വാര്‍ധക്യത്തിനോട് പറഞ്ഞേക്കു ഗുഡ്ബൈ!

വ്യാഴം, 27 നവം‌ബര്‍ 2014 (11:43 IST)
മനുഷ്യന്‍ എത്രവയസുവരെയാണ് ആയുസ്? കൂടിവന്നാല്‍ 100 എന്ന് പറയാം. അപൂര്‍വ്വം ചിലര്‍ 112 വരെയൊക്കെ ജീവിച്ചിട്ടുണ്ട്. എന്നാല്‍ ഭാരതീയ ജ്യോതിഷ പ്രകാരം മനുഷ്യായുസ് 120 വര്‍ഷമാണ്. ഹൊ അത്രയും കാലം ജീവിക്കാന്‍ പറ്റിയിരുന്നെങ്കില്‍  എന്ന് ആഗ്രഹിക്കുന്നവര്‍ ലോകത്തെമ്പാടും കുറവല്ല. ഇനി 120 വര്‍ഷം യൌവ്വനത്തോടെ ജീവിച്ചാലൊ, ഏറെ സന്തോഷം അല്ലെ..

എന്നാല്‍ ഇനി അതിനായി അധികം നാള്‍ കാത്തിരിക്കേണ്ടിവരില്ല. പ്രായമാകുന്നത് തടയുന്ന മരുന്ന് റഷ്യയില്‍ കണ്ടെത്തിയതായാണ് വിവരം. ഇതിനായി കണ്ടെത്തിയ ഒരു ഗുളിക റഷ്യന്‍ ശാസ്ത്രജ്ഞര്‍ എലികളിലും മത്സ്യങ്ങളിലും നായ്ക്കളിലും പരീക്ഷിച്ചു വരികയാണ്. ഈ ഗുളിക മനുഷ്യരുടെ ശരാശരി ആയുസ്സ് 120 വര്‍ഷം വരെ ആക്കി വര്‍ധിപ്പിക്കുമെന്നാണ് ഇവര്‍ പ്രതീക്ഷിക്കുന്നത്.

പ്രായമേറല്‍ പ്രക്രിയയ്ക്ക് ആക്കം കൂട്ടുന്ന കോശങ്ങളിലെ ഊര്‍ജ്ജോല്‍പ്പാദന ഭാഗങ്ങളായ സുക്ഷ്മ കണികകളെ സ്വാധീനിക്കുന്ന പുതിയ തരം ആന്റി ഓക്‌സിഡന്റുകളാണ് ഗവേഷകര്‍ ഉപയോഗിക്കുന്നത്. ഈ സൂക്ഷമകണികകളാണ് ഹൃദയാഘാതമുണ്ടാക്കുന്നതും അല്‍ഷയ്‌മേഴ്‌സ്, പാര്‍കിന്‍സണ്‍സ് പോലുള്ള രോഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതും. മോസ്‌കോ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലാണ് ഇതു സംബന്ധിച്ച ഗവേഷണം പുരോഗമിക്കുന്നത്.

മനുഷ്യരുടെ ആയുഷ്‌കാലം 120 വര്‍ഷമായി ഉയര്‍ത്തുക എന്ന ലക്ഷ്യം കൈവരിക്കാനുള്ള മരുന്ന് സാങ്കേതികമായി സാധ്യമാണെന്ന് ഗവേഷകനായ ഡോക്ടര്‍ മാക്‌സിം സ്‌കുലഷേവ് പറയുന്നു. പ്രായമേറല്‍ പ്രക്രിയയെ വൈകിപ്പിക്കാനാകുമെന്ന് തെളിഞ്ഞിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. വയസ്സാകല്‍ പ്രക്രിയ നമുക്ക് കുറച്ചു വര്‍ഷത്തേക്കു കൂടി നീട്ടിവയ്ക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക