എന്ത് ഭക്ഷണം കഴിച്ചാലും ഉടന്‍ ടോയ്‌ലറ്റില്‍ പോകാന്‍ തോന്നാറുണ്ടോ?

രേണുക വേണു

തിങ്കള്‍, 29 ജനുവരി 2024 (10:14 IST)
പലര്‍ക്കും ഭക്ഷണം കഴിച്ചാല്‍ ഉടനെ തന്നെ ടോയ്ലറ്റില്‍ പോകാന്‍ തോന്നാറുണ്ട്. ഇതൊരു അസുഖമാണ്. വയറിനുള്ളില്‍ ഗ്യാസ് നിറയുന്നതു മൂലമാണ് പലരും ഈ പ്രശ്നം നേരിടുന്നത്. ഗ്യാസ്ട്രോകോളിക് റിഫ്ളക്സ് അഥവാ ഗ്യാസ്ട്രോകോളിക് റെസ്പോണ്‍സ് എന്നാണ് ഈ അവസ്ഥയെ പറയുക. 
 
ഭക്ഷണം അകത്തേക്ക് എത്തുമ്പോള്‍ ശരീരം ഒരു ഹോര്‍മോണ്‍ പുറത്തുവിടുന്നു. ആമാശയത്തിലേക്ക് ഭക്ഷണം എത്തുന്നു എന്ന സൂചന നല്‍കുന്നതാണ് ഈ ഹോര്‍മോണ്‍. ആ സമയത്ത് വന്‍കുടല്‍ ചുരുങ്ങുകയും അതിനെ തുടര്‍ന്നുണ്ടാകുന്ന സങ്കോചങ്ങള്‍ കാരണം മുന്‍പ് കഴിച്ച ഭക്ഷണ സാധനങ്ങള്‍ പുറന്തള്ളാന്‍ പ്രേരണ നല്‍കുകയും ചെയ്യുന്നു. ഈ പ്രവര്‍ത്തനത്തിന്റെ വേഗത ചിലരില്‍ കൂടുതലാണ്. അങ്ങനെയുള്ളവര്‍ക്കാണ് ഭക്ഷണം കഴിച്ച ഉടനെ മലവിസര്‍ജ്ജനം നടത്താന്‍ തോന്നുന്നത്. ഗ്യാസ് മൂലം വയറിലുണ്ടാകുന്ന പ്രശ്നങ്ങളാണ് ഗ്യാസ്ട്രോകോളിക് റിഫ്ളക്സ് വര്‍ധിക്കാന്‍ പ്രധാന കാരണം. ഇത്തരക്കാര്‍ക്ക് ചിലപ്പോള്‍ വയറുവേദനയും അനുഭവപ്പെടും. 
 
ഇത്തരം പ്രശ്നങ്ങള്‍ ഉള്ളവര്‍ തീര്‍ച്ചയായും ആരോഗ്യ വിദഗ്ധനെ കാണണം. മിതമായ രീതിയില്‍ പല തവണകളായി ഭക്ഷണം കഴിക്കുകയും നന്നായി വെള്ളം കുടിക്കുകയും വേണം. തൈര് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. എരിവ്, പുളി, ഉപ്പ് എന്നിവ അമിതമായി ചേര്‍ത്ത ഭക്ഷണ സാധനങ്ങള്‍ പരമാവധി ഒഴിവാക്കുക. വറുത്തതും പൊരിച്ചതുമായ ഭക്ഷണ സാധനങ്ങള്‍ കഴിക്കുന്നതില്‍ നിയന്ത്രണം വേണം. മദ്യപാനം, പുകവലി എന്നിവ പൂര്‍ണമായി ഉപേക്ഷിക്കുന്നതാണ് നല്ലത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍