ബാഴ്സയിൽ അദ്ദേഹത്തിനൊപ്പം കളിച്ച് മതിയായിരുന്നില്ല, അർഹിച്ച അംഗീകാരം ക്ലബ് നൽകിയില്ല: ഇതിഹാസത്തെ പറ്റി മെസ്സി

അഭിറാം മനോഹർ

വ്യാഴം, 22 ഓഗസ്റ്റ് 2024 (17:33 IST)
ക്ലബ് ഫുട്‌ബോളില്‍ ബാഴ്‌സലോണയുടെ എക്കാലത്തെയും വലിയ ഇതിഹാസതാരമാണ് അര്‍ജന്റീന സൂപ്പര്‍ താരമായ ലയണല്‍ മെസ്സി. ബാഴ്‌സലോണയുടെ നിരവധി കിരീടനേട്ടങ്ങളില്‍ പങ്കാളിയായിരുന്നു മെസ്സി തന്റെ കരിയര്‍ ആരംഭിക്കുന്നത് ക്ലബിന്റെ യൂത്ത് അക്കാദമിയായ ലാ മാസിയയിലൂടെയായിരുന്നു. ക്ലബ് ഫുട്‌ബോളില്‍ സീനിയര്‍ ടീമില്‍ കളി ആരംഭിക്കുന്ന സമയത്ത് മെസ്സിയുടെ മെന്ററായി മാറിയത് അന്നത്തെ ബ്രസീല്‍ സൂപ്പര്‍ താരമായ റൊണാള്‍ഡീഞ്ഞോ ആയിരുന്നു.
 
 കരിയറിന്റെ തുടക്കകാലത്ത് മെസ്സിയില്‍ വലിയ സ്വാധീനം ചെലുത്തിയ കളിക്കാരനായിരുന്നു റൊണാള്‍ഡീഞ്ഞോ. എന്നാല്‍ ഏറെക്കാലം ക്ലബില്‍ റൊണാള്‍ഡീഞ്ഞോക്കൊപ്പം കളിക്കാന്‍ മെസ്സിക്ക് സാധിച്ചിരുന്നില്ല. റൊണാള്‍ഡീഞ്ഞോ കൂടുതല്‍ കാലം ബാഴ്‌സയ്ക്കായി കളിക്കണമെന്ന് താന്‍ ആഗ്രഹിച്ചിരുന്നതായും എന്നാല്‍ ബാഴ്‌സയില്‍ അദ്ദേഹത്തിന് അര്‍ഹിച്ച അംഗീകാരം ലഭിച്ചില്ലെന്നുമാണ് മെസ്സി പറയുന്നത്. റൊണാള്‍ഡീഞ്ഞോ ക്ലബിന് നേടികൊടുത്ത കാര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ അതിന് അര്‍ഹിക്കുന്ന അംഗീകാരം ക്ലബ് അദ്ദേഹത്തിന് നല്‍കിയിരുന്നില്ല. കൂടുതല്‍ കാലം അദ്ദേഹത്തിനൊപ്പം കളിക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ എന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. മുന്‍പ് നല്‍കിയ ഒരു അഭിമുഖത്തില്‍ മെസ്സി പറഞ്ഞു.
 
 പെപ് ഗ്വാര്‍ഡിയോള പരിശീലകനായി എത്തിയതിന് ശേഷം ക്ലബ് വിട്ട റൊണാാള്‍ഡീഞ്ഞോ പിന്നീട് ഇറ്റാലിയന്‍ ക്ലബായ എ സി മിലാനിലേക്കാണ് മാറിയത്. ബാഴ്‌സലോണയ്ക്കായി 207 മത്സരങ്ങളില്‍ നിന്ന് 94 ഗോളുകളാണ് റൊണാള്‍ഡീഞ്ഞോ നേടികൊടുത്തത്. ഇതിന് പുറമെ 2 ലാലിഗ കിരീടവും ഒരു ചാമ്പ്യന്‍സ് ട്രോഫിയും താരം ബാഴ്‌സയ്ക്ക് നേടികൊടുത്തിട്ടുണ്ട്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍