ഗാന്ധിജിയുടെ ആദര്‍ശങ്ങള്‍ സ്വജീവിതത്തില്‍ സ്വീകരിച്ച് ജോലിപോലും ഉപേക്ഷിച്ച പ്രമുഖ ഗാന്ധിയന്‍ കെ. ജനാര്‍ദ്ദനന്‍പിള്ള വെബ്ദുനിയയോട്,
? ഗാന്ധിജിയുടെ ആദര്‍ശങ്ങള്‍ സ്വാംശീകരിച്ചതെങ്ങനെ
സ്വാതന്ത്ര്യസമരപ്രസ്ഥാനം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന കാലമായിരുന്നു. ഇന്ത്യാ മഹാരാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് എന്തുവില കൊടുത്തും ഇറങ്ങിയിരിക്കണം എന്ന മഹാത്മാഗാന്ധിയുടെ ആഹ്വാനം കേട്ടപ്പോള്‍ അന്ന് ഞങ്ങളെപ്പോലുളള വിദ്യാര്‍ത്ഥികള്‍ക്ക് അടങ്ങിയിരിക്കാന്‍ കഴിഞ്ഞില്ല. ഞങ്ങള്‍ ഒന്നടങ്കം അദ്ദേഹത്തിന്റെ വാക്കുകള്‍ സ്വാശീകരിച്ചു. മനസുകൊണ്ടും ശരീരം കൊണ്ടും ഞങ്ങള്‍ സമരസന്നദ്ധരായി.
? ഗാന്ധിജിയെ ആദ്യം കണ്ടതെപ്പോള്‍
ഞാന്‍ അദ്ദേഹത്തിന് ഒരു കത്തെഴുതി അദ്ദേഹം അഹിംസായുദ്ധം നടത്തുന്ന ഡല്‍ഹിയില്‍ ചെന്നു കാണുവാനായി അനുവാദം ചോദിച്ചുകൊണ്ടുളള കത്തായിരുന്നു അത്. അതിന് മറുപടിയായി ക്ഷേത്രപ്രവേശനവിളംബരവുമായി ബന്ധപ്പെട്ട് അദ്ദേഹം കേരളത്തിലേക്ക് വരുന്നുണ്ടെന്നും അപ്പോള്‍ കാണാമെന്നും അദ്ദേഹം എഴുതി അങ്ങനെ ക്ഷേത്ര പ്രവേശനവുമായി ബന്ധപ്പെട്ട് അദ്ദേഹം കേരളത്തിലെത്തിയപ്പോള്‍ ഞാന്‍ കണ്ടു
? ആദ്യമായി അദ്ദേഹത്തെ കണ്ടതു വിശദീകരിക്കാമോ
ക്ഷേത്രപ്രവേശന വിളംബരവുമായി ബന്ധപ്പെട്ട് അദ്ദേഹം കേരളത്തിലെത്തിയപ്പോഴും ആദ്യം എനിക്ക് കാണാന്‍ സാധിച്ചില്ല. കാരണം അദ്ദേഹത്തിന് വലിയ തിരക്കായിരുന്നു, വിവിധ മഹത് വ്യക്തികള്‍ അദ്ദേഹത്തെ കാണാന്‍ തിക്കിത്തിരക്കി നില്‍ക്കുകയായിരുന്നു.
അപ്പോള്‍ അദ്ദേഹത്തിന്റെ സെക്രട്ടറിയായിരുന്ന അമൃതകുമാരികൗര്‍, മടക്കയാത്രയില്‍ കൊട്ടാരക്കരവച്ച് ട്രെയിനില്‍ അദ്ദേഹത്തൊടൊപ്പം എനിക്ക് ഇരുന്നു സംസാരിക്കാന്‍ അവസരമുണ്ടാക്കിത്തരാമെന്ന് ഏറ്റു .അതനുസരിച്ച് കൊട്ടാരക്കരയില്‍ നിന്ന് ചെങ്കോട്ട വരെ അദ്ദേഹത്തൊടൊപ്പം ഞാന്‍ സഞ്ചരിച്ചു.
എങ്ങനെ പ്രവര്‍ത്തിക്കാനാണ് താല്പര്യമെന്ന് അദ്ദേഹം ചോദിച്ചു. നിസ്വാര്‍ത്ഥമായ സമരമാണ് കൊതിക്കുന്നതെന്ന് ഞാന്‍ പറഞ്ഞു. സ്വാതന്ത്ര്യസമരത്തിന്റെ വിവിധ കാര്യങ്ങള്‍ പറഞ്ഞശേഷം അദ്ദേഹം എന്റെ ജോലി ഉപേക്ഷിക്കാന്‍ പറ്റുമോ എന്ന് ചോദിച്ചു. അന്നെനിക്ക് കേന്ദ്ര സെക്രട്ടറിയേറ്റില്‍ ജോലിയുണ്ടായിരുന്നു. ഉപേക്ഷിക്കാന്‍ തയ്യാറാണ് എന്ന് ഞാന്‍ പറഞ്ഞു.
ജോലിയ്ക്കുളള അപ്പോയ്മെന്റ് ലെറ്റര്‍ കീറിക്കളയാന്‍ അദ്ദേഹം ഒരുങ്ങിയപ്പോള്‍ ഞാന്‍ പറഞ്ഞു. അതു വേണ്ട ജോലിയൊന്നും ലഭിക്കാത്ത മറ്റൊരു അവസരവുമില്ലാത്ത എന്റെ ഒടുവിലത്തെ ആശ്രയമായി എന്റെ സ്വാതന്ത്ര്യപ്രവര്‍ത്തനത്തെ മറ്റുളളവര്‍ വ്യാഖ്യാനിക്കും. അതിന് എതിരെയുളള തെളിവായി ഈ ലെറ്റര്‍ ഇരിക്കട്ടെ .അദ്ദേഹമതുസമ്മതിച്ചു.
പ്രവര്‍ത്തനത്തിന് ഫണ്ടുവേണമോയെന്ന് അദ്ദേഹം ചോദിച്ചു. ഞാന്‍ പറഞ്ഞു വേണമെന്ന് കാരണം സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നതാണ് എന്റെ കുടുംബം..അപ്പോള്‍ പിന്നെ പ്രവര്‍ത്തിക്കാന്‍ ഫണ്ടുകൂടാതെ നിവര്‍ത്തിയില്ല. അദ്ദേഹം അതു മനസ്സിലാക്കി ഫണ്ട് അനുവദിച്ചു.
?ഗാന്ധിയന്‍ പ്രസ്ഥാനങ്ങളുടെ ഭാഗമായ ഭൂദാനപ്രസ്ഥാനം, മദ്യനിരോധനം, സര്‍വോദയ പ്രസ്ഥാനം എന്നിവ എങ്ങനെയാണ് കേരളത്തില്‍ താങ്കള്‍ നടപ്പാക്കിയത്.
മദ്യനിരോധനനയവും സര്‍വോദയപ്രസ്ഥാനവും സ്വാതന്ത്ര്യസമരത്തിന് മുമ്പ് ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങിയിരുന്നു. എന്നാല്‍ ഭൂദാനപ്രസ്ഥാനം കേരളത്തില്‍ തുടങ്ങുന്നത്. ഇ. എം. എസ്. മുഖ്യമന്ത്രിയായിരുന്ന കാലത്താണ്-1957 ല്‍ . ഇന്ത്യയൊട്ടുക്ക് ആരംഭിച്ച പ്രസ്ഥാനത്തിന്റെ കേരളത്തിലെ ചുമതല എനിക്കായിരുന്നു. അതിനോടനുബന്ധിച്ച് വിനോബാജി കേരളത്തിലെത്തിയപ്പോള്‍ അദ്ദേഹത്തെ സ്വീകരിക്കാന്‍ ഇ. എം. എസ്. എന്നോടൊപ്പമുണ്ടായിരുന്നു. ഭൂദാനപ്രസ്ഥാനത്തിന് വേണ്ടി ഒട്ടേറെ പ്രവര്‍ത്തനം എനിക്ക് നടത്താന്‍ കഴിഞ്ഞു. എന്റെ പ്രവര്‍ത്തനത്തെ ശ്ളാഖിച്ച് മഹാത്മജി എനിക്ക് കത്തെഴുതി.
?അദ്ദേഹത്തെ കേരളത്തിന് വെളിയില്‍ വച്ച് കണ്ടിട്ടുണ്ടോ
ഉണ്ട്, ബോംബയിലും ഡല്‍ഹിയിലും വച്ച് ഞാന്‍ കണ്ടിട്ടുണ്ട്.
?ഗാന്ധിജിയുടെജീവിതത്തില് ഏറ്റവും പ്രസക്തിയേറിയ, വിലപ്പെട്ടതെന്ന് വിളിക്കാവുന്നതെന്തായിരുന്നു
അദ്ദേഹം പറഞ്ഞിട്ടുളളതുപോലെ "" എന്റെ ജിവിതം തന്നെയാണ് എന്റെ സന്ദേശം'' എന്നതു തന്നെയാണ് അദ്ദേഹത്തിന്റെ ജിവിതത്തിന്റെ പ്രസക്തി എന്നാലും എനിക്കിഷ്ടം നിസ്തുലമായ ആ തത്വനിഷ്ഠയും സത്യസന്ധതയുമായിരുന്നു.
?ഗ്രാമങ്ങളുടെ വികസനത്തിലൂടെ മാത്രമേ ഇന്ത്യയ്ക്ക് ആത്യന്തിക വിജയമുളളൂ വെന്ന് അദ്ദേഹം പറഞ്ഞിരുന്നല്ലോ ?ഇന്നത്തെ പശ്ചാത്തലത്തില്‍ താങ്കള്‍ ഇതിനെ എങ്ങനെ വിലയിരുത്തുന്നു
തീര്‍ച്ചയായും അധികാരം വികേന്ദ്രീകരിച്ചതില് മാത്രമേ ഏറ്റവും ചെറിയ ഘടകങ്ങളായ ഗ്രാമങ്ങള്‍ വികസിക്കുകയുളളൂ. ഗ്രാമങ്ങളുടെ അഭിവൃദ്ധിയും ഐശ്വര്യവും അതുള്‍ക്കൊളളുന്നു. രാജ്യതെത ബൃഹദ് വികസനത്തിലേക്ക്നയിക്കും.
മഹാത്മജി അന്നുതന്നെ വിലപ്പെട്ട ഈ ആശയത്തില്‍ അടിയുറച്ച് വിശ്വസിച്ചു . എന്നാല്‍ ഇന്നി നമ്മുടെ സര്‍ക്കാരുകള്‍ ഇതു ശരിയായി നടപ്പാക്കുന്നുണ്ടോ എന്ന് ചോദിച്ചാല്‍ അവരിതിലൊക്കെ ശ്രമിക്കുന്നുണ്ട്.അതിന് തക്കവണ്ണമുളള ഗുണവും കാണുന്നുണ്ട്. എന്നേ പറയാനാവൂ.
?അഹിംസ അദ്ദേഹത്തിന്റെ ഏറ്റവും വലിയ ആയുധമായിരുന്നു . ഇന്നത്തെ സാഹചര്യത്തില്‍ താങ്കള്‍ക്ക് എന്താണ് പറയാനുളളത്
യുദ്ധം ഒന്നിന്റെയും പരിഹാരമല്ലെന്ന് ഗാന്ധിജി ഉറച്ചു വിശ്വസിച്ചിരുന്നു ഒരു മഹാരാജ്യത്തിലെ മറ്റൊരു മഹാസാമ്രാജ്യത്തില്‍ നിന്ന് ആയുധമെടുക്കാത്ത മോചനം നേടിക്കൊടുത്ത മഹാത്മാവാണ് അദ്ദേഹം. ഇന്നത്തെ യുദ്ധം ഏതു നിമിഷവും വേണമെങ്കിലും നടക്കാമെന്ന് നാം കണ്ടതല്ലേ അദ്ദേഹത്തിന്റെ ആശയം തന്നെയാണ് ശ്രേഷ്ഠമെന്നു ഞാന്‍ കരുതുന്നു.
എന്തായിരുന്നു അതിന്റെ പരിണിതഫലം മനുഷ്യരാശിയുടെ തന്നെ അന്ത്യമാണതിന്റെ ഫലം. സമാധാനവും പരസ്പരസ്നേഹവുമാണ് വേണ്ടത്.
അവാര്‍ഡിന് വേണ്ടിയൊന്നും ഞാന്ആരുടെ അടുത്തും പോയിട്ടില്ല. എന്റെ നിസ്വാര്‍ത്ഥമായ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനത്തിന് അവാര്‍ഡുകള്‍ ലഭിക്കുമായിരുന്നു. ഗാന്ധിയന്‍ മൂവ് മെന്റിന് വേണ്ടി പ്രവര്‍ത്തിക്കുന്നു. കേരള യൂണിവേഴ്സിറ്റിയുടെ ഗാന്ധിയന്‍ പ്രസ്ഥാന വിഭാഗം എനിക്ക് അവാര്‍ഡ് നല്‍കിയിട്ടുണ്ട്.
പല സംഘടനകളും ഇങ്ങനെ അവാര്‍ഡ് നല്‍കിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ പിപ്പീള്‍സ് ആക്ഷന്‍ ഫോര്‍ ഡെവലപ്മെന്റ് ഇന്ത്യ' ഫിലിപ്പീന്‍സ് ഗവണ്മെന്റിന്റെ അഫ്രോടെക് ഏഷ്യ യു. എസ്. എയിലെ വേള്‍ഡ് നെയിബേഴ്സ് ഫോര്‍ പീസ്' എന്നീ സംഘടനകളില്‍ ഞാന്‍ അംഗമാണ്. കൂടാതെ ഇന്ത്യന്‍ ഖാദികമ്മീഷനിലും കേരളഖാദി ബോര്‍ഡിലും ഞാന്‍ അംഗമാണ്. ഗാന്ധി ഫൗണ്ടേഷന് ഫോര്‍ പീസിന്റെ ആയുഷ്ക്കാല അംഗവുമാണ് ഞാന്‍.