മിലാനും മാഞ്ചസ്റ്ററിനും സമനില

വ്യാഴം, 21 ഫെബ്രുവരി 2008 (10:52 IST)
PROPRO
ലോകത്തെ പ്രമുഖ ഫുട്ബോള്‍ ലീഗുകളില്‍ ഒന്നാണ് നടത്തുന്നതെങ്കിലും യുവേഫ ചാമ്പ്യന്‍‌സ് ലീഗില്‍ ഇംഗ്ലീഷ് ക്ലബ്ബുകളുടെ കദനകഥ തുടരുകയാണ്. ക്വാര്‍ട്ടര്‍ മത്സരങ്ങളുടെ ആദ്യ പാദത്തില്‍ ഇംഗ്ലെണ്ടിലെ ചാമ്പ്യന്‍ ക്ലബ്ബുകളുടെ സമനിലവിധി തുടരുകയാണ്. ബുധനാഴ്ച സമനിലയില്‍ കുരുങ്ങിയത് മാഞ്ചസ്റ്റര്‍ യുണൈറ്റഡും ആഴ്സണലുമായിരുന്നു.

മാഞ്ച്സ്റ്റര്‍ യുണൈറ്റഡ് ഫ്രഞ്ച്ക്ലബ്ബ് ഒളിമ്പിക് ലിയോണുമായി ഒരു ഗോള്‍ സമനില പങ്കു വച്ചപ്പോള്‍ ആഴ്സണല്‍ ചാമ്പ്യന്‍‌മാരായ എ സി മിലാനെ സമനിലയില്‍ കുരുക്കി. ഫ്രഞ്ച്ക്ലബ്ബ് സ്വന്തം തട്ടകത്തിലാണ് മാഞ്ചസ്റ്ററിനെ തടഞ്ഞത്. പരാജയപ്പെടും എന്ന ഘട്ടത്തില്‍ പകരക്കാരനായെത്തിയ അര്‍ജന്‍റീന താ‍രം ടവസായിരുന്നു ചെങ്കുപ്പായക്കാരെ രക്ഷിച്ചത്.

റയാന്‍ ഗിഗ്‌സിന്‍റെ നൂറാം മത്സരം എന്ന നിലയിലായിരുന്നു മാഞ്ചസ്റ്ററിന്‍റെ മത്സരം ഏറെ പ്രസക്തമായത്. എന്നാല്‍ മുന്നേറ്റക്കാരായ റൂണി, ക്രിസ്ത്യാനോ എന്നിവര്‍ക്ക് കാര്യമായി തിളങ്ങാനാകാതെ വന്നത് മാഞ്ചസ്റ്ററിനെ ദോഷകരമായി ബാധിക്കുകയായിരുന്നു. ഗോളില്ലാതെ അവസാനിച്ച ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതി അമ്പത്തിനാലാം മിനിറ്റിലെത്തിയപ്പോള്‍ ബെന്‍‌സേമ ലിയോണിനെ മുന്നിലെത്തിച്ചു.

ഈ സീസണില്‍ ബെന്‍സേമയുടെ ഇരുപത്തിനാലാമത്തെ ഗോളായിരുന്നു ഇത്. എന്നാല്‍ അറുപത്തഞ്ചാം മിനിറ്റില്‍ ഷോള്‍‌‌സിനു പകരക്കാരനായി എത്തിയ ടവസ് എണ്‍പത്തേഴാം മിനിറ്റില്‍ ഉജ്വലമായ ഒരു നീക്കത്തിലൂടെ മാഞ്ചസ്റ്ററിനു സമനില നല്‍കുകയായിരുന്നു. പിന്നിലായിപ്പോയ ശേഷം കളിക്കാര്‍ക്കും മാഞ്ചസ്റ്റര്‍ ആരാധകര്‍ക്കും ജീവന്‍ വീണത് അപ്പോഴായിരുന്നു. എമിറേറ്റ്‌സില്‍ ആഴ്‌സണല്‍ എ സി മിലാനെ സമനിലയില്‍ കുരുക്കി.

അമ്പത്തിമൂന്നാം മിനിറ്റില്‍ ഇമ്മാനുവേല്‍ അഡൊബായേര്‍ ആഴ്‌സണലിനു ഗോള്‍ കണ്ടെത്തിയെങ്കിലും ഓഫ് സൈഡ് കെണിയില്‍ പെട്ടു പോയി. എ സി മിലാനും ഒട്ടേറെ ചാന്‍സുകള്‍ നെയ്തെടുത്തെങ്കിലും ആഴ്‌സണല്‍ പ്രതിരോധം മികച്ച പ്രകടനം പുറത്തെടുത്തതിനാല്‍ പല മുന്നേറ്റങ്ങളും ലക്‍ഷ്യം കാണാതെ പോകുകയായിരുന്നു.

വെബ്ദുനിയ വായിക്കുക