നിങ്ങൾക്ക് യൂറിക് ആസിഡ് ഉണ്ടോ എന്ന് എങ്ങനെ അറിയാം?

നിഹാരിക കെ.എസ്

വെള്ളി, 9 മെയ് 2025 (10:07 IST)
അടുത്ത കാലത്തായി പലരിലും കണ്ടുവരുന്ന ഒരു പ്രശ്നമാണ് ഉയർന്ന യൂറിക് ആസിഡ്. രക്തത്തിൽ യൂറിക് ആസിഡിന്റെ അളവ് കൂടുന്നതാണ് ഇതിന് കാരണം. കൃത്യ സമയത്ത് ചികിത്സിച്ചില്ലെങ്കിൽ ഇത് വൃക്കകളെ ബാധിക്കും. ധാരാളം വെള്ളം കുടിക്കുക, ആരോഗ്യകരമായ ഭക്ഷണം കഴിക്കുക, വ്യായാമം ചെയ്യുക, പുകവലിയും മദ്യപാനവും ഒഴിവാക്കുക, രക്തത്തിലെ പഞ്ചസാരയുടെ അളവും രക്തസമ്മർദ്ദവും നിയന്ത്രിക്കുക എന്നിവയാണ് ഈ പ്രശ്നം വരാതിരിക്കാനുള്ള പ്രധാന വഴികൾ.
 
ഉയർന്ന യൂറിക് ആസിഡ് നിങ്ങളുടെ സന്ധികളിൽ ചെറിയ ക്രിസ്റ്റലുകൾ ഉണ്ടാക്കുകയും, ഇത് നീർക്കെട്ടിന് കാരണമാകുകയും ചെയ്യും. സന്ധികളിൽ വേദന, ഇറുക്കം, ചെറിയ നീർക്കെട്ട് എന്നിവ ഉണ്ടെങ്കിൽ ഡോക്ടറെ കാണുക. പലപ്പോഴും കാൽവിരലുകളിലാണ് ഇത് ആദ്യം അനുഭവപ്പെടുന്നത്. ഈ ലക്ഷണങ്ങൾ അവഗണിക്കാൻ പാടില്ല. വിദഗ്ധ ചികിത്സ തേടുക. 
 
കൂടുതൽ യൂറിക് ആസിഡ് വൃക്കകളെ ബാധിക്കുന്നതിനാൽ മൂത്രമൊഴിക്കാൻ കൂടുതൽ തവണ പോകേണ്ടി വരും. കൂടുതൽ വെള്ളം കുടിക്കുന്നതും ഇതിന് കാരണമാകാം. എന്നാൽ മൂത്രത്തിന് ദുർഗന്ധം, മൂത്രത്തിൽ രക്തം എന്നിവ കണ്ടാൽ ശ്രദ്ധിക്കണം. ഇത് കിഡ്നി സ്റ്റോൺ ഉണ്ടാകുന്നതിലേക്ക് നയിക്കുന്നു. വൃക്കകളെ സംരക്ഷിക്കാൻ ദിവസവും ധാരാളം വെള്ളം കുടിക്കുക. ഇത് മാലിന്യം പുറന്തള്ളാൻ സഹായിക്കുന്നു. പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, കൊഴുപ്പില്ലാത്ത പ്രോട്ടീനുകള്‍ എന്നിവ അടങ്ങിയ സമീകൃതാഹാരം കഴിക്കുക. പ്രമേഹവും രക്തസമ്മർദ്ദവും വൃക്കകളെ തകരാറിലാക്കുന്ന പ്രധാന കാരണങ്ങളാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍