ജീവിതത്തിലൊരിക്കല്‍ ഹജ്ജ് നിര്‍ബ്ബന്ധം

ശനി, 8 ഡിസം‌ബര്‍ 2007 (17:56 IST)
WDWD

ഇസ്ലാമില്‍ നിര്‍ബ്ബന്ധമാക്കിയ കര്‍മ്മങ്ങളില്‍ ഒന്നാണ് ഹജ്ജ്. സാമ്പത്തിക ശേഷിയുള്ളവര്‍ ജീവിതത്തില്‍ ഒരിക്കല്‍ ഹജ്ജ് നടത്തണം എന്നാണ് ഖുറാന്‍ നിഷ്കര്‍ഷിക്കുന്നത്. ഇസ്ലാമിന്‍റെ പഞ്ച സ്തംഭങ്ങളില്‍ ഒന്നാണ് ഈ പുണ്യ കര്‍മ്മം.

അല്ലാഹു അല്ലാതെ ഒരു ഇലാഹും ഇല്ല എന്നും മുഹമ്മദ് (നബി തിരുമേനി) അല്ലാഹുവിന്‍റെ ദൂതനാണെന്നും സാക്‍ഷ്യം വഹിക്കുക. നമസ്കാരം നടത്തുക, സക്കാത്ത് നല്‍കുക, റംസാനില്‍ നോമ്പ് എടുക്കുക, സാമ്പത്തിക ശേഷിയുള്ളവര്‍ മെക്കയിലെ ക് അബ മന്ദിരത്തില്‍ പോയി ഹജ്ജ് കര്‍മ്മം അനുഷ്ഠിക്കുക എന്നിവയാണ് ഇസ്ലാമിലെ പഞ്ച സ്തംഭങ്ങള്‍.

സ്ത്രീയ്ക്കും പുരുഷനും ജീവിതത്തില്‍ ഒരു പ്രാവശ്യം ഹജ്ജ് നിര്‍ബ്ബന്ധമാണ്. എന്നാല്‍ കൂടെ പോകാന്‍ അര്‍ഹതയുള്ള ഒരു പുരുഷന്‍ ഉണ്ടെങ്കില്‍ മാത്രമേ ശാരീരികവും സാമ്പത്തികവുമായ ശേഷിയുള്ള സ്ത്രീയെ ഹജ്ജിനായി നിര്‍ബ്ബന്ധിക്കാനാവൂ.

നബി തിരുമേനി പറഞ്ഞു, പരിശുദ്ധ ഭവനത്തിലേക്ക് യാത്ര ചെയ്യാന്‍ കഴിവുള്ളവന്‍ അവിടെ പോയി ഹജ്ജ് നിര്‍വ്വഹിക്കുക എന്നത് മനുഷ്യരുടെ മേല്‍ നിര്‍ബ്ബന്ധമായ ബാധ്യതയും അല്ലാഹുവിനുള്ള അവകാശവുമാണ് എന്ന്.

ജനങ്ങളേ, അല്ലാഹു നിങ്ങള്‍ക്കെല്ലാം ഹജ്ജ് കര്‍മ്മം നിര്‍ബ്ബന്ധമാക്കിയിരിക്കുന്നു. അതുകൊണ്ട് നിങ്ങള്‍ ഹജ്ജ് ചെയ്യുവിന്‍ എന്ന് ഖുറാനും ആഹ്വാനം ചെയ്യുന്നു. ഹജ്ജ് നിര്‍വ്വഹിക്കുന്നതില്‍ തിടുക്കം ഒന്നുമില്ലെങ്കിലും കഴിവുള്ളപ്പോള്‍ കഴിയുന്നത്ര വേഗത്തില്‍ ഒരാള്‍ അത് ചെയ്തിരിക്കണം എന്നാണ് നബി തന്നെ ഒരു ഹദീസില്‍ പറയുന്നത്. അല്ലാഹുവിന്‍റെയും റസൂലിന്‍റെയും കല്‍പ്പന കഴിയും വേഗം നടപ്പാക്കുകയാണ് വേണ്ടത്.

ഹജ്ജ് പോലെ തന്നെ ഇസ്ലാമില്‍ ഉം‌റയും നിര്‍ബ്ബന്ധമാണ്. നിങ്ങള്‍ ഹജ്ജും ഉം‌റയും അല്ലാഹുവിനു വേണ്ടി പൂര്‍ത്തിയാക്കുവിന്‍ എന്നാണ് അനുശാസനം. ഇവ രണ്ടും സ്ത്രീകള്‍ക്കും നിര്‍ബ്ബന്ധമാണ്. സമരമില്ലാത്ത ജിഹാദ് (ഹജ്ജും ഉം‌റയും) നിര്‍ബ്ബന്ധമാണ് എന്ന് ഒരിക്കല്‍ ആയിഷയോട് നബി പറഞ്ഞത് ഓര്‍ക്കുക.

വെബ്ദുനിയ വായിക്കുക