ഇന്ത്യയില്‍ നിന്ന് ക്യാന്‍സര്‍ മരുന്ന് അമേരിക്കയിലേക്ക്
വ്യാഴം, 23 ഫെബ്രുവരി 2012 (05:06 IST)
ഇന്ത്യയില്‍ നിന്ന് അമേരിക്ക ക്യാന്‍സര്‍ മരുന്ന് ഇറക്കുമതിചെയ്യുന്നു. ക്യാന്‍സര്‍ രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ക്ക് അമേരിക്കയില്‍ ക്ഷാമം നേരിടുന്ന സാഹചര്യത്തിലാണ് ഇത്. വായ, ബോണ്‍ മാരോ, എയ്ഡ്സുമായി ബന്ധപ്പെട്ട ത്വക്ക് കാന്‍സര്‍ എന്നിവയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകളാണ് ഇന്ത്യയില്‍നിന്നു വാങ്ങുകയെന്നു ഫെഡറല്‍ ഡ്രഗ് അഡ്മിനിസ്ട്രേഷന്‍(എഫ്ഡിഎ) വ്യക്തമാക്കി.
കീമോതെറാപ്പിക്ക് ഉപയോഗിക്കുന്ന ലിപ്പോഡോക്സ് മരുന്ന് ഡോക്സില്‍ എന്ന മരുന്നിനു പകരമായി അമേരിക്ക ഇറക്കുമതി ചെയ്യും. ലിപ്പോഡോക്സ് എത്തിയാല്‍ മരുന്നിന്റെ ദൗര്‍ലഭ്യം പരിഹരിക്കാനാവുമെന്നാണ് എഫ് ഡി എ കണക്കുകൂട്ടുന്നു. ലിപ്പോഡോക്സ് നിര്‍മിക്കുന്ന സണ്‍ ഫാര്‍മ ഗ്ലോബല്‍ എഫ്സെഡ്‌ഇ എന്ന കമ്പനിയുമായി ഫെഡറല്‍ ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ കരാറുണ്ടാക്കി.
സണ്‍ ഫാര്‍മയുടെ ഗുജറാത്തിലെ ഹലോളിലെ മരുന്നുനിര്‍മാണ സംവിധാനങ്ങള്‍ എഫ്ഡിഎ പരിശോധിച്ചു.