ആരു പറഞ്ഞു തലച്ചോറിന്റെ 10% മാത്രമേ ഉപയോഗിക്കുന്നുള്ളൂവെന്ന്; എങ്കില്‍ ആ പറഞ്ഞത് കള്ളമാണ്; മസ്തിഷ്കം പ്രവര്‍ത്തിക്കുന്ന രീതി അങ്ങനെയല്ല, ഇങ്ങനെയാണ്

തിങ്കള്‍, 21 നവം‌ബര്‍ 2016 (15:57 IST)
മനുഷ്യന്‍ തലച്ചോറിന്റെ 10 ശതമാനം മാത്രമാണ് ഉപയോഗിക്കുന്നതെന്ന് എപ്പോഴേങ്കിലും നിങ്ങള്‍ കേട്ടിട്ടുണ്ടോ? അത് വിശ്വസിച്ചിട്ടുണ്ടെങ്കില്‍ നിങ്ങള്‍ വിശ്വസിക്കുന്നത് ഒരു വലിയ കളവാണ്. കാരണം, സത്യം അതല്ല എന്നതു തന്നെ. മനുഷ്യന്‍ അവരുടെ തലച്ചോറിന്റെ 100 ശതമാനവും പ്രവര്‍ത്തിപ്പിക്കുന്നുണ്ട്; ഒരു കാര്യത്തിനല്ലെങ്കില്‍ മറ്റൊരു കാര്യത്തിന്. വികാരങ്ങളെയും ബുദ്ധിശക്തിയെയും നിയന്ത്രിക്കുന്ന തലച്ചോര്‍ നിസ്സാരക്കാരനല്ല. പത്തു ശതമാനത്തിന്റെ കണക്കും പറഞ്ഞ് ആരെങ്കിലും വന്നാല്‍ കണ്ണും പൂട്ടി ഓടിക്കാന്‍ മടിക്കണ്ട. കാരണം,  അത് കള്ളമാണ് എന്നത് മാത്രമല്ല അതും പറഞ്ഞ് ബിസിനസ് നടത്തുന്ന കള്ളന്മാരും ലോകത്തുണ്ട് എന്നതു തന്നെ.
 
തലച്ചോറിന്റെ ഓരോ ഭാഗത്തിനും ഓരോ ധര്‍മ്മമുണ്ട്. അതുകൊണ്ട് 10 % മാത്രമാണ് പ്രവര്‍ത്തിക്കുന്നതെന്നും 90% പ്രവര്‍ത്തിക്കുന്നില്ലെന്നും പറയുന്നത് ശരിയല്ല. നമ്മുടെ തലച്ചോറിന്റെ ഓരോ ഭാഗത്തിനും ഓരോ ധര്‍മ്മമുണ്ട്. അത് കൂട്ടായി പ്രവര്‍ത്തിക്കുമ്പോളാണ് മനുഷ്യന്റെ ചിന്തയും ബുദ്ധിയും വികാരങ്ങളും വിചാരങ്ങളും എല്ലാം സംഗമിക്കുന്നത്. നമ്മള്‍ ചെയ്യുന്ന ഓരോ പ്രവൃത്തിയും നമ്മുടെ മസ്തിഷ്കത്തെയും ബാധിക്കാറുണ്ട്. 
 
ഉദാഹരണത്തിന്, തമാശകള്‍ കേട്ട് നാമെല്ലാം പൊട്ടിച്ചിരിക്കാറുണ്ട്. മസ്‌തിഷ്കത്തിലെ അഞ്ച് ഭാഗങ്ങളുടെ ഏകീകരിച്ച പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് ഇങ്ങനെ ചിരിക്കാന്‍ കഴിയുന്നത്. ചിരി എന്നത് വളരെ ലളിതമായ പ്രവൃത്തിയാണെങ്കിലും തലച്ചോര്‍ അതിനു വേണ്ടി കുറച്ച് അദ്ധ്വാനിക്കുന്നുണ്ട്. അതായത്, 10% മസ്തിഷ്കം മാത്രമല്ല പ്രവര്‍ത്തിക്കുന്നത് എന്ന് ചുരുക്കം.
 
മസ്തിഷ്‌കത്തെ സഹായിക്കുന്ന വേറെയും ചില കാര്യങ്ങള്‍ ഉണ്ട്. കുട്ടികളോട് സംസാരിക്കുന്നതും ഉറക്കെ വായിക്കുന്നതും തലച്ചോറിന്റെ വികാസത്തിന് സഹായിക്കും. ഗര്‍ഭധാരണത്തിന്റെ തുടക്കത്തില്‍ 250, 000 ന്യൂറോണുകളാണ് ഓരോ നിമിഷവും ഉല്പാദിപ്പിക്കുന്നത്. ഉണര്‍ന്നിരിക്കുന്ന ഒരു മനുഷ്യന്റെ തലച്ചോര്‍ 10-23 വാട്ട് വൈദ്യുതി ഉല്പാദിപ്പിക്കുന്നു.
 
അപ്പോള്‍ തലച്ചോറിന്റെ 10 ശതമാനം മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളൂ എന്ന് പറയുന്നതാരാണ്. അത് തട്ടിപ്പിന്റെ ആള്‍ക്കാരാണ്. മിഡ് ബ്രയിന്‍ ആക്‌ടിവേഷന്‍ എന്ന പേരിലാണ് തട്ടിപ്പ് എത്തുന്നത്. തലച്ചോറിന്റെ പത്തുശതമാനം മാത്രമേ ഉപയോഗിക്കുന്നുള്ളൂ എന്നും ബാക്കിഭാഗം കൂടി ഉദ്ദീപിപ്പിച്ച് ചെറിയ കുട്ടികളെ അതിബുദ്ധിമാന്മാരും അമാനുഷികശക്തി ഉള്ളവരും ആക്കുമെന്നുമാണ് ഈ തട്ടിപ്പുക്കാരുടെ വാദം.

വെബ്ദുനിയ വായിക്കുക