പോപ്കോണിന്റെ ഗുണങ്ങള്‍ പറഞ്ഞാല്‍ തീരില്ല!

തിങ്കള്‍, 26 മാര്‍ച്ച് 2012 (17:00 IST)
PRO
PRO
സിനിമ കാണാന്‍ തീയേറ്ററില്‍ കയറുമ്പോള്‍ കൊറിക്കാന്‍ പോപ്കോണ്‍ കൈയില്‍ കരുതാറില്ലേ? ഓര്‍ക്കുക, വെറും നേരം‌പോക്കിനുള്ള ‘സിനിമാ സ്നാക്’ മാത്രമല്ല അത്‍. മറ്റ് സ്നാക്കുകള്‍ക്ക് ഒരപവാദമാണ് പോപ്കോണ്‍. കാരണം നിങ്ങളുടെ ആരോഗ്യത്തിന് കോട്ടംതട്ടുന്നതൊന്നും അതില്‍ ഇല്ല. ശരീരത്തിനാവശ്യമായ ഒരുപാട് ഘടകങ്ങള്‍ അടങ്ങിയിട്ടുമുണ്ട്.

കൊഴുപ്പ് കുറഞ്ഞ, ഫൈബര്‍ ധാരാളം അടങ്ങിയ പോപ്കോണ്‍ ഒരു ഉത്തമ ആഹാരമാണെന്ന് നേരത്തെ തന്നെ കണ്ടെത്തിയിട്ടുള്ളതാണ്. എന്നാല്‍ സ്ക്രാന്‍‌ടണ്‍ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ ഇതിന്റെ കൂടുതല്‍ പ്രത്യേകതകള്‍ വിശദീകരിക്കുന്നു. പഴങ്ങളേയും പച്ചക്കറികളേയും തോല്‍‌പിക്കുന്ന ഗുണഗണങ്ങള്‍ പോപ്കോണിനുണ്ടത്രേ.

ക്യാന്‍സര്‍, ഹൃദ്രോഗം, മറവിരോഗം തുടങ്ങിയയ്ക്കുള്ള സാധ്യത കുറയ്ക്കാന്‍ പോപ്കോണിന് സാധിക്കും. അതില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകളാണ് ഇതിനായി പ്രവര്‍ത്തിക്കുന്നത്. മാത്രമല്ല, ശരീരത്തില്‍ അടിഞ്ഞുകൂടി കോശങ്ങള്‍ക്ക് കേടുവരുത്തുന്ന തന്മാത്രകളെ തുരത്താന്‍ സഹായിക്കുന്ന പോളിഫെനോല്‍‌സും പോപ്കോണിലുണ്ട്.

മറ്റ് രാസപ്രക്രിയകള്‍ക്ക് വിധേയമാക്കാതെ, നൂറുശതമാനവും ധാന്യം ഉപയോഗിച്ച് തയ്യാറാക്കുന്ന സ്നാക് ആണ് ഇത്. പ്രതിദിനം ഒരു വ്യക്തിക്ക് ആവശ്യമായ ധാന്യത്തിന്റെ 70 ശതമാനവും നല്‍കാന്‍ പോപ്കോണിന് സാധിക്കും. ധാന്യം കഴിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ ആ വിടവ് പോപ്കോണ്‍ നികത്തും എന്ന് ചുരുക്കം.

പക്ഷേ എണ്ണയില്‍ തയ്യാറാക്കുന്നു എന്നത് മാത്രമാണ് ഇതിന്റെ ഒരേയൊരു ന്യൂനത. എണ്ണ തൊടാത്ത എയര്‍ പോപ്കോണുകളാ‍ണ് ഗുണപ്രദം എന്നും ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു.

English Summary: Researchers at the University of Scranton have found that popcorn -- already known for being fibre-packed and relatively low in fat -- is packed with more health-boosting antioxidants than fruits and vegetables.

വെബ്ദുനിയ വായിക്കുക