പച്ചക്കറികൾ കേടാകാതിരിക്കാൻ ചെയ്യേണ്ടത്

നിഹാരിക കെ എസ്

ബുധന്‍, 16 ഒക്‌ടോബര്‍ 2024 (11:30 IST)
വീട്ടമ്മമാരുടെ ഏറ്റവും വലിയ പരാതിയാണ് വാങ്ങുന്ന പച്ചക്കറികൾ പെട്ടന്ന് തന്നെ കേടായി പോകുന്നുവെന്നത്. വീട്ടിൽ തന്നെ ഉണ്ടാക്കിയ പച്ചക്കറികൾ ആണെങ്കിൽ കേടാകാതിരിക്കും. ആവശ്യത്തിനനുസരിച്ച് നമുക്ക് പറിച്ചെടുത്താൽ മതി. എന്നാൽ, കീടനാശിനികൾ അടിച്ച് കൊണ്ടുവരുന്ന, കടയിൽ നിന്നും വാങ്ങിയ പച്ചക്കറികൾ ചിലപ്പോൾ പെട്ടന്ന് കേടായി പോകും. വേണ്ടവിധത്തിൽ സൂക്ഷിച്ച് വെച്ചില്ലെങ്കിൽ പൈസ നഷ്ടവും ഉണ്ടാകും. പച്ചക്കറികൾ കേടാകാതിരിക്കാൻ ഫ്രിഡ്ജിൽ സൂക്ഷിക്കാറുണ്ട്. എന്നാൽ, കൃത്യമായ രീതിയിൽ അല്ല ഫ്രിഡ്ജിൽ വെച്ചതെങ്കിൽ അവ ചീഞ്ഞ് പോകും. പച്ചക്കറികൾ കേടാകാതിരിക്കാൻ ചില മാർഗങ്ങൾ പരീക്ഷിക്കാവുന്നതാണ്.
 
* പഴങ്ങളും പച്ചക്കറികളും ഒന്നിച്ചു വെയ്ക്കരുത്.  പല പഴങ്ങളും എഥിലിൻ എന്ന വാതകം ഉത്പാദിപ്പിക്കുന്നു. ഈ വാതകം പച്ചക്കറികൾ വേഗം പഴുക്കുന്നതിന് വഴിയൊരുക്കുന്നു. 
 
* പുതുമ നിലനിർത്തണമെങ്കിൽ മിക്ക പച്ചക്കറികളും വായു കടക്കുന്ന വിധത്തിൽ വേണം സൂക്ഷിക്കാൻ.
 
* സവാളയും ഉരുളക്കിഴങ്ങും വായുസഞ്ചാരം നടക്കുന്ന വിധത്തിൽ മുറിയുടെ ഊഷ്മാവിൽ വയ്ക്കണം. എന്നാൽ, ഒരിക്കലും ഇത് ഒരുമിച്ച് വെയ്ക്കരുത്. ഒപ്പം, വളരെ സൂര്യപ്രകാശമുള്ളയിടത്ത് സവാള വയ്ക്കാതിരിക്കാനും ശ്രദ്ധിക്കണം.
 
* ചീര ഉൾപ്പെടെയുള്ള ഇലകൾ എപ്പോഴും കട്ടിയുള്ള പത്രക്കടലാസിൽ പൊതിഞ്ഞു വെയ്ക്കുക. 
 
* വെളുത്തുള്ളി ഒരിക്കലും ഫ്രിഡ്ജിൽ വെയ്ക്കരുത്. വയ്ക്കുകയാണെങ്കിൽ തന്നെ വായുസഞ്ചാരം നടക്കുന്ന വിധത്തിൽ വേണം വെളുത്തുള്ളി സൂക്ഷിക്കാൻ. 
 
* പച്ചമുളക് അതുപോലെ തന്നെ ഫ്രിഡ്ജിൽ വെയ്ക്കരുത്. പച്ചമുളകിന്റെ തണ്ടിലാണ് ആദ്യം ബാക്ടീരിയ കടന്നു കൂടുന്നത്. പച്ചമുളകിന്റെ തണ്ട് ഒടിച്ച് കളഞ്ഞിട്ട് വേണം സൂക്ഷിക്കാൻ. ഒപ്പം, കേടായ പച്ചമുളക് ഉണ്ടെങ്കിൽ അത് എടുത്ത് കളഞ്ഞിട്ട് വേണം വെയ്ക്കാൻ. അല്ലെങ്കിൽ ആ കേട് മറ്റ് മുളകിലേക്കും പടരും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍