മമ്മൂട്ടിയുടെ ഭക്ഷണശീലങ്ങള്‍, ശരീരഭംഗി കാത്തുസൂക്ഷിക്കുന്നതിന്‍റെ രഹസ്യങ്ങള്‍ !

നിഷ മേനോന്‍

ശനി, 18 ജനുവരി 2020 (15:12 IST)
എത്ര ബുദ്ധിമുട്ടുള്ള ആക്ഷന്‍ സീക്വന്‍സും മമ്മൂട്ടിയോടൊന്ന് പറഞ്ഞുനോക്കൂ. പരമാവധി ഡ്യൂപ്പിനെ ഉപയോഗിക്കാതെ സ്വയം എങ്ങനെ ചെയ്യാം എന്നതിനെക്കുറിച്ചായിരിക്കും അദ്ദേഹം ആലോചിക്കുക. അതുകൊണ്ടാണ് മമ്മൂട്ടിയുടെ സിനിമകളിലെ ആക്ഷന്‍ രംഗങ്ങള്‍ക്ക് ഇത്രയും സ്വാഭാവികത കൈവരുന്നത്.
 
ഏത് റിസ്കുള്ള സ്റ്റണ്ട് രംഗവും കൈകാര്യം ചെയ്യാന്‍ പ്രാപ്തമായ ശരീരമാണ് മെഗാസ്റ്റാറിന്‍റേത്. അത് അദ്ദേഹത്തിന്‍റെ ദിനചര്യയുടെ ഗുണമാണ്. വെറുതെ വാരിവലിച്ച് ആഹാരം കഴിക്കുന്ന രീതി മമ്മൂട്ടിക്കില്ല. എല്ലാ ആഹാരത്തിനും ഒരു കണക്കുണ്ട്.
 
പിന്നെ, എവിടെ യാത്ര ചെയ്യുമ്പോഴും തന്‍റെ കുക്കിനെ കൂടെക്കൂട്ടാന്‍ മമ്മൂട്ടി ശ്രദ്ധിക്കാറുണ്ട്. പുറത്തുനിന്നുള്ള ഭക്ഷണം പരമാവധി ഒഴിവാക്കുകയാണ് പതിവ്‌. അതിനാണ് കൂടെ എപ്പോഴും കുക്കിനെ കൊണ്ടുനടക്കുന്നത്.
 
ഏത് കാര്യത്തിലും മമ്മൂട്ടി കോംപ്രമൈസ് ചെയ്യും, തന്‍റെ ആരോഗ്യത്തിന്‍റെ കാര്യത്തില്‍ ഒഴിച്ച് എന്നൊരു പറച്ചില്‍ തന്നെയുണ്ട് സിനിമാ ഇന്‍ഡസ്ട്രിയില്‍. ദിവസവും ഏറ്റവും കുറഞ്ഞത് അരമണിക്കൂര്‍ വ്യായാമം ചെയ്യുന്നത് അദ്ദേഹം മുടക്കാറില്ല. സ്ഥിരമായ ഈ വ്യായാമശീലം കൊണ്ടുതന്നെയാണ് മെഗാസ്റ്റാര്‍ എപ്പോഴും ഫിറ്റ് ആയിരിക്കുന്നത്. എവിടെപ്പോയാലും ആകര്‍ഷണകേന്ദ്രമായി തുടരുന്നത്.
 
ഒരു ചപ്പാത്തിയും ഒരു ചെറിയ ബൌള്‍ ചോറുമാണ് അദ്ദേഹത്തിന്‍റെ ഒരു ദിവസത്തെ പ്രധാന ഭക്ഷണം. ജങ്ക് ഫുഡിനോടും കാര്‍ബോ ഹൈഡ്രേറ്റ് ഒരുപാടുള്ള ആഹാരത്തോടും പണ്ടേ മമ്മൂട്ടി നോ പറഞ്ഞതാണ്. അഞ്ചുമുതല്‍ 10 വരെ വയസുള്ള ഒരു കുട്ടി കഴിക്കുന്ന ആഹാരമാണ് മമ്മൂട്ടി കഴിക്കാറ്‌!

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍