അമിതമായി ആഹാരം കഴിക്കുന്നതു മൂലം ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് പലരും ബോധവാന്മാരല്ല. അതുമൂലമുണ്ടാകുന്ന പൊണ്ണത്തടി ഒരു അലങ്കാരമായി കൊണ്ടുനടക്കുമെങ്കിലും അതുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ നിസ്സാരമല്ല. എത്രത്തോളം കഴിക്കാമോ അത്രയും കഴിക്കുക. പിന്നെ കുറച്ചു നടക്കുക. ഇതാണു ഭൂരിപക്ഷം മലയാളികളുടെയും ആരോഗ്യസങ്കല്‍പം. ഈ രീതി മാറ്റിയില്ലെങ്കില്‍ വളരെ ഭയാനകമായ അവസ്ഥയിലേക്കായിരിക്കും നമ്മള്‍ ചെന്നെത്തുന്നത്.
പുതുരുചികള്‍ തേടാനും പരീക്ഷിക്കാനുമാണ് നമ്മള്‍ ഓരോരുത്തരും ഇഷ്ടപ്പെടുന്നത്. അത് പൊറോട്ട മുതല്‍ ബര്‍ഗര്‍, പിസ വരെയുള്ള ഭക്ഷണശീലത്തിനു വഴിമാറിയിരിക്കുകയാണ്. ആഹാരം കഴിക്കുമ്പോള്‍ അവയുടെ ഗുണം അറിഞ്ഞ് ശരിയായ അളവില്‍ കഴിക്കുകയും ചിട്ടയായി വ്യായാമം ചെയ്യുകയും ചെയ്താല്‍ മാത്രമെ നല്ല ആരോഗ്യം സ്വന്തമാക്കാന്‍ കഴിയൂ. ആയുര്‍വേദമനുസരിച്ച് ഓരോരുത്തരുടെയും ശരീരപ്രകൃതി, ദഹനശക്തി, ശാരീരികവും ബൌദ്ധികവുമായ വ്യായാമം ഇവയെ അടിസ്ഥാനമാക്കിയാണ് ആഹാരത്തിന്റെ അളവും ഗുണവും നിശ്ചയിക്കേണ്ടത്.
ഗുണകരമായ ആഹാരങ്ങള്‍ കഴിക്കുന്നതിനോടൊപ്പം ദോഷകരമായവ ഉപേക്ഷിക്കാനും ശ്രദ്ധിക്കണം. ചില ആഹാരങ്ങള്‍ മറ്റു ചിലവയോടു ചേര്‍ത്തുപയോഗിക്കുമ്പോള്‍ ആരോഗ്യത്തിനു ഹാനികരമാകാറുണ്ട്. അങ്ങനെയുള്ളവയാണ് വിരുദ്ധാഹാരങ്ങള്‍ എന്നു പറയുന്നത്. നിത്യജീവിതത്തില്‍ നാം ഉപയോഗിക്കുന്ന പല ആഹാരങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. അകാരണമായി അനുഭവപ്പെടുന്ന പല അസ്വസ്ഥതകള്‍ക്കും കാരണം ഒരു പരിധി വരെ ഇത്തരം ഭക്ഷണങ്ങള്‍ തന്നെയാകാം. ശരീരത്തില്‍ നിന്നു പുറന്തള്ളപ്പെടാതെ ദോഷാംശങ്ങളെ ഉണ്ടാക്കി, ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നവയാണ് ഈ ഗണത്തില്‍പ്പെടുന്നത്.
ശരീരത്തില്‍ എത്തിച്ചേരുന്ന ഉടനെ ഇവ ഒരുതരത്തിലുള്ള ലക്ഷണങ്ങളും കാണിക്കുകയോ രോഗങ്ങള്‍ ഉണ്ടാക്കുകയോ ചെയ്യുന്നില്ല. എന്നാല്‍ ഇവ ശരീരത്തില്‍ അടിഞ്ഞുകൂടി കാലക്രമേണ പലവിധ രോഗങ്ങള്‍ക്കു കാരണമാകുന്നു.വന്ധ്യത, അന്ധത, ത്വക്രോഗങ്ങള്‍, മാനസിക രോഗങ്ങള്‍, തലകറക്കം, അര്‍ശസ്, ഫിസ്റ്റുല, വയറുവീര്‍പ്പ്, ദഹനക്കുറവ്, തൊണ്ടയുടെ രോഗങ്ങള്‍, വായിലുണ്ടാകുന്ന രോഗങ്ങള്‍, വിളര്‍ച്ച, വെള്ളപ്പാണ്ട്, നീര്, നെഞ്ചെരിച്ചില്‍, വയറിന് എരിച്ചില്‍, മറ്റ് അസ്വസ്ഥതകള്‍, തുമ്മല്‍, വിട്ടുമാറാത്ത ജലദോഷം, ഗര്‍ഭസ്ഥശിശുവിന്റെ വൈകല്യങ്ങള്‍, അകാരണമായുണ്ടാകുന്ന ശാരീരിക അസ്വസ്ഥതകള്‍ എന്നിവ ഒരു പരിധി വരെ ഇത്തരത്തിലുള്ള വിരുദ്ധാഹാരങ്ങള്‍ കഴിക്കുന്നതു കൊണ്ടാണ് ഉണ്ടാകുന്നത്.
പാകം ചെയ്തതും അല്ലാത്തതുമായവ ഒന്നിച്ച് ഉപയോഗിക്കാതിരിക്കുക. കേടായ വസ്തുക്കള്‍ കൊണ്ട് ആഹാരമുണ്ടാക്കരുത്. അമിതമായി വെന്തുപോയതോ, നന്നായി വേവാത്തതോ, കരിഞ്ഞുപോയതോ ആയ ആഹാരം കഴിക്കാതിരിക്കുക. പകലുറക്കത്തിനുശേഷം എണ്ണമയമുള്ളതും മധുരമുള്ളതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കുക. രാത്രിയില്‍ തൈര് തുടങ്ങിയ തണുത്ത ഭക്ഷണ സാധനങ്ങള്‍ ഉപേക്ഷിക്കുക. മനസിന് ഇഷ്ടമില്ലാത്തവ കഴിക്കാതിരിക്കുക. വിയര്‍പ്പോടുകൂടി തണുത്തവെള്ളം കുടിക്കാതിരിക്കുക. തണുത്ത വെള്ളത്തില്‍ കുളിക്കാതിരിക്കുക. തേനും നെയ്യും വെള്ളവും ഒരേ അളവില്‍ ഒന്നിച്ചുപയോഗിക്കുകയുമരുത്.