കാനായിയുടെ ശില്‍പചാരുത

T.Sasi Mohan
കവിത തുളുമ്പുന്ന ശില്‍പങ്ങള്‍ നിര്‍മ്മിച്ചയാളാണ് കാനായി കുഞ്ഞിരാമന്‍. മലയാളിയുടെ കപട സദാചാരത്തെ വെല്ലുവിളിക്കുന്ന രണ്ട് കൂറ്റന്‍ ശില്‍പങ്ങളുണ്ട് കാനായിയുടേതായി. ശംഖുമുഖത്തെ സാഗര കന്യകയും മലമ്പുഴയിലെ യക്ഷിയും.

ജ-നങ്ങളും കലാകാരന്മാരും തമ്മിലുള്ള അകലം കുറയ്ക്കാനാണ് ഇത്തരം പടുകൂറ്റന്‍ പുറം വാതില്‍ ശില്‍പങ്ങള്‍ അദ്ദേഹം നിര്‍മ്മിച്ചത്.

കേരളത്തിന്‍റെ ദേവശില്‍പിയായ കാനായി കുഞ്ഞിരാമന് ഇക്കുറി സംസ്ഥാന സര്‍ക്കാരിന്‍റെ ഏറ്റവും വലിയ ബഹുമതികളിലൊന്നായ രാജാ രവിവര്‍മ്മ പുരസ്കാരം ലഭിച്ചു.

മറ്റൊരു കലാകാരനും ലഭിക്കാത്ത ഒരപൂര്‍വ ഭാഗ്യമാണ് രാജാരവിവര്‍മ്മ പുരസ്കാരത്തിലൂടെ കാനായിക്ക് കിട്ടിയത്- താന്‍ രൂപകല്‍പന ചെയ്ത ശില്‍പം പുരസ്കാരമായി ലഭിക്കുക എന്ന ബഹുമതി.

ശ്രീനാരായണ ഗുരു,നേതാജി,ശ്രീ ചിത്തിര തിരുനാള്‍,പട്ടം താണു പിള്ള,മന്നത്തു പദ്മനാഭന്‍, വിക്രം സരാഭായ്,ഡോ പല്പു,മാമ്മന്‍ മാപ്പിള, ഇ എം എസ്,രബീന്ദ്രനാഥ് ടഗോര്‍ തുടങ്ങി ഒട്ടേരെ മഹാന്മാരുടെ വെങ്കല പ്രതിമയും കാനായി തീര്‍ത്തിട്ടുണ്ട്.

വീട്ടിലൊരു ചിത്രം, മുറ്റത്തൊരു ശില്‍പം എന്നതായിരുന്നു ലളിതകലാ അക്കാഡമിയുടെ ചെയര്‍മാനായിരുന്ന കാനായിയുടെ മുദ്രാവാക്യം. ശില്‍പകലയേയും ചിത്രകലയേയും ജനകീയമാക്കാനായിരുന്നു അദ്ദേഹത്തിന്‍റെ ശ്രമം.


പാരമ്പര്യ ശില്‍പ ചിത്രമേഖലയെ ആവോളം പ്രോത്സാഹിപ്പിച്ച അദ്ദേഹം ആധുനിക ഡിജിറ്റല്‍ ചിത്ര രീതിക്കും മതിയായ പ്രാധാന്യം നല്‍കിയിരുന്നു. കൂറ്റന്‍ ശില്‍പങ്ങളോടാണ് കാനായിയുടെ ഇഷ്ടം. വ്യത്യസ്തതകള്‍ അദ്ദേഹം ഇഷ്ടപ്പെടുന്നു. പ്രകൃതിയുടെ കിടപ്പിനനുസരിച്ചും ശില്‍പത്തിന്‍റെ വിഷയത്തില്‍, രൂപകല്‍പനയില്‍ മാറ്റം വരുത്താന്‍ അദ്ദേഹത്തിന് അതീവ് വൈദഗ്ദ്ധ്യമുണ്ട്.



T.S
കാസര്‍കോട്ടുകാരനാണ് കാനായി എങ്കിലും അദ്ദേഹത്തിന്‍റെ ശില്‍പ പരമ്പരകളും ശില്‍പ സമുച്ചയങ്ങളും കേരളത്തില്‍ അങ്ങോളമിങ്ങോളം കാണാം. വടക്കേ മലബാറിലെ പാരമ്പര്യ അനുഷ്ടാന കലാരൂപങ്ങളുടെ സ്വാധീനത്തില്‍ നിര്‍മ്മിച്ച മുക്കോല പെരുമാള്‍, വേളിയിലെ ശില്‍പ സമുച്ചയ ഗ്രാമം എന്നിവ ഏറെ ശ്രദ്ധേയമാണ്

കേരളത്തിലെ ഏറ്റവും വലിയ ശില്‍പമാണ് തിരുവനന്തപുരം ശംഖുമുഖം കടപ്പുറത്തെ സാഗര കന്യക. കോണ്‍ക്രീറ്റില്‍ തീര്‍ത്ത ഈ അര്‍ദ്ധ നഗ്ന ശില്‍പം സ്ത്രീ സൗന്ദര്യത്തെ മുഴുവന്‍ ആവാഹിച്ചിരിക്കുന്നു. സ്ത്രീയുടെ അഴകളവിന്‍റെ മുഗ്ദ്ധ ലാവണ്യം അതില്‍ നിറഞ്ഞുതുളുമ്പുകയാണ്.

മലമ്പുഴയിലെ ഉദ്യാനത്തില്‍ തലമുടി വിടര്‍ത്തി കാലുകള്‍ അകറ്റി ഘോരരൂപിണിയായി നില്‍ക്കുന്ന യക്ഷിപോലും കാനായിയുടെ കരസ്പര്‍ശത്താല്‍ കലാസൗന്ദര്യമായി മാറി. നഗ്നത സൗന്ദര്യവും ഉദാത്തമായ സൗന്ദര്യാനുഭൂതിയുമാകുന്ന കാഴ്ചയാണിവിടെ.

സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് മുന്‍പിലും പൊതുസ്ഥലങ്ങളിലും സിമന്‍റില്‍ കാനായി ഒരുക്കിയ ശില്‍പങ്ങള്‍ ജ-നങ്ങളുമായി അടുത്തു നില്‍ക്കുന്നു. കല ജ-നങ്ങള്‍ക്ക് വേണ്ടിയാണ് എന്നാണ് അദ്ദേഹത്തിന്‍റെ പ്രത്യയ ശാസ്ത്രം.


മദ്രാസ് ഫൈന്‍ ആര്‍ട്സ് കോളേജ-ിലെ പഠനം, ലണ്ടനിലെ കലാ പരിശീലനത്തിനിടയില്‍ ഉണ്ടായ ലോകോത്തര ശില്‍പികളുമായുള്ള പരിചയം എന്നിവ കാനായിയിലെ കലാകാരനെ ഉണര്‍ത്തിവിട്ടു. യക്ഷിയിലൂടെയാണ് കാനായി ശ്രദ്ധേയനാവുന്നത്.

പ്രകൃതിയുമായും ജ-നങ്ങളുമായും ഇണങ്ങി നില്‍ക്കുന്ന ശില്‍പ നിര്‍മ്മാണത്തിന് വേളി വിനോദ സഞ്ചാര കേന്ദ്രത്തിലെ ശില്‍പ സമുച്ചയം വഴിയാണ്. പാരമ്പര്യ ബിംബങ്ങളും പ്രതീകങ്ങളും ഉള്‍ക്കൊള്ളുന്ന അമൂര്‍ത്ത ശില്‍പങ്ങളും സന്ധ്യയ്ക്ക് തിരിതെളിയുന്ന ഒരമ്പലവുമാണ് വേളിയിലുള്ളത്. പുല്‍ത്തകിടികളില്‍ നഗ്നമേനിയുടെ നിമ്നോന്നതങ്ങള്‍ കാണാം. ഇരിപ്പിടം പോലും ശില്‍പഭംഗിയാര്‍ന്നതാണ്.