്തിലേക്കും നയിച്ചേക്കാം.
ഫോൺ തുറന്നപാടെ പല വിവരങ്ങളുടെ കുത്തൊഴുക്ക് വരുന്നതിനാൽ, നിങ്ങളുടെ തലച്ചോറിന് തന്നെ ആശയക്കുഴപ്പം വരുന്നു. ഇതുമൂലം, പ്രധാനമായി ചെയ്യേണ്ട കാര്യങ്ങളിൽ നിന്ന് നിങ്ങളുടെ ശ്രദ്ധ തിരിയുകയും, ആവശ്യമില്ലാത്ത മെസേജുകൾക്കും ഇ-മെയിലുകൾക്കും മറുപടി അയച്ച് നിങ്ങളുടെ സമയം നഷ്ടപ്പെടുകയും ചെയ്യുന്നു. ഇതുമൂലം, നിങ്ങളുടെ കാര്യക്ഷമതയിൽ കോട്ടം തട്ടുകയും, നിങ്ങളുടെ ശ്രദ്ധ പലതിലേക്കും തിരിയുകയും ചെയ്യുന്നു.