ഡ്യുവൽ പേഴ്സണാലിറ്റി അല്ലെങ്കില്‍ ദ്വന്ദ വ്യക്തിത്വം മനശാസ്ത്രപ്രകാരം ഒരു രോഗമാണ്. മനസിനെ ബാധിക്കുന്ന ഈ രോഗം ഒരു പരിധിവരെ മരുന്ന് നല്‍കി സുഖപ്പെടുത്താവുന്ന ഒന്നാണ്. കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ ദ്വന്ദ വ്യക്തിത്വമുള്ള നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് നിരവധി ചര്‍ച്ചകള്‍ ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നു. പ്രധാനമായും ചില മിത്തുകളാണ് ഇത്തരം ചര്‍ച്ചകള്‍ക്ക് കാരണം. ചിലര്‍ ഈ രോഗത്തെ മതവിശ്വാസങ്ങളുമായി ബന്ധപ്പെടുത്തി കാണാറുണ്ട്. പ്രേതബാധയെന്നും, ദൈവത്തിന്റെ ശാപമായി രോഗം ബാധിച്ചതാണെന്ന തരത്തിലടക്കം ആളുകള്‍ ഈ രോഗത്തെ നിര്‍വചിക്കുന്നു.
മണിച്ചിത്രത്താഴ് എന്ന മലയാള സിനിമയിലും പറയുന്നത് ഇത്തരമൊരു പ്രമേയമാണ്. ദ്വന്ദ വ്യക്തിത്വത്തിന്റെ കാരണം മനഃശാസ്ത്രമനുസരിച്ച് ഇതുവരെ കണ്ടെത്തിയില്ല. കൂടുതലായും കുട്ടികളില്‍ കാണപ്പെടുന്ന ഈ അസുഖം വളരെ കുറഞ്ഞ ശതമാനം മുതിര്‍ന്നവരിലും കാണുന്നു. ഒരാള്‍ ഒന്നില്‍ കൂടുതലാളുകളുടെ സ്വഭാവഗുണങ്ങള്‍ കാണിക്കുന്ന രോഗാവസ്ഥയാണ് ദ്വന്ദ വ്യക്തിത്വം. ഒരാളുടെ ചിന്തകളില്‍ സാങ്കല്‍പ്പിക കഥാപാത്രങ്ങളും അവരുടെ ചിന്തകളും കടന്നുവരുമ്പോഴാണ് ഒരാള്‍ ഈ രോഗാവസ്ഥയില്‍ എത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് നിരവധി ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെങ്കിലും വ്യക്തമായൊരു കാരണം കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.
ഇക്കഴിഞ്ഞ വര്‍ഷം ദ്വന്ദ വ്യക്തിത്വം ബാധിച്ച ഒരു സ്ത്രീയുടെ കഥ ജര്‍മനിയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മനശാസ്ത്ര വിദഗ്ദര്‍ക്ക് കൗതുകമായി പത്ത് വ്യക്തിത്വം പേറുന്ന യുവതി ഈ അവസ്ഥയിലെത്തിയതിനു കാരണം 'ഡിസ്അസോസിയേറ്റീവ് ഐഡന്റിറ്റി ഡിസോര്‍ഡര്‍' എന്ന രോഗാവസ്ഥയാണ്. കൗമാരക്കാരനായ ആണ്‍കുട്ടിയുടെ വ്യക്തിത്വം അടക്കം പത്ത് വ്യക്തിത്വങ്ങളാണ് യുവതിയെ നിയന്ത്രിക്കുന്നത്. യുവതിക്ക് ഇരുപതാം വയസില്‍ ഒരു അപകടത്തെ തുടര്‍ന്ന് കാഴ്ച നഷ്ടപ്പെട്ടതാണ്. എന്നാല്‍ മറ്റ് വ്യക്തിത്വങ്ങളിലേക്ക് പെണ്‍കുട്ടിയുടെ മനസ് കൂടുമാറ്റം നടത്തുമ്പോള്‍ കാഴ്ച തിരിച്ചു കിട്ടുന്നതായി കണ്ടെത്തി. തന്റെ സ്വന്തം വ്യക്തിത്വം അടക്കം രണ്ട് വ്യക്തിത്വങ്ങളിലാണ് കാഴ്ച ശക്തി ഇല്ലാത്തത്. സെക്കന്‍ഡുകളുടെ ഇടവേളയില്‍ വ്യക്തിത്വം മാറുന്നതിനനുസരിച്ച് കാഴ്ച ശക്തി നഷ്ടപ്പെടുകയും ചെയ്യുന്നു.
ഇത്തരത്തില്‍ ദ്വന്ദ വ്യക്തിത്വം ഉള്ളവരില്‍ ശാരീരിക മാറ്റങ്ങളും സംഭവിക്കുന്നതാണ് രോഗവുമായി ബന്ധപ്പെട്ട് വ്യക്തമായ ഒരു ധാരണയിലെത്താന്‍ ഈ രംഗത്തെ വിദഗ്ധര്‍ കഴിയാത്തത്. ചിലര്‍ രോഗചികിത്സയ്ക്കായി ആരാധനാലയങ്ങളെ സമീപിക്കുന്നതും പതിവാണ്. എന്നാല്‍ ഇത്തരം ചികിത്സകള്‍ രോഗം കുറയാന്‍ സഹായിക്കില്ലെന്ന് മനശാസ്ത്രജ്ഞര്‍ പറയുന്നു. ഓരോ രോഗിയിലും വ്യത്യസ്തമായ രോഗലക്ഷണങ്ങള്‍ കാണുന്നതും ശരിയായ ചികിത്സവിധികള്‍ നല്‍കാന്‍ കഴിയാത്തതിന് കാരണമാണ്. എന്തുതന്നെയായാലും ദ്വന്ദ വ്യക്തിത്വവുമായി ബന്ധപ്പെട്ട് ഇപ്പോഴും സജീവ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുന്നു.