ചിലപ്പോള്‍ നിങ്ങളും ഒരു വിഷാദ രോഗിയായിരിക്കാം! ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

ചൊവ്വ, 12 ഏപ്രില്‍ 2016 (16:37 IST)
മനുഷ്യ മനസുകളെ ബാധിക്കുന്ന പ്രധാന രോഗങ്ങളിലൊന്നാണ് വിഷാദം. ലോകത്ത്‌ ഏറ്റവും കൂടുതല്‍ വിഷാദ രോഗികളുള്ളത്‌ ഇന്ത്യയിലാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്‌. വിഷാദ രോഗികള്‍ ആത്മഹത്യ പ്രവണത കാണിക്കുന്നതിനാലാണ് ഈ രോഗത്തെ അപകടകരമായ രോഗങ്ങളുടെ പട്ടികയില്‍പ്പെടുത്തുന്നത്‌. മനസ്സിന്റെ ശക്തിയും ചൈതന്യവും ചോര്‍ത്തിക്കളയുന്ന ഒന്നായിട്ടാണ് പലര്‍ക്കും വിഷാദരോഗം അനുഭവപ്പെടാറുള്ളത്. 
 
പ്രമുഖ ടെലിവിഷന്‍ താരമായ പ്രത്യുഷ ബാനര്‍ജി ആത്മഹത്യ ചെയ്തതോടെ വിഷാദ രോഗത്തിനു പിന്നിലെ അപകടം കൂടുതല്‍ ചര്‍ച്ച്കള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. സുഹൃത്ത് രാഹുല്‍ രാജ് സിങുമായുള്ള പ്രണബന്ധം തകര്‍ന്നതിനേത്തുടര്‍ന്നുണ്ടായ മനസിക സംഘര്‍ഷമാണ് പ്രത്യുഷയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചത്. 
 
ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം 350 ദശലക്ഷം ആളുകള്‍ക്ക് വിഷാദ രോഗത്തിന് അടിമയാണ്. തുടക്കത്തിലേ ഇത് തിരിച്ചറിഞ്ഞ് വേണ്ട രീതിയിലുള്ള ചികിത്സ നല്‍കിയാല്‍ വിഷാദ രോഗം വളരേ എളുപ്പത്തില്‍ സുഖപ്പെടുത്താവുന്ന ഒന്നാണ്. എന്നാല്‍ വിഷാദം എങ്ങനെ തിരിച്ചറിയാം? വിഷാദരോഗികള്‍ ചില ലക്ഷണങ്ങള്‍ കാണിക്കാറുണ്ട്. അവ എന്തെല്ലാമെന്ന് നോക്കാം-
 
ഉഭയഭാവന
 
വിഷാദ രോഗത്തിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങളിലൊന്നാണ് ഉഭയഭാവന അല്ലെങ്കില്‍ ചാഞ്ചല്യമുള്ള മനസ്. ഈ അവസ്ഥയില്‍ മിക്ക സമയങ്ങളിലും നമ്മള്‍ മൌനമായിരിക്കാറാണ് പതിവ്. ഏതെങ്കിലും തരത്തിലുള്ള സന്തോഷമോ സങ്കടമോ ഉള്ളതായി നമുക്ക് അനുഭവപ്പെടില്ല. ഒരു തരത്തിലും ഉള്ള വികാരപ്രകടനങ്ങളും നമ്മള്‍ കാണിക്കില്ല. സാധാരണ അവസ്ഥയില്‍ നിന്നും മാറി നിങ്ങള്‍ തികച്ചും നിശ്ചലമായ അവസ്ഥയില്‍ ആയിരിക്കും. അതുകൊണ്ടുതന്നെ മറ്റുള്ളവര്‍ക്ക് നിങ്ങളുമായി അടുത്ത് ഇടപഴകാന്‍ പറ്റാത്ത അവസ്ഥയായിരിക്കും. 
 
 
വീണ്ടുവിചാരമില്ലാത്ത അവസ്ഥ
 
മിക്ക യുവാക്കളിലും കാണുന്ന ലക്ഷണമാണിത്. ജോലിസംബന്ധമായ കാര്യങ്ങളും അതിനൊപ്പം കളികളും ഒരുമിച്ച് വളരെ ലളിതമായി കൊണ്ടുപോകാന്‍ ചിലര്‍ക്ക് കഴിയും. ഇത്തരത്തില്‍ കാര്യങ്ങളെ ഒരുമിച്ച് കൊണ്ടുപോകുമ്പോള്‍ ചില പ്രശ്നങ്ങള്‍ നമുക്ക് അനുഭവപ്പെട്ടേക്കാം. അത്തരം പ്രശ്നങ്ങള്‍ സാധാരണഗതിയില്‍ മനസിനെ വല്ലാതെ ബാധിക്കുകയും ചെയ്യും. എന്നാല്‍ ചില ആളുകള്‍ ഇത്തരം അവസ്ഥകള്‍ വരുമ്പോള്‍ ഒരു കൂസലും ഇല്ലാതെ പെരുമാറുന്നത് കാണാം. ഇത് വിഷാദത്തിന്റെ മറ്റൊരു ലക്ഷണമാണ്. പ്രധാനമായും പ്രണയബന്ധം‍, ലഹരി, ലൈംഗിക ബന്ധം എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ഇത്തരം ആളുകള്‍ വീണ്ടുവിചാരമില്ലാതെ ഇടപെടുന്നത് കാണാം.  
 
ദിനചര്യയിലുണ്ടാകുന്ന മാറ്റം
 
വൃത്തിഹീനമായ വസ്ത്രധാരണം, കുളി, പല്ലുതേപ്പ് തുടങ്ങിയ ദിനചര്യകള്‍ താളം തെറ്റുന്നത് വിഷാദത്തിന്റെ പ്രധാന ലക്ഷണമാണ്. ഇതിന് പുറമെ വ്യക്തിപരമായ ശുചിത്വം പാലിക്കാതിരിക്കുന്നതും ഒരു ലക്ഷ്യണമാണ്.
 
പ്രതിവിധി
 
വിഷാദ രോഗങ്ങളുടെ ലക്ഷണങ്ങള്‍ നിങ്ങളില്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ ദിനചര്യയില്‍ ചില മാറ്റങ്ങള്‍ നിങ്ങള്‍ വരുത്തേണ്ടതുണ്ട്. അതില്‍ പ്രധാനമായ ഒന്നാണ് ഒരു ദിവസം നിങ്ങള്‍ എങ്ങനെ പ്ലാന്‍ ചെയ്യുന്നു എന്നത്. ഇത്തരത്തില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ നോക്കാം-
 
* ജോലി സംബന്ധമായ കാര്യങ്ങളിലും മറ്റും കൂടുതല്‍ സമയം ചിലവിടുക.
* പരമാവധി ഒറ്റയ്ക്ക് ഇരിക്കാതിരിക്കുക.
* കൂടുതല്‍ സമയം സുഹൃത്തുക്കളുമായി ചിലവിടുക.
* പുസ്തകങ്ങള്‍ വായിക്കാനും മറ്റും കൂടുതല്‍ സമയം കണ്ടെത്തുക.
* വസ്ത്രധാരണത്തില്‍ കൂടുതല്‍ ശ്രദ്ധകൊടുക്കുക.
 
കാരണങ്ങള്‍
 
വിഷാദരോഗം പാരമ്പര്യമോ, മന:ശാസ്ത്രപരമോ, ചുറ്റുപാടുകള്‍കൊണ്ടോ സംഭവിക്കുന്നതാണ്. തലച്ചോറില്‍ സംഭവിക്കുന്ന കഠിനമായ മാറ്റങ്ങളാണ് രോഗകാരണങ്ങള്‍. മനുഷ്യന്റെ എല്ലാവിധ പ്രവര്‍ത്തനങ്ങളേയും വികാര-വിചാരങ്ങളേയും തലച്ചോറാണ് നിയന്ത്രിക്കുന്നത്. ന്യൂറോണ്‍ എന്ന തലച്ചോറിലെ കോശം സ്പെഷ്യല്‍ കെമിക്കല്‍സ് ന്യൂറോ ട്രാന്‍സ്മിഷന്‍ ഉപയോഗിച്ച് സന്ദേശങ്ങള്‍ കൈമാറുന്നു. വിഷാദരോഗമുള്ളവരില്‍ ഈ 'സന്ദേശ കൈമാറല്‍' താളം തെറ്റി സംഭവിക്കുന്നു. ഇതുകൊണ്ട് തന്നെ രോഗിക്ക് കടുത്ത ഉത്കണ്ഠയും തലവേദനയുമെല്ലാം അനുഭവപ്പെട്ടേക്കാം. തികച്ചും വ്യക്തിപരവും, വൈകാരികവും, സാമൂഹികവുമായ പ്രശ്നങ്ങളായിരിക്കാം സാധാരണ നിലയില്‍ രോഗം തുടങ്ങിവെക്കുന്നത്.
 
മദ്യപാനം, പുകവലി, നിയമവിരുദ്ധ മരുന്നുകളുടെ ഉപയോഗം തുടങ്ങിയവ തലച്ചോറിന്റെ രാസപ്രവര്‍ത്തനത്തെ ഹാനികരമായി ബാധിച്ച് രോഗാതുരമാക്കുന്നു. ചിലയിനം രക്തസമ്മര്‍ദ്ദത്തിനുള്ള മരുന്നുകളും രോഗകാരണമാകാറുണ്ട്.
 
ചികിത്സ
 
രോഗിയുടെ സാമൂഹിക പശ്ചാത്തലം, കുടുംബചരിത്രം, നിലവിലെ ജീവിത രീതി തുടങ്ങിയവ ചികിത്സാ സമയത്ത് പഠന വിധേയമാക്കപ്പെടേണ്ടതുണ്ട്. ഇന്നത്തെകാലത്ത് വൈദ്യശാസ്ത്രത്തിലൂടെയും, മനോരോഗ പഠനത്തിലൂടെയും വിഷാദ രോഗം പൂര്‍ണ്ണമായി ചികിത്സിച്ച് ഭേദമാക്കുവാന്‍ കഴിയും. അപൂര്‍വ്വം കേസുകളില്‍ രോഗനില നിയന്ത്രിച്ച് നിര്‍ത്താനും സാധിക്കുന്നുണ്ട്.
 
എന്നാല്‍ ചെറിയതോതിലുള്ള രോഗത്തെ മരുന്നിലൂടെ അല്ലാതെ സൈകേകോതെറാപ്പിയിലൂടെ ചികിത്സിച്ച് സുഖപ്പെടുത്താം. എന്നാല്‍ കഠിനമായ രോഗാവസ്ഥയുള്ള രോഗിക്ക് ആത്മഹത്യ ചിന്ത അനുഭവപ്പെടുമെന്ന് തോന്നിയാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സിക്കുകയാണ് നല്ലത്. ഇതിന്പുറമെ കൌണ്‍സിലിങ്ങും സൈക്കോ തെറാപ്പിയും വളരെ പ്രധാനമാണ്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
 

വെബ്ദുനിയ വായിക്കുക