കുങ്കുമം മുതൽ തേൻ വരെ: ഈ ഭക്ഷ്യവിഭവങ്ങൾ കഴിക്കണമെങ്കിൽ ലക്ഷങ്ങൾ ചിലവാക്കണം

നിഹാരിക കെ എസ്

വെള്ളി, 6 ഡിസം‌ബര്‍ 2024 (13:20 IST)
ആഡംബരവും ചെലവേറിയതുമായ ചില ഭക്ഷ്യ ഇനങ്ങൾ നമ്മുടെ ലോകത്തുണ്ട്. സാധാരണക്കാർക്കൊന്നും ചിന്തിക്കാൻ കൂടി കഴിയാത്ത വിലയാണ് ഇവയിൽ ചിലതിന്. ലോകത്തിലെ ഏറ്റവും ചിലവേറിയ ആഡംബര ഭക്ഷണങ്ങളിലൊന്നാണ് ‘ബെലുഗ കാവിയാർ’ എന്ന മത്സ്യ മുട്ട. ബെലുഗ സ്റ്റർജൻ എന്ന മത്സ്യത്തിൻറെ മുട്ടയാണ് ‘കാവിയാർ’. കിലോയ്ക്ക് ഏകദേശം 34,500 ഡോളർ (28,58,084 ഇന്ത്യൻ രൂപ) ആണ് വില വരുന്നത്. 
 
പൊന്നിന്റെ വിലയുള്ള മീനാണ് ജപ്പാനിലെ സാഷിമിയുടെയും സുഷിയുടെയും പ്രധാന ചേരുവയായ ബ്ലൂഫിൻ ട്യൂണ. സമുദ്രത്തിന്റെ ആഴങ്ങളിൽ സഞ്ചരിക്കുന്ന ഏറ്റവും വലിയ ട്യൂണയാണ് ബ്ലൂഫിൻ. 238 കിലോഗ്രാം വരുന്ന ഒരു ട്യൂണ മത്സ്യത്തിന് ആറര കോടി രൂപയാണ്. പൊതുവെ മത്സ്യത്തൊഴിലാളികൾക്ക് ഇവയെ അത്ര എളുപ്പത്തിൽ ലഭിക്കാറില്ല. 
 
തുർക്കിയിലെ ആർട്‌വിനിൽ 1800 മീറ്റർ ആഴമുള്ള ഗുഹയിലാണ് ലോകത്തിലെ ഏറ്റവും വിലയേറിയ തേൻ ആയ എൽവിഷ് തേൻ കാണപ്പെടുന്നത്. രുചിയും സ്ഥലവും, വൈവിധ്യവുമൊക്കെ കാരണം ഈ തേനിന് കിലോഗ്രാമിന് ഒൻപത് ലക്ഷം രൂപയാണ് വില വരുന്നത്.
 
ലോകത്തിലെ ഏറ്റവും വിലയേറിയ കോഫിയാണ് കോപ്പി ലുവാക്ക് അല്ലെങ്കിൽ സിവറ്റ് കോഫി. ഇന്തോനേഷ്യയാണ് കോപ്പി ലൂവാക്കിന്റെ ഉത്ഭവ സ്ഥലം. ഏകദേശം 400 ഗ്രാം കാപ്പിക്കുരുവിന് 600 ഡോളർ (50,436 ഇന്ത്യൻ രൂപ) വില വരും.
 
റെഡ് ​ഗോൾഡ് എന്നറിയപ്പെടുന്ന കുങ്കുപ്പൂവിന് പൊന്നിന്റെ വിലയാണ് എന്ന് തന്നെ പറയാം. കുങ്കുമം പ്രധാനമായും ഇറാനിലാണ് കൃഷി ചെയ്യുന്നത്. ഗ്രാമിന് 10 മുതൽ 20 ഡോളർ( 840 രൂപ മുതൽ 1681 രൂപ) വരെയാണ് വില വരുന്നത്. ഒരു കിലോ​ഗ്രാം ശുദ്ധമായ കുങ്കുമപ്പൂവിന് ഏകദേശം 3 ലക്ഷത്തിനു മുകളിലാണ് റീടെയിൽ വില വരുന്നത്.
 
ജപ്പാനിലെ ഹ്യോഗോ പ്രിഫെക്ചറിൽ, പ്രത്യേകിച്ച് കോബെ മേഖലയിൽ വളർത്തുന്ന ജാപ്പനീസ് കറുത്ത കന്നുകാലികളുടെ താജിമ ഇനത്തിൽ നിന്നും വരുന്ന കോബി ബീഫ് 28 ഗ്രാമിന് 50 ഡോളർ (4203 ഇന്ത്യൻ രൂപ) യ്ക്കാണ് വിൽക്കുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍