അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല: അരങ്ങേറ്റം പിഴച്ച്‌ ഇന്ത്യ, അമേരിക്കയ്ക്ക് മൂന്ന് ഗോള്‍ വിജയം

ശനി, 7 ഒക്‌ടോബര്‍ 2017 (08:10 IST)
ചരിത്രത്തിലാദ്യമായി ഫിഫ ലോകകപ്പില്‍ കളത്തിലിറങ്ങിയ ഇന്ത്യക്ക് ആദ്യമത്സരത്തില്‍ തോല്‍വി. അണ്ടര്‍ 17 ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ അമേരിക്കയോട്‌ 0-3നായിരുന്നു ഇന്ത്യയുടെ തോല്‍‌വി. കളി തുടങ്ങി മുപ്പതാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ജോഷ് സര്‍ഗന്റും, 51ആം മിനിറ്റില്‍ കോര്‍ണര്‍ പാസിലൂടെ ക്രിസ് ഡര്‍ക്കിനും 81ആം മിനിറ്റില്‍ ആന്‍ഡ്രൂ കാര്‍ട്ടനുമാണ് യു.എസ്.എക്ക് വേണ്ടി ഗോള്‍ നേടിയത്.
 
ആദ്യ പകുതിയില്‍ ഇന്ത്യ മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും പരിചയ സമ്പന്നരായ യു.എസ്.എയെ ഞെട്ടിക്കാന്‍ മാത്രമുള്ള പ്രകടനങ്ങള്‍ നടത്താന്‍ ഇന്ത്യക്ക് സാധിച്ചില്ല. നേരത്തെ ലോകകപ്പിലെ ആദ്യജയം ഘാന സ്വന്തമാക്കി. കൊളംബിയയെ ഒരു ഗോളിനാണ് ഘാന പരാജയപ്പെടുത്തിയത്. ഘാനക്കുവേണ്ടി ആദ്യ പകുതിയില്‍ സാദിഖ് ഇബ്രാബിമാണ് ഗോള്‍ നേടിയത്.
 
മറ്റൊരു മത്സരത്തില്‍ ന്യൂസിലാന്‍ഡ് തുര്‍ക്കിക്കെതിരെ സമനില പിടിച്ചു. മത്സരത്തില്‍ രസം കൊല്ലിയായി ഇടക്ക് മഴ വന്നെങ്കിലും ആവേശത്തോടെ പന്തു തട്ടിയ ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടുകയും ചെയ്തു. തുര്‍ക്കിയാണ് ആദ്യം ഗോള്‍ നേടിയത്. ഒന്നാം പകുതിയില്‍ ഒരു ഗോള്‍ വഴങ്ങിയ ന്യൂസീലന്‍ഡ് രണ്ടാം പകുതിയിലാണ് സമനില ഗോള്‍ നേടിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍