നീലക്കടല്‍ പോലെ നിലക്കടല !

വെള്ളി, 27 ജനുവരി 2017 (15:28 IST)
നീലക്കടല്‍ പോലെയാണ് നിലക്കടല എന്നറിയാമോ? ഒരുപക്ഷേ നീലക്കടലില്‍ നിന്നായിരിക്കുമോ നിലക്കടല എന്ന വാക്കുണ്ടായത്? തമാശയാണെങ്കിലും ഈ പറഞ്ഞതില്‍ അല്‍പ്പം സത്യമുണ്ട്. നീലക്കടല്‍ പോലെ തന്നെയാണ് നിലക്കടല. നീലക്കടലില്‍ സസ്യജന്തുജാലങ്ങളുടെ സമൃദ്ധിയാണെങ്കില്‍ നിലക്കടലയില്‍ പോഷകമൂല്യത്തിന്‍റെ ധാരാളിത്തമാണ്. 
 
നിലക്കടല അഥവാ കപ്പലണ്ടി ദിവസവും നിശ്ചിത അളവില്‍ കഴിക്കുന്നത് ആരോഗ്യത്തിന് അത്യുത്തമമാണ്. ഇന്ത്യയില്‍ നിലക്കടല കൊണ്ട് അനേകം വിഭവങ്ങളാണ് ഉണ്ടാക്കുന്നത്. വൈറ്റമിനുകളും മിനറല്‍‌സും ന്യൂട്രീന്‍‌സും ആന്‍റി ഓക്സിഡന്‍റുകളുമാണ് നിലക്കടലയില്‍ ഉള്ളത്. ഇവയെല്ലാം വലിയ തോതില്‍ ഊര്‍ജ്ജദായകമാണ്.
 
നിലക്കടല ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിനെ കുറയ്ക്കുകയും നല്ല കൊളസ്ട്രോളിന്‍റെ അളവ് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഹൃദയധമനികള്‍ക്ക് കൂടുതല്‍ കരുത്ത് നല്‍കുന്നു. 
 
പ്രോട്ടീനുകളുടെ കലവറയാണ് നിലക്കടല. ഇതില്‍ അടങ്ങിയിരിക്കുന്ന അമിനോ ആസിഡ് ശരീരവളര്‍ച്ചയ്ക്ക് അത്യുത്തമമാണ്. ഹൃദയാഘാതം, നാഡീതളര്‍ച്ച, അള്‍ഷിമേഴ്സ്, ക്യാന്‍സര്‍, മറ്റ് അണുബാധകള്‍ എന്നിവയെയെല്ലാം പ്രതിരോധിക്കാനുള്ള കഴിവ് നിലക്കടലയ്ക്കുണ്ട്.
 
പക്ഷാഘാതത്തെ ചെറുക്കാനുള്ള ശേഷി നിലക്കടല കഴിക്കുന്നതിലൂടെ മനുഷ്യശരീരത്തിന് കൂടുന്നു. ചര്‍മ്മകാന്തി കൂട്ടാനും ത്വക്ക് രോഗങ്ങളില്‍ നിന്നുള്ള വിമുക്തിക്കും കപ്പലണ്ടി കഴിക്കുന്നത് നല്ലതാണ്.
 
മൂത്രാശയസംബന്ധിയായ രോഗങ്ങള്‍ക്കും ശരീരഭാരം അമിതമായി വര്‍ദ്ധിക്കുന്നതിനും നിലക്കടല കഴിക്കുന്നത് ഒരു പരിഹാരമാണ്. വന്ധ്യതാ ചികിത്സയുടെയും പ്രമേഹ ചികിത്സയുടെയും ഭാഗമായി ഡോക്‍ടര്‍മാര്‍ രോഗികളുടെ ഡയറ്റ് ചാര്‍ട്ടില്‍ നിലക്കടല ഉള്‍പ്പെടുത്താറുണ്ട്. തലമുടിയുടെ ആരോഗ്യത്തിനും നിറം നിലനിര്‍ത്താനും നിലക്കടല കഴിക്കുന്നത് സഹായകമാണ്.

വെബ്ദുനിയ വായിക്കുക