നിങ്ങള്‍ ലാല്‍ ആരാധകനാണെങ്കില്‍ അടിപൊളി ചിത്രം, ഒരു സാധാരണ പ്രേക്ഷകനാണെങ്കില്‍ ശരാശരി. പെരുച്ചാഴിയെന്ന മോഹന്‍ലാല്‍ ചിത്രത്തെ ഒറ്റവാക്കില്‍ ഇങ്ങനെ വിശേഷിപ്പിക്കാം. പൊളിറ്റിക്കല്‍ സറ്റയര്‍ ആണ് ചിത്രമെന്ന് വിശേഷിപ്പിക്കുമ്പോള്‍ തന്നെ ഒരു തമാശ ചിത്രത്തിന് അപ്പുറത്തേക്ക് ചിത്രം കടക്കുന്നില്ല.
മറ്റ് പടങ്ങളില്‍നിന്ന് വ്യത്യസ്തമായി തുടക്കത്തില്‍ തന്നെ 'Please keep logic away & switch of your Mobile Phones' എന്ന് എഴുതി കാണിച്ചത് കൊണ്ട് പ്രതീക്ഷകളെല്ലാം അന്നേരം തന്നെ കൈവിട്ടു. പിന്നെ ടൈറ്റില്‍സ്, ലാലിന്റെ പഞ്ച് ഡയലോഗ്സിന്റെ ഒരു കോമ്പിനേഷന്‍. ആരാധകര്‍ക്ക് അര്‍മാദിക്കാം. കൈ അടിച്ച് മരിക്കാം. പടം കാണുന്നവര്‍ക്ക് ഒരു മുന്നറിയിപ്പ്, ശൂന്യമായ മനസുമായി പോകുക. ചിരിച്ച് മറിയുക അല്ലെങ്കില്‍ ബോറടിച്ച് മരിക്കുക. കാരണം ഇറങ്ങുമ്പോള്‍ മനസില്‍ തങ്ങിനില്ക്കാന് ഒന്നും ഉണ്ടാവില്ല. ഇതൊരു സമ്പൂര്‍ണ വണ്മാന് ഷോയാണ്. ലാലിസത്തിന്റെ എല്ലാ തമാശകളും നിറച്ച ഒരു ഫാന്‍ ചിത്രം.
പിന്നെ പെരുച്ചാഴി കാണും മുമ്പ് നാടോടിക്കാറ്റ്, ഏയ് ഓട്ടോ, തൂവാനത്തുമ്പികള്‍, No 20 മദ്രാസ് മെയില്‍, നരസിംഹം, ആറാം തമ്പുരാന്, ദേവാസുരം എന്നീ ചിത്രങ്ങള്‍ കണ്ടിട്ട് പോയാല്‍ നിങ്ങള്‍ക്ക് കൊള്ളാം. ഇല്ലെങ്കില്‍ പലതും മനസിലായില്ലെന്ന് വരും. ഇപ്പോള്‍ കഥയുടെ ലൈന്‍ കിട്ടി കാണും.
അടുത്ത പേജില്‍: രാഷ്ട്രീയ തന്ത്രങ്ങളറിയാവുന്ന തുരപ്പന്‍
ആറാം തമ്പുരാനിലെ കഥാപാത്രത്തിന്റെ പേര് തന്നെ ഈ ചിത്രത്തിലും. പെരുച്ചാഴിയെന്ന് അറിയപ്പെടുന്ന ജഗന്നാഥന്. സ്പോര്‍ട്സിനെ സ്നേഹിക്കുന്ന, രാഷ്ട്രീയ തന്ത്രങ്ങളറിയാവുന്ന തുരപ്പന്‍. അതാണ് മോഹന്‍ ലാലിന്റെ നായക കഥാപാത്രം. പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്ന എല്ലാ ലാല്‍ മാനറിസങ്ങളും സ്റ്റഫ് ചെയ്തിരിക്കുന്നു നായകനില്‍. ജഗന്നാഥന്റെ ഇടം-വലംകൈകളാണ് ജബ്ബാര്‍ പൊറ്റക്കുഴിയും(ബാബുരാജ്) വയലാര്‍ വര്‍ക്കിയും(അജു വര്‍ഗീസ്). പൊതുമരാമത്ത് വകുപ്പ് മന്ത്രി ഫ്രാന്‍സിസ് കുഞ്ഞപ്പന്റെ (മുകേഷ്) രാഷ്ട്രീയ പ്രതിയോഗിയാണ് ജഗന്നാഥന്.
എന്നാല്‍ ഫ്രാന്‍സിസിന് എന്ത് പ്രശ്നം വന്നാലും അത് പരിഹരിക്കണമെങ്കില്‍ ജഗന്നാഥന് വേണം. ഭാവിയില്‍ ജഗന്നാഥന് തന്റെ പൊളിറ്റിക്കല്‍ കരിയറിന് പാരയാകുമെന്ന പേടി കുഞ്ഞപ്പന് ഉണ്ട്. ഈ സാഹചര്യത്തില്‍ ജഗന്നാഥനെ കേരളത്തില്‍നിന്ന് അകറ്റേണ്ടത് ആവശ്യമായി വരുന്നപ്പോഴാണ് ഒരു കിടിലന്‍ ഓഫറുമായി സണ്ണി കുരിശുങ്കല്‍(വിജയ് ബാബു) എന്ന അമേരിക്കന്‍ മലയാളി എത്തുന്നത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായ ജോണ്‍ കോറി(സീന്‍ ജെയിംസ് സട്ടണ്‍)യെ വിജയിപ്പിക്കുകയാണ് ദൌത്യം. എതിരാളിയായ ജോര്‍ജ് ഹോപ്പിനെക്കാള് ജോണ്‍ കോറിയുടെ പൊളിറ്റിക്കല്‍ ഗ്രാഫ് ഉയര്‍ത്തണം. ഈ അവസരം കുഞ്ഞപ്പന് നന്നായി വിനിയോഗിച്ചു. അതില്‍ നന്നായി ജഗന്നാഥനും. അത് സ്ക്രീനില്‍ കണ്ട് മനസിലാക്കുക.
തുടര്‍ന്ന് അമേരിക്കയിലേക്ക് പൊളിറ്റിക്കല്‍ കണ്‍സല്‍ട്ടന്റായി ജഗന്നാഥനും കൂട്ടരും പോകുകയാണ്. തുടര്‍ന്ന് നടക്കുന്ന സംഭവങ്ങളാണ് കഥയെന്ന് പറയപ്പെടുന്നത്. ഏറെയും ദ്വയാര്‍ഥ പ്രയോഗങ്ങള്‍, കുറച്ച് നര്‍മ്മമുഹൂര്‍ത്തങ്ങള്‍. വലുതെന്ന് പറയാനാവാത്ത ക്ലൈമാക്സ്. ഇതൊക്കെയാണ് പെരുച്ചാഴിയുടെ ‘ഗും’.
മോഹന്‍ലാല്‍ എന്ന നടന്റെ ഫ്ലെക്സിബിലിറ്റിയെക്കുറിച്ച് മലയാളികളെ പറഞ്ഞ് അറിയിക്കേണ്ട കാര്യമില്ല. അത് പൂര്‍ണമായി പെരുച്ചാഴിയിലുണ്ട്. മടക്കിക്കുത്തിയ മുണ്ടും കൈയില്‍ വളയും 1.5 ലക്ഷത്തിന്റെ ഓറിസ് ടുബാട്ട വാച്ചും സ്റ്റൈലിഷ് താടിയുമൊക്കെയായാണ് ജഗന്നാഥന് എത്തുന്നത്. നൃത്തരംഗങ്ങളില്‍ പഴയ വഴക്കവും കോമഡി സീനുകളില്‍ മുകേഷ്- ലാല്‍ കോമ്പിനേഷനും പ്രേക്ഷകരെ രസിപ്പിക്കും. പെറുക്കി പെറുക്കി ഇംഗ്ലീഷ് പറയുന്ന വല്യവിവരമൊന്നുമില്ലാത്ത രാഷ്ട്രീയക്കാരനായി ലാല്‍ ആരാധകര്‍ക്ക് വിരുന്നാണ് ഒരുക്കുന്നത്. ആക്ഷന്‍ സീനുകളിലും ആ പഞ്ച് കാത്തുസൂക്ഷിക്കുന്നു. ചില കോമഡി സീനുകളില്‍ നമ്മള് അറിയാതെ ചിരിച്ചുപോകും. അത്ര സ്വാഭാവികമായി സന്ദര്‍ഭങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
പിന്നെ ലാലിന്റെ സപ്പോര്‍ട്ടിംഗ് ക്യാരകടേഴ്സ് ആയി എത്തുന്ന അജു വര്‍ഗീസ്- ബാബു രാജ് കൂട്ടുകെട്ടും പ്രേക്ഷകരെ ബോറടിപ്പിക്കില്ല. ജോണ്‍ കെറിയായി എത്തുന്ന സീന്‍ ജെയിംസ് എന്ന വിദേശ നടനും തീയേറ്ററില്‍ ചിരി പടര്‍ത്തി. പ്രത്യേകിച്ചും ലാലുമായുള്ള കോമ്പിനേഷന്‍ സീനുകളില്‍.
പിന്നെ പടം മൊത്തം ബ്രാന്‍ഡ് മയമാണ്. എം സി ആര് മുണ്ട്, ഓറിസ് വാച്ച്, റെയ്മണ്ട്, മുത്തൂറ്റ്, ലുലു മാള്‍ എന്നിവര്‍ക്ക് ആഡ് സ്പെസ് നന്നായി കൊടുത്തിട്ടുണ്ട്. ഇവരാണോ പടം നിര്‍മിച്ചതെന്ന് തോന്നിയാലും തെറ്റില്ല. നായിക രാഗിണി നന്ദ്വനിക്ക് പ്രത്യേകിച്ചൊന്നും ചെയ്യാനില്ല. ഗ്ലാമര്‍ കാണിക്കാന്‍ ഒരു നടി.
അനവസരത്തില്‍ കുത്തിനിറച്ചിരിക്കുന്ന പാട്ടുകള്‍ ആകെ അരോചകമാണ്. അറോറയുടെ സംഗീത സംവിധാനത്തില്‍ ബോംബെ ജയശ്രീ, കാര്‍ത്തിക്, ആന്‍ഡ്രിയ ജെര്‍മിയ, ബ്ലെയ്സ്, ജ്യോത്സന എന്നിവര്‍ പാടിയ പാട്ടുകള്‍ ആവറേജ് നിലവാരത്തില്‍ കൂടുന്നില്ല. പൂനം ബജ്വ എത്തുന്ന പോ മോനേ ദിനേശ എന്ന ഡബാംകൂത്ത് ഗാനം കല്ലുകടി തന്നെ. വെറുമൊരു ഐറ്റം ഡാന്‍സിനുവേണ്ടി മാത്രമായി പോയി ആ ശ്രമം. ആകെപ്പാടെ ആശ്വാസകരമായ പാട്ടുസീനുകള്‍ പഴയ മോഹന്‍ലാല്‍ സിനിമകളിലെ റീമിക്സ് തന്നെ.
അടുത്ത പേജില്‍: ഇമ്മാതിരി കോമഡി ട്രെയിനിനൊക്കെ തല വയ്ക്കണോ?
മലയാളം വെബ്ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.
സരിത, സോളാര്‍, മുല്ലപ്പെരിയാര്‍, അമുല്‍ ബേബി, റോഡിലെ കുഴികള്‍ തുടങ്ങിയ വര്‍ത്തമാനകാല രാഷ്ട്രീയത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ മാത്രമാണ് ഒരു പൊളിറ്റിക്കല്‍ സറ്റയര്‍ എന്ന് പറയാനുള്ളത്. ഇതാണ് പൊളിറ്റിക്കല്‍ സറ്റയര്‍ എന്ന് അണിയറക്കാര്‍ മനസിലാക്കിയിട്ടുണ്ടെങ്കില്‍ ആദ്യം ‘സന്ദേശം‘ എന്ന സിനിമ ഒരു പത്ത് പ്രാവശ്യം കാണുക. ഒരു കോമഡി പടമെന്നൊക്കെ പറഞ്ഞാല്‍ അതിലൊരു രസമൊക്കെയുണ്ട്. ഇത് ചുമ്മാ അട്ടപ്പാടിക്കാരന്‍ ലുലു മാള്‍ കാണാന്‍ വന്നതു പോലെയായല്ലോ(കടപ്പാട്: പെരുച്ചാഴിയിലെ കോമഡി സീന്‍).
തമിഴില്‍ പ്രേക്ഷകശ്രദ്ധ നേടിയ ;അച്ചമുണ്ട് അച്ചമുണ്ട്‘ എന്ന സിനിമയിലൂടെ തുടക്കം കുറിച്ച അരുണ്‍ വൈദ്യനാഥന് എന്ന സംവിധായകന്റെ മലയാളത്തിലെ ലോഞ്ചിംഗ് മോശമായില്ല. നല്ല ചിത്രങ്ങളുടെ നിര്‍മാതാക്കളായ അറിയപ്പെടുന്ന വിജയ്ബാബു- സാന്ദ്ര തോമസ് കൂട്ടുകെട്ടിന്റെ പാഴ്ശ്രമമായി പെരുച്ചാഴിയെന്നു പറയാതെ വയ്യ. ചിത്രത്തിന്റെ മുടക്കുമുതല്‍ ഡോളറിലാണെന്ന് കേള്‍ക്കുന്നു. മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമെന്ന ലേബലോടെ എത്തിയ ചിത്രം അഞ്ഞൂറിലധികം തീയേറ്ററുകളിലാണ് റിലീസായിരിക്കുന്നത്. ഇനി മുടക്കിയ കാശ് കിട്ടിയാല്‍ പോലും ഫ്രൈഡേ ഫിലിം ഹൌസില്‍നിന്ന് നിലവാരമുള്ള ചിത്രമാണ് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്. ഇമ്മാതിരി കോമഡി ട്രെയിനിനൊക്കെ തല വയ്ക്കണോ?. ജഗന്നാഥന്റെ പഞ്ച് ഡയലോഗ് പോലെ: ‘ഒന്നും തോന്നരുത്, ഒരവസരം കിട്ടിയപ്പോള്‍ പറഞ്ഞെന്നേയുള്ളൂ’.