ക്യാന്‍സര്‍... എനിക്കേറ്റവും പ്രിയപ്പെട്ട ആള്‍ നീ തന്നെ. കാരണം എന്നിലെ എന്നെ ഞാന്‍ കണ്ടെത്തിയത് നീ എനിക്കൊപ്പം കൂടിയതിന് ശേഷമാണ്. നീ എനിക്ക് കൂട്ടുവന്നതിന് ശേഷം എനിക്കെന്തെല്ലാം നല്ല കാര്യങ്ങള്‍ സംഭവിച്ചു! ഓര്‍ത്തെടുക്കാന്‍ ഒരുപാടുണ്ട്... എല്ലാം നല്ല കാര്യങ്ങള്‍ തന്നെ.
എനിക്കുചുറ്റുമുള്ള ഭംഗിയുള്ളതെന്തിനെയും ഞാന്‍ ശ്രദ്ധിച്ചുതുടങ്ങിയത് നീ എന്നെ പിടികൂടിയതിന് ശേഷമാണ്. പൂവിനെ പൂവായും പുഴയെ പുഴയായും കണ്ടു. കടല്‍ത്തിരകളില്‍ മുങ്ങിപ്പൊങ്ങി. വൈകുന്നേരങ്ങളില്‍ പറന്നകലുന്ന കിളിക്കൂട്ടങ്ങളെ കണ്ടു. എന്‍റെ വീട്ടിലേക്കുള്ള വഴിയുടെ ഇരുവശങ്ങളിലും കൂട്ടംകൂടി വിടര്‍ന്നുല്ലസിച്ചുനില്‍ക്കുന്ന ബോഗണ്‍വില്ലയെ കണ്ടു. വീട്ടുമുറ്റത്തെ വെള്ള ഗന്ധരാജനെ കണ്ടു.
വീടിന്‍റെ പിന്നില്‍ പഴയ താമസക്കാരുടെ ഓര്‍മ്മയുടെ അവശേഷിപ്പായി ഒരു കാവുണ്ട്. നേരത്തേ അങ്ങോട്ട് പോകാറേയില്ലായിരുന്നു. ഇപ്പോള്‍ സന്ധ്യാനേരങ്ങളില്‍ ഞാന്‍ അവിടെ പോയിരിക്കും. അവിടെ പാമ്പുകളുണ്ട് എന്നത് വെറും പറച്ചിലാണെന്നായിരുന്നു ഞാന്‍ കരുതിയിരുന്നത്. തെറ്റാണ് കേട്ടോ, നല്ല ഒന്നാന്തരം ഇനങ്ങളുണ്ട്. ചുവന്നതും കറുത്തതും വെളുത്തതും മഞ്ഞനിറത്തിലും. പാമ്പിനെ കണ്ടാല്‍തന്നെ പനിച്ചുതുടങ്ങിയിരുന്ന ഞാന്‍ ഇപ്പോള്‍ അവയോട് സംസാരിക്കുന്നു. ക്യാന്‍സര്‍... നീയെനിക്ക് ജീവിക്കാനുള്ള ധൈര്യം തന്നു!
ബന്ധങ്ങളില്‍ പെട്ടെന്നുണ്ടായ മാറ്റം എനിക്ക് അമ്പരപ്പായിരുന്നു ആദ്യമൊക്കെ. ചില അടുത്ത ബന്ധുക്കളോടൊക്കെ പിണങ്ങി മിണ്ടാതെ നടന്നിരുന്നു പണ്ട്. എനിക്ക് നിന്‍റെ ചങ്ങാത്തമുണ്ടെന്നറിഞ്ഞപ്പോള്‍ അവരൊക്കെ വന്ന് കെട്ടിപ്പിടിക്കുകയും ഉമ്മതരികയും കരയുകയും ചെയ്തു. എനിക്ക് നല്ല ചിരിയും സന്തോഷവുമായിരുന്നു. എന്‍റെ കുശുമ്പെല്ലാം പൊയ്പ്പോയിരുന്നു. പിന്നെ ചില അടുത്ത ആളുകളൊക്കെ പെട്ടെന്ന് അകലം കാണിച്ചു. എനിക്കപ്പോള്‍ കരച്ചില്‍ വന്നില്ല. അവര്‍ എന്നെയല്ല, അവര്‍ നിന്നെയാണ് ഭയക്കുന്നതെന്ന് എനിക്കറിയാമായിരുന്നു.
പ്രേമിക്കുകയും ഒരു രാത്രിയില്‍ ലഭിച്ച ധൈര്യത്തില്‍ അപ്പനെയും അമ്മച്ചിയെയും ഇച്ചായന്‍മാരെയും ഉപേക്ഷിച്ച് ഒരാള്‍ക്കൊപ്പം ഇറങ്ങിപ്പോവുകയും ചെയ്ത എന്നെ ഞാന്‍ തന്നെ അതിശയത്തോടെ ഇടയ്ക്കിടെ നോക്കിനില്‍ക്കാറുണ്ട്. അന്നെനിക്ക് എന്തൊരു തലപ്പൊക്കമായിരുന്നു. ലോകത്ത് അയാളല്ലാതെ ആരും വേണ്ടെന്ന അഹന്തയായിരുന്നു. നാടുപേക്ഷിച്ചുള്ള ഓട്ടത്തിനിടയില്‍ ഒരു പുലര്‍ച്ചെ വഴിയില്‍ കണ്ട, തുറന്നുകിടന്ന പള്ളിയില്‍ കയറി കഴുത്തില്‍ അയാളൊരു മിന്നുചാര്‍ത്തിയപ്പോള്‍ ഞാനെന്തൊരു ഭാഗ്യവതിയായിരുന്നു. അന്ന് ഇടറിയിടറിയെങ്കിലും തെളിഞ്ഞുകത്തിയ ഒറ്റമെഴുകുതിരിക്കുമുന്നില്‍ മുട്ടുകുത്തിനിന്നപ്പോള്‍ കവിളിനെ വകഞ്ഞുണ്ടായ നീരൊഴുക്കിന്‍റെ തണുപ്പ് ഇപ്പോഴുമോര്‍മ്മ.
ക്യാന്‍സര്‍, നീയെന്‍റെ നട്ടെല്ലിനെയും തോളിനെയും കാര്‍ന്നുരസിച്ചുതുടങ്ങിയെന്നറിഞ്ഞപ്പോള്‍ എന്‍റെ പ്രിയപ്പെട്ടവന്‍റെ അമ്പരന്നുള്ള നില്‍പ്പ് ഒന്ന് കാണേണ്ടതുതന്നെയായിരുന്നു. പിന്നെ, ആശുപത്രികളില്‍ നിന്ന് ആശുപത്രികളിലേക്ക് കൂട്ടുവന്നുള്ള യാത്രകള്‍ മടുത്തപ്പോള്‍ ചെറിയ ചെറിയ കുത്തുവാക്കുകളായി. കുറ്റപ്പെടുത്തലുകളായി. മരുന്നിന്‍റെ ഭാരം നെഞ്ചില്‍ നീര്‍ക്കെട്ടിയപ്പോള്‍ എനിക്ക് ഉറക്കം തികയാതായി. തലയിലെ മുടിയെല്ലാം കൊഴിഞ്ഞ് കറുത്ത് വിരൂപയായി. അയാളുടെയും വീട്ടുകാരുടെയും മുന്നില്‍ തെറ്റുകാരിയെപ്പോലെ നിന്നു.
ക്യാന്‍സര്‍, നിനക്കൊരു പ്രത്യേകതയുണ്ട്. ആദ്യംതന്നെ നീ എന്നെ കൊന്നു. ഞാന്‍ മരണത്തോളം തകര്‍ന്നു. പിന്നെ എനിക്ക് കാഴ്ച തെളിഞ്ഞു. ആരൊക്കെയാണ് എന്‍റെ ബന്ധുക്കള്‍ എന്ന് മനസിലാക്കി. എന്‍റെ ഏറ്റവും അടുത്ത ബന്ധു ഞാന്‍ പണ്ടുകണ്ടാല്‍ ചിരിക്കുക പോലും ചെയ്യാതെ മാറിപ്പോയിരുന്ന ഒരു പെണ്‍കുട്ടിയാണ് - സുലേഖ. പിന്നെ എന്‍റെ മക്കള്‍, അമ്മുവും വിച്ചുവും. ‘കണ്ടവന്‍റെ കൂടെ ഇറങ്ങിപ്പോയ ശപിക്കപ്പെട്ടവളെ’ത്തേടി അപ്പനും അമ്മച്ചിയും ഇച്ചായന്‍മാരും വന്നു. എന്‍റെ ആകാശം തെളിഞ്ഞു. ഞാന്‍ പൂക്കളും പുഴയും കണ്ടു. എന്നിലെ എന്നെ കണ്ടു.
ക്യാന്‍സര്‍... നീയെന്നെ തൊടുന്നതിന് മുമ്പ് ഞാന്‍ ജീവിക്കുകയല്ലായിരുന്നു. ആരുടെയൊക്കെയോ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് ചലിക്കുകയായിരുന്നു. ഞാന്‍ സ്നേഹിക്കുകയല്ലായിരുന്നു. കടമയുടെയും കടപ്പാടുകളുടെയും പേരില്‍ സ്നേഹം നടിക്കുകയായിരുന്നു. എനിക്ക് സമയമില്ലായിരുന്നു. എനിക്ക് ജോലിത്തിരക്കായിരുന്നു. എനിക്കാരോടും പുഞ്ചിരിക്കാനറിയില്ലായിരുന്നു. എനിക്ക് സന്തോഷത്തോടെ സംസാരിക്കാനറിയില്ലായിരുന്നു. എനിക്ക് പണം തികയില്ലായിരുന്നു. ഞാന്‍ ഞാന്‍ എന്ന് എപ്പോഴും എന്‍റെയുള്ളില്‍ ഒരാള്‍ നിലവിളിച്ചുകൊണ്ടിരുന്നു.
ഇന്ന് അങ്ങനെയല്ല. നീയെന്നെ മാറ്റിയെടുത്തു. എനിക്ക് പുഞ്ചിരിയോടെ എല്ലാം നോക്കിക്കാണാനാവുന്നുണ്ട്. എല്ലാവരോടും സ്നേഹത്തോടെ സംസാരിക്കാനും എല്ലാവരുടെയും അടുത്ത് എത്താനും കഴിയുന്നുണ്ട്. എല്ലാറ്റിനും സമയമുണ്ട്. ഒരുപാട് പണത്തിന്‍റെ കണക്കുകള്‍ തലപെരുക്കുന്നില്ല. എനിക്ക് ഭംഗിയായി ഒരുങ്ങിനടക്കാന്‍ കഴിയുന്നുണ്ട്. മുടി തോളപ്പമേയുള്ളൂ. പക്ഷേ, കുട്ടികള്‍ പറയുന്നു...അതാണത്രേ പുതിയ സ്റ്റൈല്‍. ആര്‍ജെ സേറയാണത്രേ ഞാന്‍... ഹഹ.
ക്യാന്‍സര്‍, നീയെനിക്കെല്ലാം തന്നു. നഷ്ടപ്പെട്ടുവെന്ന് ഞാന്‍ വിലപിച്ചിരുന്ന എന്‍റെ ജീവിതം. അസുഖം മൂര്‍ച്ഛിച്ച് തളര്‍ന്നുവീണ ആദ്യനാളുകളില്‍ ഞാന്‍ എന്നെത്തന്നെ ശപിച്ചിരുന്നു. എന്‍റെ അപ്പനെയും അമ്മച്ചിയെയും കണ്ണീരുകുടിപ്പിച്ചിട്ട് എത്ര സ്നേഹമില്ലാത്തവനൊപ്പമാണ് ഞാന്‍ ഇറങ്ങിപ്പോയതെന്നോര്‍ത്ത് ഹൃദയം മുറിഞ്ഞ് കരഞ്ഞിരുന്നു. പക്ഷേ, ജോസഫ് ഇന്നെനിക്ക് നല്ല സുഹൃത്താണ്. അയാളെയും മനസിലാകുന്നുണ്ട് എനിക്കിപ്പോള്‍.
ക്യാന്‍സര്‍, ജീവിതം എന്താണെന്ന് പഠിപ്പിച്ച ഏറ്റവും നല്ല അധ്യാപകനാണ് നീ. ഭയപ്പെടുകയല്ല, നിന്‍റെ കൈപിടിച്ച് നടക്കുകയാണ് ഞാന്‍. ഈ ലോകത്തിന്‍റെ മുഴുവന്‍ ഭംഗിയും മുഴുവന്‍ നന്‍മയും കണ്ട്, നിന്‍റെ കൈപിടിച്ച് നടക്കുകയാണ് ഞാന്‍.