ക്യാന്‍സര്‍ ചികിത്സയ്ക്ക് ‘ഉഴിഞ്ഞ’

ശനി, 11 ഫെബ്രുവരി 2012 (05:35 IST)
‘ഉഴിഞ്ഞ’ എന്ന ഔഷധ സസ്യത്തില്‍ നിന്ന് ബയോട്രാന്‍സ്ഫര്‍ സാങ്കേതിക വിദ്യയിലൂടെ ജൈവ സംയുക്തം കണ്ണൂര്‍ സര്‍വകലാശാലയുടെ കീഴിലെ ഗവേഷണ വിഭാഗം വേര്‍തിരിച്ചെടുത്തു. ഈ സംയുക്തം ക്യാന്‍സര്‍ രോഗ ചികിത്സയ്ക്ക് ഫലപ്രദമാണെന്ന് ഗവേഷകര്‍ അഭിപ്രായപ്പെട്ടു. കണ്ണൂര്‍ സര്‍വകലാശാലയുടെ കീഴിലുള്ള ഇന്‍റര്‍ യൂനിവേഴ്സിറ്റി സെന്‍റര്‍ ഫോര്‍ ബയോ സയന്‍സസിലെ ബയോ ടെക്നോളജി, മൈക്രോ ബയോളജി വിഭാഗങ്ങള്‍ നടത്തിയ ഗവേഷണങ്ങളിലാണ് ജൈവ സംയുക്തം കണ്ടത്തിയത്.

അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയമായ ഈ കണ്ടത്തെലിന് ഔഷധ നിര്‍മാണ മേഖലയില്‍ ഏറെ പ്രധാന്യമുണ്ട്. ഉഴിഞ്ഞയില്‍ കാണപ്പെടുന്ന ബര്‍ബെറിന്‍ എന്ന ഘടകമാണ് ഗവേഷണത്തിലൂടെ വേര്‍തിരിച്ചത്. ആയുര്‍വേദത്തിലെ ദശപുഷ്പങ്ങളില്‍ ഒന്നാണ് ഉഴിഞ്ഞ. വാത, നേത്ര രോഗങ്ങളെ ചെറുക്കുന്നതിനും ഇത് ഫലപ്രദമാണ്.

സെന്‍റര്‍ ഫോര്‍ ബയോ സയന്‍സസിന്‍െറ കണ്ടത്തെല്‍ ആധുനിക വൈദ്യശാസ്ത്ര മേഖലക്ക് കൂടി ഉപയോഗപ്പെടുത്താവുന്ന സുപ്രധാന നേട്ടമാണെന്ന് വൈസ് ചാന്‍സലര്‍ ഡോ പി കെ മൈക്കിള്‍ തരകന്‍ പറഞ്ഞു. പച്ച മരുന്നുകളുടെ പ്രവര്‍ത്തന രീതി ശാസ്ത്രീയമായി കണ്ടത്തി പുറത്തുകൊണ്ടുവരുകയാണ് ബയോ സയന്‍സസ് സെന്‍ററിന്‍െറ ലക്‍ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

സെന്‍റര്‍ ഓണററി ഡയറക്ടര്‍ എം ഹരിദാസ്, അസോ പ്രഫ സി സദാശിവന്‍, അസി പ്രഫ എ സാബു എന്നിവരുടെ നേതൃത്വത്തില്‍ ഗവേഷണ വിദ്യാര്‍ഥികളായ ഡി നവീന്‍ ചന്ദ്ര, അഭിലാഷ് ജോസഫ്, ജി കെ പ്രശാന്ത് എന്നിവരടങ്ങിയ സംഘമാണ് ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.

വെബ്ദുനിയ വായിക്കുക