രോഗികള്‍ക്ക് മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്ന് കിട്ടുന്നതില്‍ ഭൂരിഭാഗവും ചാത്തന്‍ മരുന്നുകളാണെന്നു വിജിലന്‍സ് കണ്ടെത്തി, ഡ്രഗ് ഇന്‍സ്പെക്ടര്‍ ഓഫീസുകളിലും മെഡിക്കല്‍ സ്റ്റോറുകളിലും വിജിലന്‍സ് പ്രത്യേക വിഭാഗം നടത്തിയ മിന്നല്‍ പരിശോധനയിലാണ് ചാത്തന്‍ മരുന്നുകളുടെ വന്‍ ശേഖരം കണ്ടെത്തിയത്. കണ്ടെടുത്തവയില്‍ പലതും നിരോധിച്ച മരുന്നുകളും അപകടകരികളുമാണ്.
ഡിവൈഎസ് പി റെജി ജേക്കബിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണു വെള്ളിയാഴ്ച മിന്നല്‍ പരിശോധന നടത്തിയത്. സര്‍ക്കാര്‍ വില്പന നിരോധിച്ച ലിലൊലെന്റ് 300 എന്ന മരുന്ന് തിരുവല്ലയിലെ ഒരു ഹോള്‍സെയില്‍ ഷോപ്പില്‍ നിന്ന് പിടിച്ചെടുത്തു. ഇതേ പോലെ തന്നെ നിരവധി നിരോധിത മരുന്നുകളും ഗുണനിലവാരമില്ലാത്ത നിരോധിത കമ്പനികളുടെ മരുന്നുകളും കണ്ടെടുത്തിട്ടുണ്ട്.
ലൈസന്‍സ് പുതുക്കാതെയും ഡ്രഗ്സ് കണ്‍ട്രോളറുടെ അനുമതിയില്ലാതെയും പ്രവര്‍ത്തിക്കുന്ന ചില മെഡിക്കല്‍ സ്‌റ്റോറുകളും പരിശോധനയില്‍ കണ്ടെത്തി. ഒരേ മരുന്നിന് പല വില ഈടാക്കുന്ന മെഡിക്കല്‍ സ്‌റ്റോറുകള്‍ക്ക് നോട്ടീസ് നല്‍കി. ഡ്രഗ് ഇന്‍സ്‌പെക്ടള്‍ ഓഫീസില്‍ നടത്തിയ പരിശോധനയില്‍ ജില്ലയിലെ മെഡിക്കല്‍ സ്‌റ്റോറുകളെ സംബന്ധിച്ചും മരുന്നുകളുടെ ശേഖരങ്ങളെ സംബന്ധിച്ചും വ്യക്തമായ രേഖകള്‍ ഇല്ലെന്നും വ്യക്തമായി.
ഇതേ തുടര്‍ന്ന് നാല് സ്‌ക്വാഡുകളായി തിരിഞ്ഞ് പരിശോധന നടത്തുകയായിരുന്നു. ജീവന്‍രക്ഷാ മരുന്നുകള്‍ വേണ്ടത്ര സുരക്ഷിതത്വമില്ലാതെ ശേഖരിച്ചവര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ട്. സംസ്ഥാന വ്യാപകമായി നടക്കുന്ന പരിശോധനയുടെ ഭാഗമായാണ് ഇന്നലെ പത്തനംതിട്ടയില്‍ മിന്നല്‍ പരിശോധന നടത്തിയത്. ശനിയാഴ്ചയും റെയ്ഡ് തുടരുകയാണ്. ജില്ലയിലെ വിവരങ്ങള്‍ എഡിജിപിക്ക് കൈമാറിയ ശേഷം നടപടികള്‍ സ്വീകരിക്കുമെന്ന് സംഘം അറിയിച്ചു.