തോല്‍വി അറിയാതെ കോപ്പ അമേരിക്ക പ്രീ-ക്വാര്‍ട്ടര്‍ ഉറപ്പിച്ച് അര്‍ജന്റീന; പരഗ്വായിയെ എതിരില്ലാത്ത ഒരു ഗോളിന് വീഴ്ത്തി

ചൊവ്വ, 22 ജൂണ്‍ 2021 (07:28 IST)
അര്‍ജന്റീന കോപ്പ അമേരിക്ക പ്രീ-ക്വാര്‍ട്ടറില്‍. ടൂര്‍ണമെന്റിലെ തങ്ങളുടെ മൂന്നാം മത്സരത്തില്‍ പരഗ്വായിയെ തോല്‍പ്പിച്ചാണ് അര്‍ജന്റീന പ്രീ-ക്വാര്‍ട്ടര്‍ ഉറപ്പിച്ചത്. രണ്ട് ജയവും ഒരു സമനിലയുമായാണ് അര്‍ജന്റീന ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. ടൂര്‍ണമെന്റിലെ അവസാന മത്സരത്തില്‍ ബൊളീവിയയാണ് അര്‍ജന്റീനയുടെ എതിരാളികള്‍. 
 
പരഗ്വായിയെ എതിരില്ലാത്ത ഒരു ഗോളിനാണ് അര്‍ജന്റീന തോല്‍പ്പിച്ചത്. മത്സരത്തിന്റെ പത്താം മിനിറ്റിലാണ് അര്‍ജന്റീന ആദ്യ ഗോള്‍ നേടിയത്. കാഴ്ചക്കാരായി നിന്ന പരഗ്വായ് പ്രതിരോധനിരയെ വിദഗ്ധമായി കബളിപ്പിച്ച് പാപ്പു ഗോമസ് ആണ് അര്‍ജന്റീനയ്ക്ക് വേണ്ടി ആദ്യ ഗോള്‍ നേടിയത്. ഏയ്ഞ്ചല്‍ ഡി മരിയയുടെ പാസാണ് ഗോമസ് ലക്ഷ്യത്തിലെത്തിച്ചത്. രണ്ടാം പകുതിയിലും അര്‍ജന്റീന ആക്രമിച്ചു കളിച്ചു. എന്നാല്‍, ലീഡ് ഉയര്‍ത്താന്‍ സാധിച്ചില്ല. 
 
ഗ്രൂപ്പില്‍ ഏഴ് പോയിന്റുമായാണ് അര്‍ജന്റീന പ്രീ-ക്വാര്‍ട്ടറിലെത്തുന്നത്. ആദ്യ മത്സരത്തില്‍ ചിലെയ്ക്ക് എതിരെ അര്‍ജന്റീന 1-1 എന്ന നിലയില്‍ സമനില വഴങ്ങുകയായിരുന്നു. രണ്ടാം മത്സരത്തില്‍ ഉറുഗ്വായിയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിക്കുകയും ചെയ്തു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍