നിത്യോപയോഗ സാധനങ്ങളിലെ ചില രാസവസ്തുക്കള്‍ പുരുഷന്‍മാരുടെ സന്താനോത്പാദന ശേഷിയെ ബാധിക്കുമെന്ന് പഠനങ്ങള്‍. ടൂത്ത് പേസ്റ്റുകളിലും സോപ്പുകളിലും കുട്ടികളുടെ കളിപ്പാട്ടങ്ങളിലുമൊക്കെ കാണുന്ന രാസ്പദാര്‍ഥങ്ങളാണ് വില്ലന്‍മാര്‍. ബീജങ്ങളുടെ ചലനശേഷിയെയാണ് ഈ രാസവസ്തുക്കള്‍ നശിപ്പിക്കുന്നത്. അതു മൂലം അണ്ഡത്തില്‍ നിക്ഷേപിക്കേണ്ട എന്‍സൈമുകള്‍ ബീജങ്ങള്‍ നേരത്തെ പുറപ്പെടുവിക്കുന്നു. ആദ്യമായാണ് മനുഷ്യ നിര്‍മ്മിതമായ രാസവസ്തുക്കള്‍ പുരുഷവന്ധ്യതയ്ക്ക് കാരണമാകുന്നുണ്ടെന്ന് തെളിയിച്ചിരിക്കുന്നത്.
രാസവസ്തുക്കള്‍ പുരുഷവന്ധ്യതയ്ക്ക് കാരണമാകുന്നുണ്ടെന്ന് ഉറപ്പിക്കാന്‍ കൂടുതല്‍ ക്ലിനിക്കല്‍ പരിശോധനകള്‍ ആവശ്യമാണ്. വീടുകളില്‍ സാധാരണ ഉപയോഗിക്കുന്ന 96 രാസവസ്തുക്കളില്‍ 30 എണ്ണവും ബീജത്തിലെ പ്രോട്ടീനുകളെ ബാധിക്കുന്നുണ്ട്. ബീജങ്ങളുടെ എണ്ണം കുറയുന്നതിനും ഇത് കാരണമാകുന്നുണ്ട്. ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയുമാണ് രാസവസ്തുക്കള്‍ മനുഷ്യരുടെ ശരീരത്തില്‍ പ്രവേശിക്കുന്നത്. സോപ്പുകളില്‍ നിന്നും ക്രീമുകളില്‍ നിന്നുമൊക്കെ ത്വക്കിലൂടെയും ഇത് ശരീരത്തിലെത്തുന്നുണ്ട്.
ദി ഇന്റിപ്പെന്റന്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ഗവേഷണ ഫലത്തില്‍ സാധാരണ കാണുന്ന മൂന്ന് കെമിക്കലുകളില്‍ ഒരെണ്ണം ബീജത്തിന്റെ ശക്തി കുറക്കുന്നുണ്ടെന്നാണ് പറയുന്നത്. നിരവധി രാസവസ്തുക്കള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ ഒരു കോക്ക്‌ടെയില്‍ ഇഫക്ടാണ് ഉണ്ടാകുന്നതെന്നും സൂചിപ്പിക്കുന്നുണ്ട്. ഡെന്‍മാര്‍ക്കിലെ കോപ്പന്‍ഹേഗന്‍ സര്‍വകലാശാലയിലെ പ്രൊഫസര്‍ നീല്‍സ് സ്കബെക്കാണ് ഗവേഷണം നയിച്ചത്.