സര്‍ക്കാര്‍ തണലില്‍ വ്യാജമരുന്ന് വില്‍പനക്കാര്‍ വളരുന്നു: തിലകന്‍

വെള്ളി, 1 ജൂണ്‍ 2012 (16:48 IST)
PRO
അടുത്തിടെ ചില മരുന്നുകമ്പനികളുടെ ഓഫീസുകളിലും ഫാക്ടറികളിലും ഡ്രഗ്‌സ് കണ്‍‌ട്രോള്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയത് വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നല്ലോ. എന്നാല്‍ റെയ്ഡിനും മറ്റ് നടപടികള്‍ക്കും ശേഷം അത്തരം കമ്പനികള്‍ ചാനലുകളായ ചാനലുകളിലെല്ലാം, പത്രങ്ങളായ പത്രങ്ങളിലെല്ലാം തങ്ങളുടെ പരസ്യങ്ങള്‍ കൂട്ടുകയാണ് ചെയ്തത്. മലയാളത്തിലെ ചില സൂപ്പര്‍ സ്റ്റാറുകള്‍ പോലും അത്തരം മരുന്നുകള്‍ക്ക് വേണ്ടി പരസ്യത്തിനിറങ്ങുന്നു.

എന്നാല്‍, കേരളത്തില്‍ വ്യാജ മരുന്നുകള്‍ സര്‍ക്കാരിന്‍റെ തണലില്‍ വളരുകയാണെന്ന് തുറന്നടിക്കുകയാണ് നടന്‍ തിലകന്‍. “എനിക്ക് ഇടയ്‌ക്ക് ശ്വാസംമുട്ടലുണ്ട്‌. ശ്വാസതടസം ഒഴിവാക്കാന്‍ സഹായിക്കുന്ന ആയുര്‍വേദ മരുന്നുണ്ടെന്ന് പരസ്യത്തില്‍ കണ്ട്‌ ഞാനും വാങ്ങിച്ചു. രുചിച്ചു നോക്കിയപ്പോള്‍ താലീസ് പത്രാദി വടകത്തിന്‍റെ രുചി. ശ്വാസതടസത്തിനും ചുമയ്‌ക്കും നല്ലതാണത്‌. പക്ഷേ, അതിനിത്ര വിലയില്ല. ആ മരുന്ന്‌ ഭംഗിയില്‍ കുപ്പിയിലാക്കി നന്നായി പരസ്യംചെയ്‌തു വില്‍ക്കുന്നു എന്നേയുള്ളൂ. വ്യാജമരുന്നുകള്‍ ഏറെയുണ്ട്‌ വിപണിയില്‍. അത് പരിശോധിക്കാന്‍ സര്‍ക്കാരിന് സംവിധാനവുമുണ്ട്‌. എന്നാല്‍ ഇതൊന്നും ചെയ്യാതെ കൃത്രിമമരുന്ന് വില്‍ക്കുന്നവരെ വളരാന്‍ അനുവദിക്കുകയാണ്‌ സര്‍ക്കാര്‍” - മംഗളത്തിന് അനുവദിച്ച അഭിമുഖത്തില്‍ തിലകന്‍ പറയുന്നു.

“അഞ്ചാറു വര്‍ഷമായി ഹിപ്‌ ജോയിന്‍റിനു പ്രശ്‌നമാണ്‌. ഒന്നു രണ്ടു തവണ ഡോക്‌ടര്‍മാരെ കണ്ടു. ഫലമുണ്ടായില്ല. കിഴികൊണ്ട്‌ ഫലമുണ്ടാവുമെന്ന്‌ ചിലര്‍ പറഞ്ഞു. കേരളത്തിലെ ഒരു പ്രമുഖ ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സ തേടി. ഇലക്കിഴി, ഞവരക്കിഴി എന്നിവ ഒരുമാസം പരീക്ഷിച്ചു. പക്ഷേ അതിനും ഫലമുണ്ടായില്ല. 64000 രൂപ ചെലവായി. മെഡിക്ലെയിം ഉണ്ടായിരുന്നു. പക്ഷേ, അവരും എന്നെ പറ്റിച്ചു. 15000 രൂപ മാത്രമാണു തന്നത്‌. അന്വേഷിച്ചപ്പോള്‍ ഇലക്കിഴി, ഞവരക്കിഴി എന്നിവയ്‌ക്ക് കവറേജില്ലെന്നായിരുന്നു മറുപടി. ഇതൊക്കെ ഒരു തരം തട്ടിപ്പാണ്‌. ഉപ്പുതൊട്ടു കര്‍പ്പൂരം വരെ എല്ലാത്തിലും അഴിമതിയാണ്” - തിലകന്‍ വെളിപ്പെടുത്തുന്നു.

വെബ്ദുനിയ വായിക്കുക