മധുബാനിയുടെ ചിത്രപുരാണം

ബീഹാറിലെ മധുബാനി ഗ്രാമം അന്താരാഷ്ട്ര പ്രശസ്തമാണ്.

ഏകദേശം 30 വര്‍ഷങ്ങള്‍ക്കുമുന്‍പ് മധുബാനി ഇന്ത്യയില്‍ പോലും ഏറെ അറിയപ്പെടില്ലായിരുന്നു. എന്നാല്‍ ഇന്ന് കഥയാകെ മാറി മധുബാനി അഥവാ മിഥില ചിത്രങ്ങള്‍ക്ക് അന്താരാഷ്ട്ര മാധുര്യമേറുകയാണ്.

വര്‍ഷങ്ങള്‍ക്കുമുമ്പ് മതാചാരമെന്ന നിലയില്‍ ചിത്രങ്ങളില്‍ ദുര്‍ഗ്ഗാദേവിയും പരമശിവനും കൃഷ്ണനുമൊക്കെ വരകളിലൂടെ നിറം വച്ച് രൂപം കൊള്ളുമ്പോള്‍ മധുബാനിയിലെ ഗോത്രവര്‍ഗ്ഗക്കാരായ സ്ത്രീകള്‍ക്ക് അവരുടെ ഗ്രാമം വരകളുടെ ഗ്രാമമായി ഇന്ത്യയും ലോകവും അറിയുമെന്ന് ചിന്തിക്കാന്‍ കൂടി കഴിഞ്ഞിട്ടുണ്ടാവില്ല.

സ്ത്രീ കൂട്ടായ്മയുടെ വിജയം

പാരമ്പര്യം കാക്കാന്‍ മധുബാനിയിലെ ഗോത്രവര്‍ഗ്ഗ സ്ത്രീകള്‍ കാണിച്ച ഉത്സാഹമാണ് മധുബാനി ചിത്രങ്ങള്‍ക്ക് പ്രശസ്തിയുണ്ടാവാന്‍ കാരണമായത്.

ഗ്രാമത്തിലെ പെണ്‍കുട്ടികളെ ചെറുപ്പത്തില്‍ തന്നെ ചിത്രകല പഠിപ്പിച്ചു തുടങ്ങുന്നു. പഠിപ്പിക്കുന്നത് കുടുംബത്തിലെ മുതിര്‍ന്ന സ്ത്രീ തലമുറക്കാരായിരിക്കും.

മധുബാനി ചിത്രങ്ങളുടെ വിജയം ഗ്രാമീണ-ഗോത്രവര്‍ഗ സ്ത്രീകളുടെ കൂട്ടായ്മയുടെ കൂടി വിജയമാണ്. ഗുജറാത്തിലെ ആനന്ദിലെ അമുല്‍ ധവളവിപ്ളവത്തിന് സമാനമാണ്.

ചിത്രവിഷയങ്ങള്‍

ഹിന്ദു ദൈവങ്ങളും പ്രകൃതിയുമാണ് മധുബാനി ചിത്രങ്ങളുടെ മുഖ്യവിഷയം. ദുര്‍ഗയും, കാളിയും, ഗൗരിയും ഗണേശനും കൃഷ്ണനും ശിവനും പരമ്പരാഗത ചിത്രങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നു.

വൃക്ഷങ്ങളും പക്ഷിമൃഗാദികളും മധുബാനി ചിത്രത്തിന്‍റെ പ്രകൃതിബന്ധം വിളിച്ചറിയിക്കുന്നു.

വരയുടെ പ്രകൃതി

മധുബാനി ചിത്രങ്ങള്‍ പ്രകൃതിയുമായി എല്ലാ രീതിയിലും താദാത്മ്യം പ്രാപിക്കുന്നു. പ്രകൃതിയില്‍ നിന്നുണ്ടാക്കുന്ന ചായങ്ങളും പ്രകൃതിയുടെ ക്യാന്‍വാസും കൂടിച്ചേരുമ്പോള്‍ മധുബാനി ചിത്രത്തിന്‍റെ പൂര്‍ണ്ണത സൗന്ദര്യമായി മാറുന്നു.

ഇലച്ചാറുകളാണ് ചിത്രരചനയുടെ നിറമാകുന്നത്. മുഖ്യമായും പ്രകൃതിയില്‍ നിന്ന് യന്ത്രസഹായമില്ലാതെയുണ്ടാക്കുന്ന കടലാസുകളിലാണ് ചിത്രങ്ങള്‍ വരയ്ക്കുക. തുണികളും ചിത്രത്തിന്‍റെ പ്രതലങ്ങളാവാറുണ്ട്.

അല്പം ചരിത്രം

ചരിത്രം പരിശോധിച്ചാല്‍ മധുബാനി ചിത്രങ്ങള്‍ മുഖ്യമായും ഗ്രാമത്തിലെ വിവാഹാഘോഷങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.

കല്യാണദിവസം വധുവിനെ ഗ്രാമത്തിലെ സ്ത്രീകളെല്ലാം ചേര്‍ന്ന് ഗൗരി ദേവിയുടെ മുന്നില്‍ കൊണ്ടുവന്ന് ഇത്രയും കാലം നല്ല ഭര്‍ത്താവിനായി നടത്തിയ പ്രാര്‍ത്ഥന ചെവിക്കൊണ്ടതിന് നന്ദി പറയിക്കുന്നു.

ഗൗരി ദേവിയുടെ ചിത്രം അനുഷ്ഠാനങ്ങളോടുകൂടി ഗ്രാമത്തിലെ സ്ത്രീകള്‍ വരച്ചുണ്ടാക്കിയതായിരിക്കും.ഇങ്ങനെ ഒരു ഗോത്രാചാരത്തിന്‍റെ നിറമുള്ള ഭാഗങ്ങള്‍ക്ക് അന്താരാഷ്ട്ര പ്രശസ്തി ലഭിച്ചിരിക്കുന്നു.

വെബ്ദുനിയ വായിക്കുക