ഗുരു ഗോപിനാഥിന്‍റെ കേരള നടനം

WDWD
കഴിഞ്ഞ നൂറ്റാണ്ടിലെ ഭാരതീയ നര്‍ത്തകരിലും നടന ആചാര്യന്മാരിലും പ്രതിഭ കൊണ്ടും സിദ്ധികൊണ്ടും അഗ്രിമനായ ഗുരു ഗോപിനാഥ് , ഭാരതീയ ശാസ്ത്രീയ നൃത്തകലയ്ക്ക് നല്‍കിയ സംഭാവനയാണ് ''കേരള നടനം'' എന്ന നൃത്തവിശേഷം.

ഗുരുജിയുടെ അറുപതു കൊല്ലത്തെ നൃത്ത സപര്യയുടെ ഹോമാഗ്നിയില്‍ നിന്നുമുള്ള 'പുരോഢാശം' എന്നതിനെ വിളിക്കാം. ഭാര്യ തങ്കമണി, ശിഷ്യന്മാരായ ഗുരു ഗോപാലകൃഷ്ണന്‍, കേശവദാസ്, ഡാന്‍സര്‍ തങ്കപ്പന്‍, ഡാന്‍സര്‍ ചെല്ലപ്പന്‍, ഭവാനി ചെല്ലപ്പന്‍, ഗുരു ചന്ദ്രശേഖര്‍, പ്രൊഫ.ശങ്കരന്‍ കുട്ടി തുടങ്ങി ഒട്ടേറെ പേരുടെ പ്രയത്നവും കേരള നടനത്തിന്‍റെ വളര്‍ച്ചയ്ക്ക് സഹായകമായിട്ടുണ്ട്.

ഇന്ന് കേരള നടനത്തിനു പറ്റിയ കുഴപ്പം അത് യുവജനോത്സവത്തിലെ മത്സര ഇനമായി ഉള്‍പ്പെടുത്തിയതാണ്. ഗുരു ഗോപിനാഥ് ഉണ്ടാക്കിയെടുത്ത കേരള നടനമല്ല ഇന്നു കുട്ടികള്‍ പഠിക്കുന്നതും അവതരിപ്പിക്കുന്നതും.

ഗുരു ഗോപിനാഥിന്‍റെ പേരില്‍ പലരും കാട്ടുന്നത് ശൂദ്ധ അസംബന്ധമാണ്.കേരളനടനം നന്നയി പഠിച്ചവരല്ല മിക്ക കേരള നടനം അധ്യാപകരും. ഇപ്പോഴത്തെ കേരള നടനം കാണുമ്പോള്‍ പലര്‍ക്കും പുച്ഛമാണ്. വിധികര്‍ത്താക്കളായി വരുന്നവരില്‍ പലരും ഒരിക്കല്‍ പോലും കേരള നടനം കാണുക പോലും ചെയ്യാത്തവരാണ്.

നാല്‍പ്പതുകളിലും അന്‍പതുകളിലും ഇന്ത്യയൊട്ടാകെ ആവേശമായിരുന്ന ഈ നൃത്തരൂപത്തിന്‍റെ ഇന്നത്ത അവസ്ഥ ശോചനീയമാണ്.ഫലത്തിലിത് ഗുരു ഗോപിനാഥിന്‍റെ യശസ്സിനു കളങ്കമേല്‍പ്പിക്കുന്നു.


തുടക്കം

മുപ്പതുകളുടെ തുടക്കം ....അന്ന് കഥകളിക്ക് വലിയ പേരില്ലായിരുന്നു. കഥകളിക്കാര്‍ അവഗണനയിലായിരുന്നു.

അമേരിക്കന്‍ നര്‍ത്തകിയായ ഇസ്തര്‍ ഷെര്‍മാന്‍ എന്ന രാഗിണി ദേവി (പ്രമുഖ നര്‍ത്തകി ഇന്ദ്രാണീ റഹ്മാന്‍റെ അമ്മ) യാണ് കേരള നടനത്തിന്‍റെ പിറവിക്ക് ആധാരമായ ആശയം മുന്നോട്ട് വച്ചത് . 1931 ല്‍.

മണിക്കൂറുകളും ദിവസങ്ങളും നീളു ന്ന കഥകളിയെ ഒന്നോ രണ്ടോ മണിക്കൂറില്‍ ഒരുക്കി വന്‍ നഗരങ്ങളില്‍ അവതരിപ്പിക്കാനാവുമോ എന്നതായിരുന്നു അവരുടെ ശ്രമം. അതിന് സഹായിയായി അവര്‍ക്ക് ലഭിച്ചത് കലാമണ്ഡലത്തില്‍ കഥകളി വടക്കന്‍ ചിട്ടയില്‍ ഉപരിപഠനം നടത്തുകയായിരുന്ന കപ്ളിങ്ങാടന്‍ ചിട്ടക്കരനായ കഥകളിക്കാരന്‍ ചമ്പക്കുളം ഗോപിനാഥപിള്ള എന്ന ഗുരു ഗോപിനാഥായിരുന്നു.

1931 ഡിസംബറില്‍ ബോംബെ ഓപ്പറാ ഹാളില്‍ രാഗിണി ദേവിയു ം ഗോപിനാഥും ചേര്‍ന്ന് കഥകളിനൃത്തം എന്ന പേരില്‍ പരീക്ഷിച്ചുനോക്കിയ നൃത്ത പ്രകടനത്തില്‍ നിന്നാണ് കേരള നടനത്തിന്‍റെ തുടക്കം.

രാഗിണി ദേവിയില്‍ നിന്നും ആധുനിക തിയേറ്റര്‍ സങ്കല്‍പത്തെക്കുറിച്ച് കിട്ടിയ ധാരണകളും പാഠങ്ങളും ഉള്‍ക്കൊണ്ടാണ് , കഥകളിയിലെ ശാസ്ത്രീയത ചോര്‍ന്നുപോകാത്ത പുതിയൊരു നൃത്തരൂപം ഉണ്ടാക്കാന്‍ തനിക്കു കഴിഞ്ഞതെന്ന് ഗുരു ഗോപിനാഥ് 'എന്‍റെ ജീവിത സ്മരണകള്‍' എന്ന ആത്മകഥയില്‍ പറയുന്നുണ്ട്.

വെബ്ദുനിയ വായിക്കുക