സ്പാനിഷ് ലീഗ്‌ ഫുട്‌ബോളില്‍ ചാമ്പ്യന്മാരായി ബാഴ്സലോണ

ഞായര്‍, 15 മെയ് 2016 (10:57 IST)
സ്‌പാനിഷ്‌ ലീഗ്‌ ഫുട്‌ബോളില്‍ ബാഴ്‌സലോണ കിരീടം നിലനിര്‍ത്തി. തുടര്‍ച്ചയായി രണ്ടാംതവണയാണ്‌ ബാഴ്‌സ കിരീടം നിലനിര്‍ത്തുന്നത്‌. സീസണിന്റെ കൊട്ടിക്കലാശത്തില്‍ ഗ്രനഡയെ 3-0ത്തിന് തകര്‍ത്ത് കറ്റാലന്‍ പട ലാ ലിഗയില്‍ ഹാട്രിക്  കിരീടമണിഞ്ഞപ്പോള്‍ ചരിത്രത്തിലെ ഇരുപത്തിനാലാം കിരീടവുമായി ഉറുഗ്വായ് ഗോളടിയന്ത്രം ലൂയി സുവാരസിന്റെ ബൂട്ടിലൂടെ പിറന്ന ഹാട്രിക് ഗോളുകളാണ് ബാഴ്സക്ക് കിരീടമുറപ്പിച്ച നിര്‍ണായക ജയം സമ്മാനിച്ചത്. 
 
എതിരാളികളായ റയാല്‍ മാഡ്രിഡിനെ ഒരു പോയിന്റ്‌ വ്യത്യാസത്തിലാണ്‌ ബാഴ്‌സ മറികടന്നത്‌. ബാഴ്‌സ തോല്‍ക്കുകയോ സമനില വഴങ്ങുകയോ ചെയ്‌തിരുന്നെങ്കില്‍ റയാല്‍ ലീഗ്‌ ജേതാക്കളാകുമായിരുന്നു. 38 കളികളില്‍നിന്ന്‌ 91 പോയിന്റ്‌ നേടിയാണ്‌ ബാഴ്‌സ പട്ടാഭിഷേകത്തിന്‌ അര്‍ഹരായത്‌. അത്രയും കളികളില്‍നിന്ന്‌ 90 പോയിന്റ്‌ നേടിയ റയാല്‍ രണ്ടാംസ്‌ഥാനം ഉറപ്പാക്കി. ഇന്നലെ ഹാട്രിക്കടിച്ചതോടെ സുവാരസ്‌ ലീഗിലെ ടോപ്‌ സ്‌കോററുമായി. 35 കളികളില്‍നിന്ന്‌ 40 ഗോളാണ്‌ സുവാരസിന്റെ നേട്ടം.
 
സീസണ്‍ ആരംഭത്തില്‍ തുടര്‍ജയങ്ങളുമായി വ്യക്തമായ ലീഡോടെയായിരുന്നു ബാഴ്സയുടെ കുതിപ്പ്. സെല്‍റ്റയോടും സെവിയ്യയോടുമേറ്റ അട്ടിമറിത്തോല്‍വി മാറ്റിനിര്‍ത്തിയാല്‍ അപരാജിത കുതിപ്പ്. മെസിയൊരുക്കിയ വഴിയിലൂടെയാണ്‌ സുവാരസ്‌ ഗോളിലെത്തിയത്‌. ഗ്രനേഡ പ്രതിരോധക്കാരെ തുളച്ചു കയറിയ മെസി പന്ത്‌ നെയ്‌മറിനു മറിച്ചു നല്‍കി. പന്ത്‌ വലയിലേക്കു സ്വന്തമായി തിരിച്ചുവിടാതെ നെയ്‌മര്‍ സുവാരസിനു നല്‍കുകയായിരുന്നു.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക