ആ 4 പേര്‍ എങ്ങനെ കൊല്ലപ്പെട്ടു? അതിനുപിന്നിലെ ശക്തിയാര്? - ചാണക്യതന്ത്രം തകര്‍പ്പന്‍ ത്രില്ലര്‍

ജെയ്ന്‍ പോള്‍

വ്യാഴം, 3 മെയ് 2018 (17:56 IST)
അനൂപ് മേനോനും ഉണ്ണി മുകുന്ദനും ചേര്‍ന്നാല്‍ ഒരുങ്ങുക ഒരു ഫാമിലി ചിത്രമോ അടിപൊളി എന്‍റര്‍ടെയ്നറോ? ഇത് രണ്ടുമല്ല കണ്ണന്‍ താമരക്കുളം സൃഷ്ടിച്ചിരിക്കുന്നത്. ‘ചാണക്യതന്ത്രം’ സമീപകാലത്ത് കണ്ട ഏറ്റവും മികച്ച ക്രൈം ത്രില്ലറാണ്.
 
ഒരു നഗരത്തില്‍ അധികം ഇടവേളയില്ലാതെ നാലുപേര്‍ കൊല്ലപ്പെടുന്നു. ആരാണ് അതിന്‍റെ പിന്നിലെന്നും എന്താണ് ലക്‍ഷ്യമെന്നും തെളിയിക്കുന്നതാണ് ഈ സിനിമയുടെ പ്രമേയം. ഒറ്റവരിയില്‍ ഈസിയെന്ന് തോന്നുന്ന ഒരു കഥയെ അതീവ സങ്കീര്‍ണമായ മുഹൂര്‍ത്തങ്ങളിലൂടെ, പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി മുന്നോട്ടുകൊണ്ടുപോകുന്നതില്‍ കണ്ണന്‍ താമരക്കുളം വിജയിച്ചിട്ടുണ്ട്. 
 
ഉണ്ണി മുകുന്ദന്‍ തന്നെയാണ് ഈ സിനിമയുടെ ഏറ്റവും വലിയ ആകര്‍ഷണ ഘടകം. ഈ നടന്‍ ഓരോ സിനിമയ്ക്കായും നടത്തുന്ന പ്രയത്നം അഭിനന്ദനാര്‍ഹമാണ്. ചാണക്യതന്ത്രത്തില്‍ സ്ത്രീയായും സിംഗായും സന്യാസിയായുമെല്ലാം ഉണ്ണി പ്രത്യക്ഷപ്പെടുന്നു. കേസ് അന്വേഷണത്തിന്‍റെ ഭാഗമായുള്ള വേഷം കെട്ടലാണ് അവയൊക്കെയെന്നാലും തികഞ്ഞ പെര്‍ഫെക്ഷനോടെ ഉണ്ണി ഈ വ്യത്യസ്ത ഭാവങ്ങള്‍ ഉള്‍ക്കൊണ്ടിരിക്കുന്നു.
 
ആരാണ് വില്ലനെന്ന് കണ്ടെത്തിക്കഴിഞ്ഞാല്‍ ഒരു ത്രില്ലര്‍ സിനിമയുടെ രസം കഴിഞ്ഞെന്ന പതിവ് ഫോര്‍മുല ഇവിടെ ഉപേക്ഷിക്കാം. ഈ സിനിമ അതിന്‍റെ രണ്ടുമണിക്കൂര്‍ പത്തുമിനിറ്റ് നേരവും പ്രേക്ഷകരെ സസ്പെന്‍സിന്‍റെ ചരടില്‍ കൊരുത്താണ് മുന്നോട്ടുകൊണ്ടുപോകുന്നത്. ദിനേശ് പള്ളത്ത് എന്ന തിരക്കഥാകൃത്തിന്‍റെ കരവിരുതിനാണ് ഇവിടെ കൈയടി നല്‍കേണ്ടത്.
 
ഫ്ലാഷ്ബാക്കുകളെല്ലാം ഗംഭീരമായി വിഷ്വലൈസ് ചെയ്തതാണ് ഈ സിനിമയുടെ മറ്റൊരു മികവ്. പ്രവചിക്കാവുന്ന ക്ലൈമാക്സാണെങ്കിലും മലയാളത്തിലെ മികച്ച ത്രില്ലര്‍ സിനിമകളുടെ ഗണത്തില്‍ സവിശേഷമായ സ്ഥാനത്തിന് അര്‍ഹമാണ് ചാണക്യതന്ത്രം.

റേറ്റിംഗ്: 3.5/5

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍