വെള്ളമിറങ്ങിത്തുടങ്ങുന്നു; വീടും പരിസരവും എങ്ങനെ ശുദ്ധീകരിക്കാം?

വെള്ളി, 17 ഓഗസ്റ്റ് 2018 (10:31 IST)
കനത്തമഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കം ചിലയിടങ്ങളിൽ വൻ നാശനഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. നിർത്താതെ പെയ്ത മഴയ്ക്ക് കുറച്ച് ശമനം ഉണ്ടായിരിക്കുകയാണ്. വെള്ളക്കെട്ടിറങ്ങി തുടങ്ങിയതോടെ ആളുകൾ വീടുകളിലേക്ക്​ തിരിച്ചു പോകാനുള്ള ഒരുക്കത്തിലാണല്ലോ. എന്നാൽ പ്രളയത്തിൽ മലീമസമായ വീടും പരിസരവും കിണറുമെല്ലാം എങ്ങനെ ശുചീകരിക്കും എന്നതിനെ കുറിച്ച്​ ആളുകൾക്ക് ആശങ്ക കാണും. 
 
ഫലപ്രദമായ ശുചീകരണത്തിനുള്ള വഴികൾ നിർദേശിച്ചിരിക്കുകയാണ്​ വയനാട്​ ജില്ല ആശുപത്രി സൂപ്രണ്ട്  ഡോ. വി. ജിതേഷ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ജിതേഷ് തന്റെ നിർദേശങ്ങൾ മുന്നോട്ട് വെച്ചിരിക്കുന്നത്. പോസ്റ്റിന്റെ പൂർണരൂപം:
 
വെള്ളപ്പൊക്കത്തിനു ശേഷം ഉള്ള ആരോഗ്യ നിര്‍ദേശങ്ങള്‍
 
വെള്ളം ഇറങ്ങി തുടങ്ങിയതോടെ ആളുകള്‍ വീടുകളിലേക്ക് തിരിച്ചു പോകാന്‍ ഉള്ള ശ്രമങ്ങള്‍ തുടങ്ങി. അതോടു കൂടി ഏറ്റവും കൂടുതല്‍ ആളുകള്‍ വിളിച്ചു അന്വേഷിച്ചത് വീട് വൃത്തി ആക്കാന്‍ ഡെറ്റോള്‍ കിട്ടുമോ എന്നത് ആണ്. ഡെറ്റോള്‍ എന്നത് മണം കൊണ്ട് നല്ലത് ആണെങ്കിലും ശക്തം ആയ ഒരു അണുനശീകരണ ഉപാധി അല്ല എന്ന് നാം തിരിച്ചറിയണം. അല്‍പം ദുര്‍ഗന്ധം ഉണ്ടെങ്കിലും, വെള്ളപൊക്കത്തിനു ശേഷം ജലം ശുദ്ധീകരിക്കാനും, വീടുകള്‍ അണു വിമുക്തം ആക്കാനും ഏറ്റവും നല്ല മാര്‍ഗം ക്ലോറിനേഷന്‍ തന്നെ ആണ്. ബ്ലീച്ചിംഗ് പൌഡര്‍ ഉപയോഗിച്ച് വീടുകളില്‍ തന്നെ എങ്ങിനെ അണുനശീകരണം നടത്താം എന്ന് ചുവടെ വിവരിക്കുന്നു.
 
*കിണറിലെ വെള്ളം ശുദ്ധീകരിക്കുന്ന രീതി*
 
1. സാധാരണ വാങ്ങാന്‍ ലഭിക്കുന്ന ബ്ലീച്ചിംഗ് പൌഡറില്‍ 30 മുതല്‍ 40 ശതമാനം വരെ ആണ് ക്ലോറിന്‍റെ അളവ്. 33% ക്ലോറിന്‍ ഉണ്ട് എന്ന നിഗമനത്തില്‍ ആണ് ഇനി പറയുന്ന അളവുകള്‍ നിര്‍ദേശിക്കുന്നത്. 
 
2. കിണറിലെ വെള്ളത്തിന്‍റെ അളവ് ആദ്യം നമ്മള്‍ കണക്കാക്കണം. അതിനു ആദ്യം കിണറിന്‍റെ വ്യാസം മീറ്ററില്‍ കണക്കാക്കുക (D). തുടര്‍ന്ന് ബക്കറ്റ് കിണറിന്‍റെ ഏറ്റവും അടിയില്‍ വരെ ഇറക്കി നിലവില്‍ ഉള്ള വെള്ളത്തിന്‍റെ ആഴം മീറ്ററില്‍ കണക്കാക്കുക (H)
വെള്ളത്തിന്‍റെ അളവ് = 3.14 x D x D x H x 250 ലിറ്റര്‍
 
3. സാധാരണ ക്ലോറിനേഷന്‍ നടത്താന്‍ 1000 ലിറ്ററിന് 2.5 ഗ്രാം ബ്ലീച്ചിംഗ് പൌഡര്‍ ആണ് ആവശ്യം വരിക. എന്നാല്‍ വെള്ളപ്പൊക്കത്തിനു ശേഷം വെള്ളം അതീവ മലിനം ആയിരിക്കും എന്നത് കൊണ്ട് സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തേണ്ടതുണ്ട്. ഇതിനായി 1000 ലിറ്ററിന് 5 ഗ്രാം (ഏകദേശം ഒരു ടീസ്പൂണ്‍ കൂമ്പാരം ആയി) ബ്ലീച്ചിംഗ് പൌഡര്‍ ആണ് ആവശ്യം. 
 
4. വെള്ളത്തിന്‍റെ അളവ് വച്ച് ആവശ്യം ആയ ബ്ലീച്ചിംഗ് പൌഡര്‍ ഒരു പ്ലാസ്റ്റിക്‌ ബക്കറ്റില്‍ എടുക്കുക. ഇതില്‍ അല്പം വെള്ളം ചേര്‍ത്ത് കുഴമ്പ് പരുവത്തില്‍ ആക്കുക. നന്നായി കുഴമ്പ് ആയ ശേഷം ബക്കറിന്‍റെ മുക്കാല്‍ ഭാഗം വെള്ളം ഒഴിച്ച് ഇളക്കുക. ശേഷം ബക്കറ്റ് 10 മിനിറ്റ് അനക്കാതെ വെക്കുക
 
5. 10 മിനിറ്റ് കഴിയുമ്പോള്‍ ലായനിയിലെ ചുണ്ണാമ്പ് അടിയില്‍ അടിയും. മുകളില്‍ ഉള്ള വെള്ളത്തില്‍ ക്ലോറിന്‍ ലയിച്ചു ചേര്‍ന്നിരിക്കും. വെള്ളം കോരുന്ന ബക്കറ്റിലേക്ക് ഈ തെളി ഒഴിച്ച ശേഷം ബക്കറ്റ് കിണറിന്‍റെ ഏറ്റവും അടിയിലേക്ക് ഇറക്കി പൊക്കുകയും താഴ്ത്തുകയും ചെയ്തു വെള്ളത്തില്‍ ക്ലോറിന്‍ ലായനി നന്നായി കലര്‍ത്തുക. 
 
6. 1 മണിക്കൂര്‍ സമയം വെള്ളം അനക്കാതെ വച്ച ശേഷം കിണറിലെ വെള്ളം ഉപയോഗിച്ച് തുടങ്ങാം.
 
*വീടിന്‍റെ തറയും പരിസരവും വൃത്തിയാക്കുന്ന രീതി*
 
1. പരിസരം വൃത്തി ആക്കാന്‍ പലരും ബ്ലീച്ചിംഗ് പൌഡര്‍ വിതറുന്നത് കാണാം. ഇത് കൊണ്ട് പരിസരം അനു വിമുക്തം ആക്കാന്‍ സാധികില്ല. 
 
2. 1% ക്ലോറിന്‍ ലായനി തയ്യാറാകുന്ന വിധം: 6 ടീ സ്പൂണ്‍ ബ്ലീച്ചിംഗ് പൌഡര്‍ എടുത്തു കുഴമ്പ് പരുവത്തില്‍ ആക്കുക. അതിനു ശേഷം അതിലേക്കു 1 ലിറ്റര്‍ വെള്ളം ചേര്‍ക്കുക. മുകളില്‍ പറഞ്ഞ പോലെ കലക്കി 10 മിനിറ്റ് വച്ച ശേഷം, അതിന്‍റെ തെളി എടുത്തു വേണം തറ തുടക്കാനും, പരിസരത്ത് ഒഴിക്കാനും. കൂടുതല്‍ ആവശ്യം എങ്കില്‍ ഒരു ലിറ്ററിന് 6 ടീസ്പൂണ്‍ എന്നാ കണക്കിന് ലായനി തയ്യാറാക്കാം. 
 
3. നിലം തുടച്ച ശേഷം / വീട്ടു പരിസരത്ത് ക്ലോറിന്‍ ലായനി ഒഴിച്ച ശേഷം ചുരുങ്ങിയത് 20 – 30 മിനിറ്റ് സമ്പര്‍ക്കം ലഭിച്ചാല്‍ മാത്രമേ അണു നശീകരണം കൃത്യമായി നടക്കൂ. അതിനാല്‍ അത്രയും സമയം വരെ തറ തുടക്കുവാനോ വെള്ളം ഒഴിക്കുവാണോ പാടില്ല.
 
4. അര മണിക്കൂറിനു ശേഷം മണം ഉള്ള മറ്റു ലായനികള്‍ ഉപയോഗിച്ച് തറ വൃത്തി ആക്കി ക്ലോറിന്‍ മണം മാറ്റാം.
 
വെള്ളപ്പൊക്കം മാറി ആളുകള്‍ വീടുകളിലേക്ക് തിരിച്ചു പോയി തുടങ്ങുമ്പോള്‍ ഉണ്ടാകാവുന്ന ആരോഗ്യ പ്രശ്നങ്ങള്‍ നിരവധി ആണ്:
 
1. പാമ്പ് കടി, പരിക്കുകള്‍ മുതലായവ
2. ജല ജന്യ രോഗങ്ങള്‍ (വയറിളക്കം, കോളറ, ടൈഫോയിഡ്, മഞ്ഞപ്പിത്തം, അതിസാരം, മുതലായവ)
3. ജന്തു ജന്യ രോഗങ്ങള്‍ (വയനാട്ടിലെ സാഹചര്യത്തില്‍ എലിപ്പനി ആണ് ഏറ്റവും പ്രധാനം)
4. കൊതുക് ജന്യ രോഗങ്ങള്‍ (ഡെങ്കി പനി, മലേറിയ, മുതലായവ)
5. മലിന ജലവും ആയി സമ്പര്‍ക്കം മൂലം ഉണ്ടാകുന്ന രോഗങ്ങള്‍ (ത്വക് രോഗങ്ങള്‍, കണ്ണ്, ചെവി, തൊണ്ട എന്നിവയിലെ അണുബാധകള്‍)
 
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
 
1. പാമ്പ് കടി
 
• കടി ഏറ്റ ആളെ സമാധാനിപ്പിക്കുക. പേടിക്കുന്നത് വിഷം വേഗം രക്തത്തില്‍ കലരാന്‍ വഴി വക്കും.
• കടിയേറ്റ വ്യക്തിയെ കിടത്തുക. കടിയേറ്റ കൈ / കാല്‍ ഇളകാതിരിക്കാന്‍ sling / splint ഉപയോഗിക്കുക. Sling (തുണി / ബാണ്ടേജ് ഉപയോഗിച്ച് കൈ കഴുത്തില്‍ നിന്നും തൂക്കി ഇടുക.) Splint (സ്കെയില്‍ / പലക പോലുള്ള ഉറപ്പുള്ള സാധനം കാല്‍ / കയ്യോടു ചേര്‍ത്ത് വച്ച് വീതി ഉള്ള തുണി കൊണ്ട് ചുറ്റി ഇളകുന്നത് ഒഴിവാക്കുക) 
• മുറിവായയില്‍ അമര്‍ത്തുകയോ / തടവുകയോ / മുറിവ് വലുതാക്കുകയോ ചെയ്യരുത്. 
• രോഗിയെ നടത്തിക്കാതെ ഉറപ്പുള്ള ഒരു പ്രതലത്തില്‍ (പലക, സ്ട്രെച്ചര്‍, മുതലായവ) കിടത്തി ഉടനെ ആശുപത്രിയില്‍ എത്തിക്കുക.
• വിഷവൈദ്യം, പച്ച മരുന്ന് തുടങ്ങിയവ ചെയ്തു സമയം കളയുന്നത് രോഗിയുടെ ജീവന് ആപത്തു ആണ്. എത്രയും പെട്ടെന്ന് ആശുപത്രിയില്‍ എത്തിക്കുക. കടിച്ച പാമ്പ് വിഷം ഉള്ളത് ആണോ എന്ന് അറിയാന്‍ ആശുപത്രിയില്‍ പരിശോധനകള്‍ ലഭ്യം ആണ്
• കടിച്ച പാമ്പിനെ തിരഞ്ഞു സമയം കളയേണ്ടതില്ല. പാമ്പിനെ കിട്ടുന്നത് ചികിത്സയില്‍ കാര്യം ആയ മാറ്റങ്ങള്‍ ഉണ്ടാക്കില്ല. 
 
2. ജല ജന്യ രോഗങ്ങള്‍
 
• തിളപ്പിച്ച വെള്ളം മാത്രം കുടിക്കുക
• എല്ലാ വെള്ളവും വെള്ളപ്പൊക്കത്തില്‍ മലിനം ആകും എന്നത് കൊണ്ട് കിണര്‍ വെള്ളം ബ്ലീച്ചിംഗ് പൌഡര്‍ ഉപയോഗിച്ച് സൂപ്പര്‍ ക്ലോരിനെയിറ്റു ചെയ്യുക. (നന്നായി ക്ലോരിനെറ്റു ചെയ്യ്യുക ആണെങ്കില്‍ കിണറിലെ വെള്ളം വറ്റിച്ചു കളയേണ്ട ആവശ്യം ഇല്ല)
• സാധാരണയില്‍ നിന്നും വ്യത്യസ്തം ആയി വെള്ളപ്പൊക്കത്തിനു ശേഷം കുടിക്കുന്ന വെള്ളം മാത്രം ശുദ്ധീകരിച്ചാല്‍ മതിയാകില്ല. പാത്രം കഴുകുന്ന വെള്ളം, പച്ചക്കറികള്‍ കഴുക്കുന്ന വെള്ളം ഒക്കെ ശുദ്ധം ആകണം. ഇതിനായി ക്ലോറിന്‍ ടാബ്ലറ്റ് ബക്കറ്റിലെ വെള്ളത്തില്‍ നിക്ഷേപിക്കാം.
• ഭക്ഷണത്തിന് മുന്‍പും, കക്കൂസില്‍ പോയ ശേഷവും കൈകള്‍ നിര്‍ബന്ധം ആയും സോപ്പിട്ടു കഴുകുക.
• ഭക്ഷണം പാചകം ചെയ്യും മുന്‍പും കൈകള്‍ നന്നായി സോപ്പിട്ടു കഴുകണം
• 6 മാസത്തില്‍ താഴെ പ്രായം ഉള്ള കുട്ടികള്‍ക്ക് മുലപ്പാല്‍ മാതരം നല്‍കുക. 6 മാസം കഴിഞ്ഞ കുട്ടികള്‍ക്ക് വെള്ളത്തിന്‌ പകരം പരമാവധി മുലപ്പാല്‍ തന്നെ കൊടുക്കുക. ആവശ്യാനുസരണം വെള്ളം കൊടുക്കുമ്പോള്‍ നന്നായി തിളപ്പിച്ച വെള്ളം ആണെന്ന് ഉറപ്പു വരുത്തുക. കുട്ടികള്‍ക്ക് ആണ് വെള്ളത്തിലൂടെ രോഗങ്ങള്‍ പകരാന്‍ ഏറ്റവും കൂടുതല്‍ സാധ്യത. 
• വയറിളക്കം വന്നാല്‍ ഒ.ആര്‍.എസ് ലായനി തയ്യാറാകി കുടിപ്പിക്കുക. കൂടെ ഉപ്പിട്ട കഞ്ഞി വെള്ളവും കൂടുതല്‍ ആയി നല്‍കുക. 
• വയറിളക്കം ബാധിച്ചാല്‍ ഭക്ഷണവും, വെള്ളവും കൂടുതല്‍ ആയി നല്‍കേണ്ടതുണ്ട്.
• നിര്‍ജലീകരണത്തിന്റെ ലക്ഷണങ്ങള്‍ (വര്‍ദ്ധിച്ച ദാഹം, ഉണങ്ങിയ നാവും ചുണ്ടുകളും, വരണ്ട തൊലി, മയക്കം, മൂത്രം കുറവ്, കടുത്ത മഞ്ഞ നിറത്തില്‍ മൂത്രം, മുതലായവ) കണ്ടാല്‍ ഉടനെ ആശുപത്രിയില്‍ എത്തിക്കുക. 
 
3. എലിപ്പനി
 
• എലിപ്പനി എന്ന പേര് ഉണ്ടെങ്കിലും വയനാട്ടില്‍ കന്നുകാലികള്‍, നായ്ക്കള്‍ എന്നിവ ആണ് ഏറ്റവും കൂടുതല്‍ എലിപ്പനിക്കു കാരണം ആകുന്നതു എന്ന് ഓര്‍ക്കുക
• അതിനാല്‍ തന്നെ ഇവയുടെ മൂത്രം കൊണ്ട് മലിനം ആകാന്‍ സാധ്യത ഉള്ള വെള്ളവും ആയി സമ്പര്‍ക്കം പരമാവധി ഒഴിവാക്കണം. 
• തൊഴുത്തുകള്‍, നയ്ക്കൂടുകള്‍ എന്നിവ വൃത്തി ആക്കുമ്പോള്‍ ഗം ബൂട്ടുകള്‍, കട്ടി ഉള്ള കയ്യുറകള്‍ എന്നിവ ഉപയോഗിക്കുക.
• കൈകാലുകളില്‍ മുറിവുകള്‍ ഉള്ളവര്‍ പരമാവധി മലിന ജലവും ആയി സമ്പര്‍ക്കം ഒഴിവാക്കുക
• അഴുക്കു വെള്ളത്തില്‍ ഇറങ്ങുമ്പോള്‍ ഗം ബൂട്ടും, കയ്യുറയും നിര്‍ബന്ധം ആയതും ഉപയോഗിക്കുക. 
• മലിന ജലത്തില്‍ ജോലി ചെയ്യുന്നവരും, ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെ ഭാഗം ആയി ശുചീകരണ പ്രവൃത്തിയില്‍ ഏര്‍പ്പെടുന്നവരും നിര്‍ബന്ധം ആയും എലിപ്പനിക്കെതിരെ പ്രതിരോധ ഗുളിക (ഡോക്സിസൈക്ലിന്‍ 200 മില്ലിഗ്രാം ആഴ്ചയില്‍ ഒന്ന് വീതം). ഗുളികകള്‍ സൌജന്യം ആയി ആരോഗ്യ പ്രവര്‍ത്തകര്‍ നല്‍കും. 
 
4. കൊതുക് ജന്യ രോഗങ്ങള്‍
 
• ഇവ രണ്ടാം ഘട്ടത്തില്‍ വരുന്ന രോഗങ്ങള്‍ ആണ്. വെള്ളം മുഴുവന്‍ ഒഴുകി പോയ ശേഷം പല സ്ഥലങ്ങളില്‍ ആയി കെട്ടി നില്‍ക്കാന്‍ സാധ്യത ഉള്ള സ്ഥലങ്ങള്‍ കണ്ടെത്തി വെള്ളക്കെട്ടുകള്‍ ഒഴിവാക്കണം.
• ഇത്തരം വെള്ളക്കെട്ടുകളില്‍ നിന്ന് ഒരാഴ്ച കൊണ്ട് കൊതുകുകള്‍ വിരിഞ്ഞു ഇറങ്ങുകയും രോഗങ്ങള്‍ പരത്തുകയും ചെയ്യും. അതിനാല്‍ ഇത്തരം വെള്ളക്കെട്ടുകള്‍ ഇല്ലാതെ നോക്കണം
• ഈഡിസ് കൊതുക് ഒരു ടീസ്പൂണ്‍ വെള്ളത്തില്‍ പോലും മുട്ട ഇടും എന്നത് കൊണ്ടി ഡെങ്കി പനി പടരാന്‍ രണ്ടാമത്തെയും മൂന്നാമത്തെയും ആഴ്ച സാധ്യത കൂടുതല്‍ ആണ്. വീടും പരിസരവും അരിച്ചു പെറുക്കി അല്പം പോലും വെള്ളം കെട്ടി നില്കുന്നില്ല എന്ന് ഉറപ്പു വരുത്തണം. 
 
5. ത്വക് രോഗങ്ങൾ
 
• കഴിയുന്നതും തൊലി ഉണക്കി വെക്കാന്‍ ശ്രദ്ധിക്കുക. 
• വളം കടി പോലുള്ള രോഗങ്ങള്‍ കണ്ടാല്‍ കൈകാലുകള്‍ എപ്പോഴും ഉണക്കി സൂക്ഷിക്കുക. വലം കടി ഉള്ള സ്ഥലങ്ങളില്‍ ജെന്ഷന്‍ വയലറ്റ് പുരട്ടുക. ആവശ്യം എങ്കില്‍ ഡോക്ടറെ കാണിക്കുക.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍