ഒന്നാം തീയതിയായാല്‍ തൃശൂരിലെയും പരിസര പ്രദേശങ്ങളിലെയും സ്റ്റേഷനറി കടകളില്‍ തിരക്ക് ഏറുകയായി. വരുന്നവര്‍ക്കെല്ലാം വേണ്ടത് അക്ഷരങ്ങള്‍ മായ്ക്കാന്‍ ഉപയോഗിക്കുന്ന വൈറ്റ്നറാണ്. ഒന്നാം തീയതിയിലെ ‘ഡ്രൈ ഡേ’യെ മറികടക്കാന്‍ വൈറ്റ്നറടിച്ച് കിറുങ്ങാന്‍ എത്തുന്നവരാണ് സ്റ്റേഷനറി കടകളിലെ തിരക്ക് കൂട്ടുന്നത്. വൈറ്റ്നറും വൈറ്റ്നര്‍ കട്ടപിടിക്കാതിരിക്കാന്‍ ഉപയോഗിക്കുന്ന ദ്രാവകവും ചൂടാക്കി അതില്‍നിന്നു വരുന്ന പുക ശ്വസിച്ചാല്‍ ‘സൂപ്പര്‍’ ലഹരിയാണെന്ന് അനുഭവസ്ഥര്‍ പറയുന്നു.
മദ്യേതര മാര്‍ഗങ്ങളിലൂടെ ലഹരി തേടുന്നവര്‍ മെഡിക്കല്‍ ഷോപ്പിനെയും വെറുതെ വിടാറില്ല. സാധാരണയായി ചുമയുള്ളവര്‍ക്ക് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന കോറക്സ് എന്ന സിറപ്പാണ് ഇവര്‍ക്ക് വേണ്ടത്. ഒരു കുപ്പി കോറക്സ് അടിച്ചാല്‍ അരക്കുപ്പി ബ്രാന്‍ഡി കഴിച്ച ലഹരിയായി എന്നാണ് ചില പരിചയ സമ്പന്നര്‍ വെളിപ്പെടുത്തുന്നത്. കോറക്സ് ഈ രീതിയില്‍ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട് എന്ന് അറിഞ്ഞതിനെ തുടര്‍ന്ന് കുറിപ്പടി ഉള്ളവര്‍ക്ക് മാത്രമേ കോറക്സ് നല്‍കേണ്ടതുള്ളൂ എന്ന നിലപാട് എടുത്തിരിക്കുകയാണ് തൃശൂര്‍ ജില്ലയിലെ മെഡിക്കല്‍ ഷോപ്പുകള്‍.
സംസ്ഥാനത്ത് എല്ലായിടത്തും ഇത്തരം ഇതര മാര്‍ഗങ്ങള്‍ ചിലര്‍ ഉപയോഗപ്പെടുത്തുന്നുണ്ട് എങ്കിലും തൃശൂര്‍ ജില്ലയിലാണ് ഇവയുടെ വിപുലമായ ഉപയോഗം കണ്ടുവരുന്നത്. കൊളേജ് വിദ്യാര്‍ത്ഥികളും ഇത്തരം മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. വൈറ്റ്നറും മിശ്രിതവും ചൂടാക്കി ശ്വസിച്ച് ലഹരി തേടുന്നവരുടെ ശ്വാസകോശം അധികം താമസിയാതെ തന്നെ ‘കട്ടപ്പൊക’ ആകുമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് തരുന്നു. കോറക്സിന്റെ അമിതോപയോഗം ശരീരത്തെ അനാരോഗ്യത്തിലേക്കും രോഗത്തിലേക്കും വലിച്ചിഴക്കുമെന്ന് ഡോക്ടര്‍മാരും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
മദ്യത്തെ അപേക്ഷിച്ച് താരതമ്യേനെ വിലക്കുറവ്, ലഭ്യത എന്നിങ്ങനെയുള്ള കാരണങ്ങളാല്‍ മുന്നറിയിപ്പുകളൊക്കെ അവഗണിച്ച് ലഹരി തേടുന്നവര്‍ വൈറ്റ്നറും കോറക്സുമായി മുന്നേറുകയാണ്. എല്ലാം ഒന്നാം തീയതിയും ‘ഡ്രൈ ഡേ’ ആയി പ്രഖ്യാപിച്ച സര്‍ക്കാര്‍ തീരുമാനം ഇതര മാര്‍ഗങ്ങള്‍ പരീക്ഷിക്കാന്‍ യുവാക്കളെ പ്രേരിപ്പിക്കുവെന്നും ആരോപണം ഉയരുന്നുണ്ട്.