യൂറോ കപ്പിൽ ഫിൻലൻഡിനെതിരായ മത്സരത്തിനിടെ കുഴഞ്ഞുവീണ ഡെൻമാർക്ക് താരം ക്രിസ്റ്റ്യൻ എറിക്‌സണിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായി റിപ്പോർട്ട്. താരം പ്രതികരിക്കുന്നുണ്ടെന്ന് യുവേഫ ട്വിറ്ററിൽ അറിയിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ എറിക്‌സൺ കണ്ണ് തുറന്ന് നോക്കുന്ന ചിത്രം ഫുട്ബോൾ ആരാധകർക്ക് വലിയ ആശ്വാസമാണ് നൽകിയത്.
കോപന്‍ഹേഗനില്‍ മത്സരം നടക്കുന്നതിനിടെ 42-ാം മിനിറ്റിലാണ് താരം ഗ്രൗണ്ടില്‍ കുഴഞ്ഞുവീണത്. ഇതോടെ മത്സരം നിർത്തിവെക്കുകയായിരുന്നു. മാച്ച് റഫറിയുടെ കൃത്യമായ ഇടപെടലിനെ തുടർന്ന് ഗ്രൗണ്ടിലേക്ക് ഓടിയടുത്ത മെഡിക്കല്‍ സംഘം ഗ്രൗണ്ടില്‍ വച്ചുതന്നെ താരത്തെ പരിചരിച്ചു. പിന്നാലെ 15 മിനിറ്റ് നീണ്ട പരിചരണത്തിന് ശേഷമാണ് ആശുപത്രിയിൽ കൊണ്ടുപോകാനായത്.
ഇതിനിടെ അത്യാസന്ന നിലയിലായിരുന്ന എറിക്‌സണിന്റെ ചിത്രങ്ങൾ വിൽക്കുന്നതിന് തടസമായി സഹതാരങ്ങൾ അയാളെ വട്ടം കൂടി സ്വകാര്യതയൊരുക്കി. പലതാരങ്ങളും കരയുകയായിരുന്നു. എറിക്‌സണെ പുറത്തേക്ക് കൊണ്ടുപോയതിന് പിന്നാലെ മത്സരം റദ്ദാക്കിയതായി യുവേഫ ഔദ്യോഗികമായി അറിയിച്ചു. എറിക്‌സൺ പൂർണ ആരോഗ്യത്തോടെ തിരിച്ചുവരട്ടെയെന്ന പ്രാർത്ഥനയിലാണ് ലോകമെങ്ങുമുള്ള ഫുട്ബോൾ പ്രേമികൾ.