മജീഷ്യന്‍ മാന്‍സീനി; അസൂറികളുടെ കുതിപ്പിന് തേരു തെളിച്ചവന്‍

തിങ്കള്‍, 12 ജൂലൈ 2021 (09:07 IST)
മൂന്ന് വര്‍ഷം മുന്‍പ് നടന്ന ലോകകപ്പില്‍ യോഗ്യത നേടാത്ത ടീം ഇന്ന് യൂറോപ്പിലെ രാജാക്കന്‍മാരാണ്. അസൂറികളുടെ യൂറോ കപ്പ് നേട്ടം കൂടുതല്‍ ആവേശം പകരുന്നതും അതുകൊണ്ടാണ്. ഈ ഐതിഹാസിക വിജയത്തില്‍ ഇറ്റലി ആദ്യം കടപ്പെട്ടിരിക്കുന്നത് റോബര്‍ട്ടോ മാന്‍സീനി എന്ന 57 കാരനോടാണ്. 
 
2018 ലോകകപ്പിന് യോഗ്യത പോലും നേടാത്ത ഇറ്റലിയെയാണ് മാന്‍സീനി മൂന്ന് വര്‍ഷത്തിനിപ്പുറം യൂറോ കപ്പ് ജേതാക്കളാക്കിയത്. മാന്‍സീനി പരിശീലക സ്ഥാനത്തേക്ക് എത്തിയതോടെ ഇറ്റലി പഴയ ആധിപത്യത്തിലേക്ക് തിരിച്ചുവരുന്ന കാഴ്ചയാണ് കണ്ടത്. ലോകകപ്പ് യോഗ്യത ലഭിക്കാത്തതിന്റെ സങ്കടം ഇറ്റലി മറന്നു. 34 മത്സരങ്ങളില്‍ തോല്‍വി അറിയാതെ അപരാജിത കുതിപ്പ്. ഒടുക്കം യൂറോ കപ്പില്‍ പൊന്‍മുത്തം. 
 
നാലുതവണ ലോകകിരീടം ചൂടിയ ഇറ്റലി 2018 ലോകകപ്പിന് യോഗ്യത പോലും നേടാതെ പുറത്തായത് കായികപ്രേമികളെ ഒന്നടങ്കം നിരാശപ്പെടുത്തി. തകര്‍ന്നടിഞ്ഞ ടീമിനെ മാന്‍സീനി ഏറ്റെടുക്കുമ്പോള്‍ ഇങ്ങനെയൊരു കുതിപ്പ് ആരാധകര്‍ പോലും പ്രതീക്ഷിച്ചു കാണില്ല. തകര്‍ന്നടിഞ്ഞ ടീമിനെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുകയായിരുന്നു മാന്‍സീനി. യൂറോ കപ്പിലെ മത്സരങ്ങള്‍ എടുത്തു നോക്കിയാല്‍ തന്നെ മാന്‍സീനിയുടെ മാസ്റ്റര്‍ പ്ലാന്‍ വ്യക്തം. യൂറോ കപ്പില്‍ സ്‌ക്വാഡില്‍ ഉണ്ടായിരുന്ന എല്ലാ താരങ്ങള്‍ക്കും കളിക്കാന്‍ അവസരം നല്‍കിയ മാന്‍സീനി താന്‍ കാണുന്ന ദീര്‍ഘകാല ലക്ഷ്യങ്ങള്‍ വ്യക്തമാക്കിതന്നു. 1968 ല്‍ കിരീടം നേടിയ ശേഷം 53 വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ഒടുവിലാണ് ഇറ്റലി വീണ്ടും യൂറോ കപ്പ് ജേതാക്കളായിരിക്കുന്നത്. 
 
അവസാന 34 മത്സരങ്ങളില്‍ 28 കളികള്‍ മാന്‍സീനിയുടെ നേതൃത്വത്തില്‍ അസൂറികള്‍ ജയിച്ചു. ആറ് കളികള്‍ സമനിലയിലായി. 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍