ഡേവിഡിന്‍റെയും കുട്ടികളുടെയും വര്‍ണ്ണ കാഴ്ചകള്‍

WDWD
തിരുവനന്തപുരത്തെ വൈലോപ്പിള്ളി സംസ്കൃതി ഭവനില്‍ കഴിഞ്ഞ ദിവസം സമാപിച്ച പെയിന്‍റിംഗ് മേള കൌതുകകരമായ അനുഭവമായിരുന്നു. ഒരുകൂട്ടം യുവ ചിത്രകാരന്മാരായിരുന്നു ഈ മേളയിലും പ്രദര്‍ശനത്തിലും പങ്കെടുത്തത്. അവര്‍ക്കുമുണ്ടായിരുന്നു ഒരു സവിശേഷത. സ്പെഷ്യല്‍ ചില്‍ഡ്രന്‍ എന്ന വിഭാഗത്തില്‍ പെടുത്താവുന്ന വിദ്യാര്‍ത്ഥികളായിരുന്നു ചിത്രരചയിതാക്കള്‍.

സ്പെയിനില്‍ നിന്നും എത്തി തിരുവനന്തപുരത്തെ ഫൈന്‍ ആര്‍ട്ട്‌സ് കോളേജില്‍ രണ്ട് വര്‍ഷം മുമ്പ് അതിഥി വിദ്യാര്‍ത്ഥിയായി ചേര്‍ന്ന് പഠിക്കുന്ന ഡേവിഡ് അറിബാസ് കുബേരോ ആയിരുന്നു ഈ മേളയുടെ സംഘാടകന്‍. ചിത്രപ്രദര്‍ശനത്തിന്‍റെ സ്ഥിരം വേദികളില്‍ ഒന്നായ വൈലോപ്പിള്ളി സംസ്കൃതി ഭവനിലെ ഗ്യാലറികള്‍ ഈ പ്രദര്‍ശനത്തിലൂടെ വര്‍ണ്ണങ്ങളുടെ ദൃശ്യവിസ്മയം തീര്‍ക്കുകയായിരുന്നു.

വെറും പെയിന്‍റിംഗുകള്‍ മാത്രമല്ല, കൊളാഷുകളും തുണികൊണ്ടുള്ള ആപ്ലിക് വേലകളും പ്രദര്‍ശനത്തിനുണ്ടായിരുന്നു. മിക്കവയുടേയും പശ്ചാത്തലം അച്ചടിച്ച കടലാസുകളോ കാര്‍ഡുകളോ ആയിരുന്നു എന്നതായിരുന്നു മറ്റൊരു സവിശേഷത.

ജനുവരി 25 മുതല്‍ നാല് ദിവസം നടന്ന പ്രദര്‍ശനത്തില്‍ ബുദ്ധിപരമായും ശാരീരികമായും വിവിധ തലങ്ങളിലുള്ള എന്നാല്‍ ഭാവനയുടെ അല്‍ഭുത സിദ്ധികള്‍ ഉള്ളിലൊതുക്കിയ കുഞ്ഞു കലാപ്രവര്‍ത്തകരുടെ നൂറിലേറെ രചനകള്‍ ഉണ്ടായിരുന്നു. മിക്ക ദിവസങ്ങളിലും വൈകുന്നേരം അവരെല്ലാം ഒത്തുകൂടി പ്രദര്‍ശന ഹാളില്‍ കൂട്ടായ്മയുടെ ആഹ്ലാ‍ദം പങ്കുവയ്ക്കുന്നതും കാണാമായിരുന്നു.

ഒബ്സര്‍വേഷനിലെയും പൂജപ്പുരയിലേയും കുട്ടികള്‍ക്കുള്ള സ്പെഷ്യല്‍ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍, സര്‍ക്കാര്‍ ബധിര വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികള്‍, മറിയന്‍ പ്ലേ ഹോമിലെ കുരുന്നുകള്‍ എന്നിവരെല്ലാമാണ് രചനകളുമായി മേളയില്‍ പങ്കെടുത്തത്.

.
WDWD
കേരളത്തേയും ഇന്ത്യയേയും സ്നേഹിക്കുന്ന ഡേവിഡ് കുബേറൊ കുട്ടികളുടെ കളിത്തോഴനാണ്. അവസരങ്ങള്‍ കിട്ടാതെ മാറ്റിനിര്‍ത്തിയ ശാരീരികമായും ബുദ്ധിപരമായും അല്‍പ്പം വ്യത്യാസങ്ങള്‍ അനുഭവിക്കുന്ന കുട്ടികള്‍ക്ക് അവരുടെ കലാവാസനകള്‍ അവതരിപ്പിക്കാന്‍ അവസരം നല്‍കുക എന്നത് ഡേവിഡിന്‍റെ വലിയൊരു സ്വപ്നമായിരുന്നു. അതിന് അദ്ദേഹം കഠിനാദ്ധ്വാനം ചെയ്തു.


WDWD


സ്പാനിഷ് സര്‍ക്കാരിന്‍റെ ധനസഹായത്തോടെയാണ് ഡേവിഡ് ഫൈന്‍ ആര്‍ട്ട്‌സ് കോളേജില്‍ പഠിച്ച് ഈ പ്രോജക്‍ട് ഫലപ്രാപ്തിയില്‍ എത്തിക്കുന്നത്. ഗ്യാലറിയുടെ വാടകയും പേപ്പറിന്‍റെയും ചായത്തിന്‍റെയും വിലയും മറ്റും സ്വന്തം പോക്കറ്റില്‍ നിന്നെടുത്താണ് ഡേവിഡ് കുട്ടികള്‍ക്ക് വേണ്ടി ചെലവാക്കിയത്

പാഴ് പേപ്പറിനെ പോലും കലാമൂല്യമുള്ള വസ്തുവാക്കി മാറ്റുന്ന അത്ഭുത വിദ്യയാണ് ഡേവിഡ് ഈ കുട്ടികളിലൂടെ സാധിച്ചിരിക്കുന്നത്. ഇതൊരു പെയിന്‍റിംഗല്ല, കലാ ആവിഷ്കാരമാണ്. പേപ്പറും തുണിയും ചായവും പാളയും എല്ലാം ചേര്‍ത്തുള്ള കലാശില്‍പ്പങ്ങളാണ് കുരുന്നുകള്‍ മെനഞ്ഞുവച്ചിരിക്കുന്നതെന്ന് ഡേവിഡ് പറഞ്ഞു.
WDWD

പാള ഉപയോഗിച്ച് കുട്ടികള്‍ മനോഹരമായ മുഖാവരണങ്ങളും തീര്‍ത്തിട്ടുണ്ട്. വര്‍ണ്ണങ്ങളുടെ കലാപമില്ലാത്ത ഒരു ചുവരുപോലും അവശേഷിപ്പിക്കാതെയാണ് മൂന്ന് ദിവസം ഈ പ്രദര്‍ശനം നടന്നത്.

നാലു കൊല്ലം മുമ്പാണ് സ്പെയിനിലെ വല്ലാഡോലിഡ് സ്വദേശിയായ ഡേവിഡ് കേരളത്തിലേക്ക് വരുന്നത് - ഒരു ആയുര്‍‌വേദ കേന്ദ്രത്തിലേക്ക്. കേരളത്തിന്‍റെ ദൃശ്യഭംഗിയിലും ആന്തരിക സൌന്ദര്യത്തിലും ആകൃഷ്ടനായ അദ്ദേഹം കലാ പഠനത്തിനുള്ള സ്കോളര്‍ഷിപ്പുമായി രണ്ട് കൊല്ലം മുമ്പ് വീണ്ടും തിരുവനന്തപുരത്തെത്തി.


WDWD
പ്രദര്‍ശനം സംഘടിപ്പിക്കാന്‍ തുടങ്ങിയപ്പോള്‍ നേരിട്ട ചില തടസങ്ങള്‍ അദ്ദേഹത്തിന്‍റെ കേരളത്തെ കുറിച്ചുള്ള ദിവ്യ സങ്കല്‍പ്പങ്ങളെ അല്‍പ്പം കരിപൂശിയിട്ടുണ്ട്, എങ്കിലും ഡേവിഡ് സന്തുഷ്ടനാണ്, അദ്ദേഹം കണ്ടെത്തി അവതരിപ്പിച്ച കുട്ടികളും.

ശില്‍പ്പ രചനയിലെ കോഴ്സ് മാര്‍ച്ചില്‍ തീരും. ഏപ്രിലോടുകൂടി അദ്ദേഹം നാട്ടിലേക്ക് തിരിക്കും, നിറഞ്ഞ മനസ്സോടെ.

കുട്ടികള്‍ ഇവിടെ സ്വയം അവതരിപ്പിക്കുകയാണ്. അതിരുകളോ വാക്കുകളോ പരിമിതപ്പെടുത്താത്ത ഒരു ദൃശ്യ ആവിഷ്കാരം. പരിസ്ഥിതി അവബോധം വളര്‍ത്തുക എന്നതുകൂടി ഡേവിഡിന്‍റെ ഒരു ലക്‍ഷ്യമാണ്. അതുകൊണ്ടാണ് പാഴ് വസ്തുക്കളും വില കുറഞ്ഞതും പുനര്‍ ചംക്രമണം ചെയ്തതുമായ വസ്തുക്കള്‍ കലാ വസ്തുക്കള്‍ ഉണ്ടാക്കാന്‍ അദ്ദേഹം ഉപയോഗിക്കുന്നതും കുട്ടികള്‍ക്ക് നല്‍കുന്നതും. അങ്ങനെ അദ്ദേഹം കുട്ടികളുമൊത്ത് അവസാനമില്ലാത്തൊരു കലായാത്രയ്ക്ക് തുടക്കമിട്ടു കഴിഞ്ഞു.

ആവിഷ്കാരത്തിന് തുല്യതയും അവസരവും ഒരുക്കിക്കൊടുക്കാന്‍ ഡേവിഡിനു കഴിഞ്ഞു. അദ്ദേഹത്തിന് ഒരു സന്ദേശമേ നല്‍കാനുള്ളു - നിങ്ങളും നിങ്ങളുടെ സുഹൃത്തുക്കളും കുടുംബവും എല്ലാം ഈ മഹത്തായ യാത്രയില്‍ അണിചേരുകയും കുട്ടികള്‍ക്കായി പെയിന്‍റിംഗിനും കലാരചനയ്ക്ക് ഉതകുകയും ചെയ്യുന്ന വസ്തുക്കള്‍ നല്‍കുകയും നിരന്തരം പ്രോത്സാഹിപ്പിക്കുകയും ചെയ്യുക. അവര്‍ക്ക് മറ്റുള്ളവരെ പോലെ വളരാന്‍ അവസരമൊരുക്കുക.