ഇതെല്ലാമാണോ നിങ്ങള്‍ ആഗ്രഹിക്കുന്നത് ? എങ്കില്‍ ആ ഒരു ആലിംഗനം നിര്‍ബന്ധമാണ് !

തിങ്കള്‍, 19 ജൂണ്‍ 2017 (11:53 IST)
ആലിംഗനത്തിനും ആരോഗ്യപരമായ പല ഗുണങ്ങളുമുണ്ട്. എന്നാല്‍ അതെന്തെല്ലാമാണെന്ന് അധികമാര്‍ക്കും അറിയില്ല. എന്തെല്ലാം ആരോഗ്യഗുണങ്ങളാണ് ആലിംഗനം ചെയ്യുന്നതിലൂടെ ലഭിക്കുകയെന്നു നോക്കാം.
 
നമ്മുടെ ചിന്തകളെയും മാനസികാവസ്ഥയെയും ഉണര്‍ത്താന്‍ ആലിംഗനത്തിലൂടെ സാധിക്കും. ഓരോരുത്തരും വളരെ സന്തോഷകരമായി ഇരിക്കുമ്പോഴാണ് ഇത് സംഭവിക്കുന്നതെന്നാണ് പഠനങ്ങള്‍ പറയുന്നത്. 
 
നമ്മുടെ ശരീരത്തിലെ രക്താദിസമ്മര്‍ദ്ദത്തെ കുറയ്ക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു.  പ്രിയപ്പെട്ടവരുടെ ഒരു ചെറിയ സ്പര്‍ശം പോലും സമ്മര്‍ദ്ദത്തെ കുറയ്ക്കുമെന്നും പറയപ്പെടുന്നു. 
 
ആലിംഗനത്തിലൂടെ ശരീരത്തിലെ ഓക്‌സിടോസിന്‍ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. ഇത് പേശികളുടെ പുനരുജ്ജീവനത്തിനും ഉത്തമമാണ്. വളരെ സമ്മര്‍ദ്ദത്തിലായിരിക്കുന്ന വേളയില്‍ ആലിംഗനം ചെയ്താല്‍ സമ്മര്‍ദ്ദ ഹോര്‍മോണായ കോസ്റ്റിസോള്‍ കുറയുകയും നിങ്ങളുടെ മനസ്സ് ശാന്തമാകുകയും ചെയ്യുന്നു.
 
ആലിംഗനത്തിന് രോഗപ്രതിരോധ ശേഷിയെ വര്‍ദ്ധിപ്പിക്കാനും സന്തോഷം ലഭ്യമാക്കാനും കഴിയുമെന്നാണ് പറയുന്നത്. മനശാസ്ത്രപരമായ പഠനങ്ങളനുസരിച്ച് സ്പര്‍ശനവും ആലിംഗനവും ഭയം ഇല്ലാതാക്കുന്നു എന്നാണ് പറയുന്നത്. ഭയമുള്ള ആളുകളെ ആലിംഗനം ചെയ്താല്‍ അവരുടെ ഭയം ഇല്ലാതാകുമെന്നും പഠനങ്ങള്‍ പറയുന്നു.
 
ഏതെങ്കിലുമൊരു ചടങ്ങില്‍ വെച്ച് പ്രായമുള്ള ആളുകളെ ചേര്‍ത്ത് പിടിക്കുന്നതോ ആലിംഗനം ചെയ്യുന്നതോ നമ്മളെ കൂടുതല്‍ ശ്രദ്ധാലുവാക്കും. ആലിംഗനം എന്നത് ധ്യാനത്തിന് തുല്യമാണെന്നാണ് പറയപ്പെടുന്നത്. നിങ്ങളുടെ മാതാപിതാക്കളെയും സുഹൃത്തുക്കളെയും ആലിംഗനം ചെയ്യുന്നത് പരസ്പരമുള്ള സ്‌നേഹവും ആദരവും ഉയര്‍ത്തുന്നു. 
 
ആലിംഗനത്തിലൂടെ ഓക്‌സിടോസിന്റെ അളവ് വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും. ഇത് സമ്മര്‍ദ്ദത്തെ ഇല്ലാതാക്കുകയും രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യും. നോര്‍ത്ത് കരോലിനയിലെ യൂണിവേഴ്‌സിറ്റിയുടെ പഠനങ്ങള്‍ അനുസരിച്ച് നിങ്ങളുടെ ഹൃദയത്തിന് ഉത്തമമാണ് ആലിംഗനമെന്നാണ് പറയുന്നത്.

വെബ്ദുനിയ വായിക്കുക