തിയറ്ററുകളില്‍ ഉത്സവമേളം; ആന്റണി പെപ്പെയുടെ അജഗജാന്തരത്തിന് മികച്ച പ്രതികരണം

വ്യാഴം, 23 ഡിസം‌ബര്‍ 2021 (14:12 IST)
ഇന്ന് തിയറ്ററുകളില്‍ റിലീസ് ചെയ്ത ടിനു പാപ്പച്ചന്‍ ചിത്രം അജഗജാന്തരത്തിന് പ്രേക്ഷകര്‍ക്കിടയില്‍ മികച്ച പ്രതികരണം. ആദ്യ ഷോ കഴിഞ്ഞപ്പോള്‍ തന്നെ ഒരു ഫെസ്റ്റിവല്‍ മൂഡിലുള്ള സിനിമയാണ് അജഗജാന്തരമെന്നാണ് പ്രേക്ഷക പ്രതികരണം. പ്രായഭേദമന്യേ എല്ലാ തരത്തിലുള്ള പ്രേക്ഷകരേയും സിനിമ തൃപ്തിപ്പെടുത്തുമെന്നും നിരവധിപേര്‍ അഭിപ്രായപ്പെട്ടു. 
 
ഉത്സവപ്പറമ്പിലേയ്ക്ക് ഒരു ആനയും പാപ്പാനും ഒപ്പം ഒരു കൂട്ടം യുവാക്കളും എത്തുന്നതും തുടര്‍ന്നവിടെ 24 മണിക്കൂറിനുള്ളില്‍ നടക്കുന്ന ആകാംഷ നിറഞ്ഞ സംഭവങ്ങള്‍ ആണ് ചിത്രത്തിന്റെ പ്രമേയം. പതിഞ്ഞ താളത്തില്‍ തുടങ്ങിയ ആദ്യ പകുതിയില്‍ നിന്ന് പിന്നീട് മുന്നോട്ടുപോകും തോറും പ്രേക്ഷകനെ നന്നായി എന്‍ഗേജ് ചെയ്യിപ്പിക്കുന്ന തരത്തിലേക്ക് സിനിമയുടെ ട്രാക്ക് മാറുന്നുണ്ട്. രണ്ടാം പകുതിയില്‍ പൂരപ്പറമ്പും അവിടെയുണ്ടാകുന്ന ഉദ്വേഗജനകമായ സംഭവവികാസങ്ങളും സിനിമയെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകുന്നു. ഫൈറ്റ് സീനുകളാണ് അജഗജാന്തരത്തില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. 
 
വമ്പന്‍ ആക്ഷന്‍ രംഗങ്ങള്‍ കൊണ്ട് ചിത്രീകരണ സമയത്ത് തന്നെ അജഗജാന്തരം സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നിന്നിരുന്നു. ചിത്രത്തില്‍ ആന്റണി പെപ്പെയോടൊപ്പം അര്‍ജുന്‍ അശോകന്‍, ചെമ്പന്‍ വിനോദ് ജോസ്, ജാഫര്‍ ഇടുക്കി, രാജേഷ് ശര്‍മ, സാബു മോന്‍, ടിറ്റോ വില്‍സണ്‍, സുധി കോപ്പ, വിനീത് വിശ്വം, സിനോജ് വര്‍ഗീസ്, കിച്ചു ടെല്ലസ്, ലുക്മാന്‍, ശ്രീരഞ്ജിനി തുടങ്ങിയവര്‍ ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍