പുരുഷൻമാർ തക്കാളി കഴിച്ചാൽ പലതുണ്ട് കാര്യം

ചൊവ്വ, 24 മെയ് 2016 (15:00 IST)
നമ്മുടെ ഭക്ഷണത്തിൽ നിന്നും ഒഴിവാക്കാൻ കഴിയാത്ത ഒന്നാണ് തക്കാളി. തക്കാളി കഴിക്കുന്നത് കൊണ്ട് നിരവധി ഗുണങ്ങൾ ഉണ്ട്. പ്രത്യേകിച്ചും പുരുഷൻമാർക്ക്. പുരുഷൻമാർ ദിവസവും രണ്ട് തക്കാളി വീതം കഴിക്കുന്നത് പ്രോസ്റ്റേറ്റ് പ്രശ്നങ്ങൾ തടയുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. തക്കാളികൾക്ക് അതിന്റെ നിറം നൽകുന്നതിന് സഹായിക്കുന്ന ലൈക്കോപ്പീൻ എന്ന ചുവന്ന വർണ വസ്തു പ്രോസ്റ്റേറ്റ് സംബന്ധിച്ച പ്രശ്നങ്ങൾക്ക് പരിഹാരമാണ്.
 
പുരുഷൻമാരിൽ കാണപ്പെടുന്ന ഒരു ഗ്രന്ഥിയാണ് പ്രോസ്റ്റേറ്റ്. മൂത്രാശയത്തിന് തൊട്ട് താഴെയുള്ള മൂത്രനാളത്തിന് ചുറ്റുമായാണ് പ്രോസ്റ്റേറ്റിന്റെ സ്ഥാനം. ചില സമയങ്ങളിൽ ഈ ഗ്രന്ഥിക്കുണ്ടാകുന്ന പ്രശ്നങ്ങൾക്ക് ഉത്തമ പരിഹാരമാണ് തക്കാളി. ജനിക്കുമ്പോള്‍ പയറു മണിയോളം മാത്രം വലുപ്പമുള്ള പ്രോസ്റ്റേറ്റ് വളരെ പതുക്കെയാണ് വളര്‍ന്നു തുടങ്ങുന്നത്. പ്രായം കൂടും തോറും പ്രോസ്റ്റേറ്റും വളരും. 
 
ലക്ഷണങ്ങൾ:
 
1. പ്രായാധിക്യം എത്തുമ്പോൾ മൂത്രമൊഴിക്കാനുള്ള ബുദ്ധിമുട്ടുകൾ കണ്ടു തുടങ്ങും
 
2. മൂത്രാശയ പ്രശ്നങ്ങൾ വർധിക്കുന്നു
 
3. ദോഷകരമായ രീതിയിൽ പ്രോസ്റ്റേറ്റിനുണ്ടാകുന്ന വീക്കം, അണുബാധ ഇവ പ്രശ്നക്കാരാണ്
 
4. കൂടുതല്‍ തവണ മൂത്രമൊഴിക്കണമെന്ന് തോന്നുക
 
5. മൂത്രം വരാന്‍ താമസം
 
6. മൂത്രം പിടിച്ച് നിര്‍ത്താന്‍ കഴിയാതെ വരിക
 
7. മൂത്രം ഇറ്റ് വീഴുക
 
8. മൂത്രമൊഴിക്കുമ്പോള്‍ ശക്തികുറഞ്ഞ് പോവുക
 
9. മൂത്രമൊഴിക്കുമ്പോള്‍ അസഹ്യ വേദന
 
10. മൂത്രം പൂര്‍ണമായും ഒഴിയാത്തപോലെ തോന്നുക തുടങ്ങിയവ കാണാറുണ്ട്
 
പ്രോസ്റ്റേറ്റ്  കാന്‍സര്‍:
 
ശ്വാസ കോശാര്‍ബുദം കഴിഞ്ഞാല്‍ പുരുഷന്മാരില്‍ ഏറ്റവുമധികം കണ്ടുവരുന്ന അര്‍ബുദമാണിത്. പ്രോസ്റ്റേറ്റ് കാന്‍സറിന് പാരമ്പര്യവുമായി അടുത്ത ബന്ധമാണുള്ളത്. കൊഴുപ്പ് കൂടിയ ഭക്ഷണശീലങ്ങളും, ഹോര്‍മോണ്‍ വ്യതിയാനങ്ങളും ഈ അര്‍ബുദത്തിന് വഴിയൊരുക്കുന്ന മറ്റ് ഘടകങ്ങളാണ്. അര്‍ബുദം പ്രോസ്റ്റേറ്റിനുള്ളില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ മറ്റവയവങ്ങളിലേക്ക് പടര്‍ന്ന് പെരുകുമ്പോള്‍ കൂടുതല്‍ അപകടകാരി ആയി മാറുന്നു.
 
തക്കാളിയിൽ അടങ്ങിയിരിക്കുന്ന ലൈക്കോപ്പീൻ പ്രോസ്റ്റേറ്റ്, ശ്വാസകോശ, ഉദര അർബുദ രോഗങ്ങൾ എന്നിവ കുറയ്ക്കാൻ സഹായിക്കുമെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു. 

വെബ്ദുനിയ വായിക്കുക