ഡൊണാള്‍ഡ് താറാവിന് പിറന്നാള്‍

ലോകമെമ്പാടുമുള്ള ആബാലവൃദ്ധം ജനങ്ങളെ ഒന്നുപോലെ ആകര്‍ഷിക്കുകയും രസിപ്പിക്കുകയും ചെയ്യുന്ന കാര്‍ട്ടൂണ്‍ കഥാപാത്രമാണ് ഡൊണാള്‍ഡ് ഡക്ക്.

കാര്‍ട്ടൂണ്‍ ലോകത്ത് ആദ്യമായി ഡൊണാള്‍ഡ് പ്രത്യക്ഷപ്പെട്ടത് 1934 ജൂണ്‍ ഒമ്പതിന് ദി വൈസ് ലിറ്റില്‍ ഹെന്‍ എന്ന കാര്‍ട്ടൂണിലൂടെയാണ്.

ഡിസ്നിയുടെ കഥാപുസ്തകത്തില്‍ 1931ല്‍ തന്നെ ഡൊണാള്‍ഡിനെക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. ദി വൈസ് ഹെന്‍ എന്ന കാര്‍ട്ടൂണ്‍ ചിത്രത്തിന്‍റെ സംവിധായകനായ ബെര്‍ട്ട് ഗില്ലറ്റ് അദ്ദേഹത്തിന്‍റെ മിക്കിമൗസ് കാര്‍ട്ടൂണ്‍ ചിത്രമായ ദി ഓര്‍ഫന്‍സ് ബെനിഫിറ്റിലൂടെ 1934 ഓഗസ്റ്റ് 11ന് ഡൊണാള്‍ഡിനെ വീണ്ടും അവതരിപ്പിച്ചു.

മിക്കി മൗസ് കാര്‍ട്ടൂണിലെ കഥാപാത്രങ്ങളോടൊപ്പം സ്ഥിരമായി പ്രത്യക്ഷപ്പെട്ടു തുടങ്ങിയ ശേഷമാണ് ഡൊണാള്‍ഡ് ജനശ്രദ്ധ പിടിച്ചു പറ്റിയത്. പ്രസിദ്ധ അനിമേറ്ററായ ബെന്‍ ഷാര്‍പ്സ്റ്റീന്‍ 1935ല്‍ മിക്കീസ് സര്‍വീസ് സ്റ്റേഷന്‍ എന്ന കാര്‍ട്ടൂണിലൂടെ മിക്കിയെയും ഡൊണാള്‍ഡിനെയും ഗൂഫിയെന്ന് ചേര്‍ത്ത് അവതരിപ്പിച്ചു.

1949 ഓടെ ഡൊണാള്‍ഡ് ഡക്ക് മിക്കി മൗസിനെ കവച്ചുവച്ച് വന്‍ ജനശ്രദ്ധ പിടിച്ചു പറ്റി. 1941ന് മുമ്പ് അമ്പതോളം കാര്‍ട്ടൂണുകളില്‍ പ്രത്യക്ഷപ്പെട്ട ഡൊണാള്‍ഡ് 1941നും 1965നും ഇടയ്ക്ക് നൂറിലധികം കാര്‍ട്ടൂണില്‍ മുഖ്യ കഥാപാത്രമായി.

രണ്ടാം ലോകമഹായുദ്ധ കാലത്ത് ഡൊണാള്‍ഡിന്‍റെ കഥാപാത്രങ്ങള്‍ പ്രചാരണ ചിത്രങ്ങളായാണ് പുറത്തിറങ്ങിയത്. ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ് 1943 ജനുവരി ഒന്നിന് പുറത്തിറങ്ങിയ ഡര്‍ ഫ്യൂഷറേഷ്സ് ഫെയ്സ് എന്ന ഹ്രസ്വചിത്രം. ഇതില്‍ നാസി ജര്‍മ്മനിയിലെ ആയുധശാലയില്‍ പണിയെടുക്കുന്ന ഒരു ജോലിക്കാരന്‍റെ വേഷമാണ് ഡൊണാള്‍ഡിന് .


നീണ്ട ജോലിസമയം, കുറഞ്ഞ ഭക്ഷണം എന്നിവകൊണ്ട് ബുദ്ധിമുട്ടുന്ന, ഹിറ്റ്ലറിന്‍റെ ചിത്രം എപ്പോള്‍ കണ്ടാലും സല്യൂട്ട് ചെയ്യന്ന ഒരു കഥാപാത്രമായാണ് ഇതില്‍ ഡൊണാള്‍ഡ്. ഹിറ്റ്ലറിന്‍റെ ചിത്രങ്ങള്‍ ഒരുപാട് സ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അതിന്‍റെ മുന്നിലെത്തുമ്പോഴെല്ലാം സല്യൂട്ട് ചെയ്യണം.

അവസാനം പണിയെടുത്ത് ക്ഷീണം കൊണ്ട് പിടഞ്ഞു വീഴുന്ന ഡൊണാള്‍ഡ് സംഭവിച്ചതെല്ലാം ഒരു പേക്കിനാവ് ആണെന്ന് വിചാരിക്കുന്നു. 1943ലെ ഏറ്റവും മികച്ച അനിമേറ്റ് ചെയ്ത ഹ്രസ്വചിത്രത്തിനുള്ള അക്കാദമി അവാര്‍ഡ് ഈ ചിത്രത്തിനാണ് ലഭിച്ചത്.

കാര്‍ട്ടൂണുകളില്‍ പ്രത്യക്ഷപ്പെടുന്ന ഡൊണാള്‍ഡിന്‍റെ വേഷം പ്രത്യേകം ശ്രദ്ധേയമാണ്. മഞ്ഞ-ഓറഞ്ച് നിറമുള്ള കാലുകളും പാദങ്ങളുമുള്ള , നാവികന്‍റെ കോട്ടണിഞ്ഞ, തൊപ്പി ധരിച്ച, പാന്‍റ്സ് ഉപയോഗിക്കാത്ത, രസമുളവാക്കുന്ന വേഷവിധാനമാണ് ഡൊണാള്‍ഡിന്‍റേത്.

അതുപോലെതന്നെ ഡൊണാള്‍ഡിന്‍റെ ശബ്ദവും എവിടെ നിന്നാലും തിരിച്ചറിയുന്നതാണ്. ഒക്ളഹോമയിലെ വാതോംഗ എന്ന ദേശക്കാരനായ ക്ളാരന്‍സ് ഡക്കി നാഷാണ് ഡൊണാള്‍ഡ് എന്ന കഥാപാത്രത്തിന് ശബ്ദം നല്‍കിയിരിക്കുന്നത്. കാര്‍ട്ടൂണിലൂടെ ഡൊണാള്‍ഡിനെപ്പോലെ , ഡൊണാള്‍ഡിന് ശബ്ദം നല്‍കിയ ക്ളാരന്‍സ് നാഷും പ്രശസ്തനായി മാറി.

1942ലെ ഡൊണാള്‍ഡ് ഗെറ്റ്സ് ഡ്രാഫ്റ്റഡ് എന്ന കാര്‍ട്ടൂണില്‍ ഡൊണാള്‍ഡിന്‍റെ പൂര്‍ണ നാമം ഡൊണാള്‍ഡ് ഫാന്‍റിലറോയ് ഡക്ക് എന്നാണ് പറഞ്ഞിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക