1993 ബോംബെ മാര്‍ച്ച് 12 - നിരൂ‍പണം

വ്യാഴം, 30 ജൂണ്‍ 2011 (18:52 IST)
PRO
മാനസികമായി തയ്യാറായി. രാവിലെ ശ്വസനക്രിയ ചെയ്തു. ശാന്തം. ഇനി ഏറ്റുവാങ്ങാം ഏത് വലിയ പീഡനവും. ഏത് വലിയ ആഘാതവും. കാണാന്‍ പോകുന്നത് തീവ്രവാദം പ്രമേയമാക്കിയ ചിത്രമാണല്ലോ. ഏറ്റവും കുറഞ്ഞത് ഒരു ‘എ വെനസ് ഡേ’യെങ്കിലും കിട്ടണമെന്നത് ഇപ്പോള്‍ അത്യാഗ്രഹമായിരിക്കുന്നു. മിനിമം നിലവാരത്തില്‍ നിന്ന് അല്‍പ്പമെങ്കിലും മുന്നേറ്റം കാണിക്കുന്ന ഒരു സിനിമ, പേരിനെങ്കിലും ഒരെണ്ണം, നോ രക്ഷ. എന്നാല്‍ എല്ലാ ആഴ്ചയും ഓരോന്നെങ്കിലും ‘തീവ്രവാദ സിനിമ’ ഇറങ്ങുന്നുണ്ട്.

ഈ സിനിമകളൊക്കെ കണ്ട് പ്രേക്ഷകര്‍ ഭീകരവാദികളായാലും കുറ്റം പറയാനാവില്ല. അത്രയ്ക്ക് ദ്രോഹിക്കുന്നുണ്ട്. ഇറങ്ങാന്‍ തുടങ്ങുമ്പോള്‍ ജോസഫ് ജെസെന്‍ ചോദിച്ചു - “എങ്ങോട്ട്?”

“ഭീകരവാദ സിനിമ തന്നെ മാഷേ”

“എന്താ പേര്? ഏത് ഭാഷ?”

“നല്ല മുട്ടന്‍ മലയാളം പടം. 1993 ബോംബെ മാര്‍ച്ച് 12”

“നല്ലതു വരുത്തട്ടെ” - എന്നാശംസിച്ച് ജോസഫ് പോയി. തിയേറ്ററില്‍ കടുത്ത എ സിയായിരുന്നു. തണുത്തുവിറച്ചിരിക്കുമ്പോള്‍ ഞാനും പ്രാര്‍ത്ഥിച്ചു - നല്ലതു വരുത്തണേ.

1993 ബോംബെ മാര്‍ച്ച് 12. ഇന്ത്യ നടുങ്ങി നിന്ന ദിവസം. സ്ഫോടനപരമ്പരയുടെ ഓര്‍മ്മകളിലേക്ക് സിനിമ കൂട്ടിക്കൊണ്ടുപോകുകയാണ്.

അടുത്ത പേജില്‍ - ഈ സിനിമയ്ക്ക് നാലാം സ്ഥാനം!

PRO
സിനിമ തീര്‍ന്നപ്പോള്‍ നല്ല ഒന്നാന്തരം കൂവല്‍. സിനിമ അത്ര മോശമായതുകൊണ്ടൊന്നുമല്ല. ഫാന്‍സിന് ദഹിച്ചില്ല അത്രതന്നെ. മമ്മൂട്ടി താരപ്പകിട്ടിന് ഊര്‍ജ്ജം കൂട്ടത്തക്ക രീതിയില്‍ ഒന്നും ചെയ്തില്ലെന്നതാണ് കൂവലിന് കാരണമായത്. മമ്മൂട്ടി ഈ സിനിമയില്‍ കഥാപാത്രം മാത്രമാണ്. ഡാന്‍സിനു വേണ്ടിയുള്ള ഡാ‍ന്‍സോ ചളം കോമഡിയോ ‘സ്ലാംഗ് മാനിയ’ പ്രയോഗങ്ങളോ ഒന്നുമില്ല. വ്യത്യസ്ത കാലങ്ങളില്‍ അദ്ദേഹം തികച്ചും വ്യത്യസ്തമായ രണ്ട് ഗെറ്റപുകളില്‍ പ്രത്യക്ഷപ്പെടുന്നു. രണ്ടു മുഖങ്ങളും നന്നായി. ഏറെക്കാലത്തിന് ശേഷം നിയന്ത്രിതാഭിനയത്തിന്‍റെ ഭംഗി മമ്മൂട്ടിയില്‍ കണ്ടു.

സിനിമ കണ്ടിറങ്ങിയ ഒരു മമ്മൂട്ടി ഫാനിനോട് ചോദിച്ചു - “എന്താ അഭിപ്രായം?”

“നാലാം സ്ഥാനം ഉറപ്പല്ലേ?”

മനസിലാകാതെ ഫാന്‍പുംഗവനെ നോക്കി. അയാള്‍ വ്യക്തമാക്കിയപ്പോള്‍ ശരിക്കും ഞെട്ടി.

“ആഗസ്റ്റ് 15, ഡബിള്‍സ്, ദി ട്രെയിന്‍ ഈ സിനിമകള്‍ക്ക് ശേഷമുള്ള സ്ഥാനം തന്നെ” - 1993 ബോംബെ മാര്‍ച്ച് 12 പൊളിയുമെന്നാണ് അയാള്‍ പറഞ്ഞത്. സിനിമ കാണാനല്ല അവര്‍ വരുന്നതെന്ന് മനസ്സിലായി. മമ്മൂട്ടിയുടെ പോക്കിരിരാജയും രാജമാണിക്യവുമാണ് അവര്‍ പ്രതീക്ഷിക്കുന്നത്. മലയാള സിനിമ ഉടനൊന്നും നന്നാവില്ലെന്ന് ബോധ്യമായി.

അടുത്ത പേജില്‍ - പ്രമേയത്തിലെ വ്യത്യസ്തത

PRO
അടുത്ത കാലത്ത് തീവ്രവാദം പ്രമേയമാക്കി വന്ന സിനിമകളില്‍ ഏറ്റവും വ്യത്യസ്തമായതും നിലവാരമുള്ളതുമായ സിനിമയാണ് ‘1993 ബോംബെ മാര്‍ച്ച് 12’. വേഗത്തില്‍ വിറ്റഴിയാവുന്ന സബ്ജക്ടായതുകൊണ്ടല്ല ബാബു ജനാര്‍ദ്ദനന്‍ ഈ കഥ തെരഞ്ഞെടുത്തതെന്ന് വ്യക്തം. ബാബുവിന് ഈ സിനിമയിലൂടെ ഒരു കഥ പറയാനുണ്ട്. തീവ്രവും ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നതുമായ ഒരു വിഷയം അവതരിപ്പിക്കാനുണ്ട്. താരങ്ങളുടെ ഇമേജിനനുസരിച്ച് ഒരു സിനിമയുണ്ടാക്കുകയല്ല അദ്ദേഹം ചെയ്തിരിക്കുന്നത്. ചുളുവില്‍ പണസമ്പാദനമല്ല ഈ സിനിമയുടെ ലക്‍ഷ്യമെന്ന് സാരം.

ബോംബെ ബോംബ് സ്ഫോടനങ്ങളുടെ പശ്ചാത്തലത്തിലാണ് കഥ ആരംഭിക്കുന്നത്. ഷാജഹാന്‍(ഉണ്ണി) എന്നൊരു പാവം ചെക്കന്‍ ഈ സ്ഫോടനക്കേസില്‍ പ്രതിയാകുന്നു. സാഹചര്യത്തെളിവുകളെല്ലാം അയാള്‍ക്ക് എതിരാണ്. സനാതനന്‍ ഭട്ട്(മമ്മൂട്ടി) എന്ന പൂജാരിക്ക് അറിയാം ഷാജഹാന്‍ നിരപരാധിയാണെന്ന്. അവനെ രക്ഷിക്കാനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെടുന്നു. ഷാജഹാന്‍ പൊലീസിന്‍റെ വെടിയേറ്റ് മരിക്കുന്നു. അതോടെ ഭട്ടിന്‍റെ ജീവിതം മാറി മറിയുകയാണ്. സമീര്‍ എന്ന പുതിയ അവതാരം അവിടെ തുടങ്ങുന്നു.

സമീര്‍, ആബിദ(റോമ - ഷാജഹാന്‍റെ സഹോദരി. ഇവളെയാണ് സമീര്‍ വിവാഹം കഴിക്കുന്നത്), ഷാജഹാന്‍, ഭട്ട് എന്നീ കഥാപാത്രങ്ങളിലൂടെ ബോംബെ സ്ഫോടനങ്ങളുടെ പരിണിത ഫലങ്ങള്‍ വിശകലനം ചെയ്യുകയാണ് ബാബു ജനാര്‍ദ്ദനന്‍ ഈ ചിത്രത്തിലൂടെ.

അടുത്ത പേജില്‍ - തിരക്കഥ കൊള്ളാം, സംവിധാനം തികഞ്ഞ പരാജയം!

PRO
ഈ സിനിമയുടെ തിരക്കഥയില്‍ ബാബു ജനാര്‍ദ്ദനന്‍ കാണിച്ച എക്സലന്‍സ് സംവിധാനത്തില്‍ ഉണ്ടായില്ല. ഭേദപ്പെട്ട ഒരു തിരക്കഥയുടെ ഏറ്റവും മോശം ആവിഷ്കാരമാണ് ‘1993 ബോംബെ മാര്‍ച്ച് 12’. ഒരു നവാഗത സംവിധായകന് സംഭവിക്കാവുന്ന എല്ലാ വീഴ്ചകളും, സംഭവിക്കരുതാത്ത വീഴ്ചകളും ബാബുവിന് പിണഞ്ഞിരിക്കുന്നു. ‘തിരക്കഥാകാരന്‍ സംവിധായകനാകുമ്പോള്‍’ എന്ന വിഷയത്തില്‍ വീണ്ടും കൂലങ്കഷമായ ചര്‍ച്ചകള്‍ക്കുള്ള സാധ്യത തെളിഞ്ഞുവരുന്നുണ്ട്.

കാലങ്ങളാണ് സംവിധായകന് ഏറ്റവും പിടികിട്ടാത്ത ഒരു വിഷയം. കലാസംവിധാനത്തില്‍, ലൊക്കേഷന്‍ തെരഞ്ഞെടുക്കലില്‍ എല്ലാം പാളിച്ചകള്‍. 1993ല്‍ നടക്കുന്ന ഒരു കഥ പറയുമ്പോള്‍ ആ കാലത്തെ ഉപകരണങ്ങള്‍, വാഹനങ്ങള്‍, പശ്ചാത്തലം ഇവയിലൊക്കെ ശ്രദ്ധിക്കേണ്ടതല്ലേ? പിന്നീട് 2002ലും 2007ലും നടക്കുന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിലും ആ മാറ്റം വരേണ്ടതല്ലേ? ‘ആ...ഇത്രയൊക്കെ മതി’ എന്നൊരു ഒഴുക്കന്‍ നിലപാടാണ് ബാബു ജനാര്‍ദ്ദനന്‍ സ്വീകരിച്ചിട്ടുള്ളതെന്നു തോന്നുന്നു.

അതുകൊണ്ടും തീര്‍ന്നില്ല. കഥാപാത്രങ്ങളുടെ പ്രായം ചിന്തിക്കേണ്ട ഘടകമല്ലേ? റോമയൊക്കെ പ്രേം‌നസീറിനെപ്പോലെയാണ്. 1993ലും 2007ലും എല്ലാം ഒരേപോലെ. ഒരു മാറ്റവുമില്ല, നിത്യഹരിത നായിക! പിന്നെ ഭട്ടായി വരുന്ന മമ്മൂട്ടിയുടെ മേക്കപ്പ് ആ പഴയ ദുരന്തത്തെ(ദ്രോണ 2010!) ഓര്‍മ്മിപ്പിച്ചു.

അടുത്ത പേജില്‍ - മമ്മൂട്ടി ഒരു നടന വിസ്മയം

PRO
മമ്മൂട്ടിയുടെ മികച്ച പ്രകടനം കൊണ്ട് അനുഗ്രഹീതമാണ് 1993 ബോംബെ മാര്‍ച്ച് 12. ഒരു നടനെന്ന നിലയില്‍ ഇളകിയാട്ടത്തിനൊന്നും അദ്ദേഹത്തിന്‍റെ ഈ കഥാപാത്രങ്ങള്‍ക്ക് സാധ്യതയില്ല. ഒതുക്കത്തോടെയുള്ള ഭാവപ്രകടനങ്ങളില്‍ മമ്മൂട്ടി തിളങ്ങിയിരിക്കുന്നു. ഒരുപക്ഷേ, മമ്മൂട്ടിയുടെ ആരാധകരെ നിരാശരാക്കിയതും അതാവാം. പിന്നെ സിനിമയുടെ ഇഴച്ചില്‍. ആദ്യപകുതി കുഴപ്പമില്ലാതെ പോയെങ്കിലും രണ്ടാം പകുതിയില്‍ നല്ല ഇഴച്ചില്‍ അനുഭവപ്പെട്ടു.

ചില സീനുകള്‍ ആവര്‍ത്തിക്കുന്നത്, ആശയക്കുഴപ്പമുണ്ടാക്കുന്ന ചില സംഭവങ്ങള്‍, ഭാവനാശൂന്യമായ ഗാനചിത്രീകരണം എന്നിവ ചിത്രത്തിന്‍റെ ന്യൂനതകളാണ്. ഇവയൊന്നും പൊറുക്കാന്‍ മാത്രമുള്ള ഹൃദയവിശാലത ഇന്നത്തെ പ്രേക്ഷകര്‍ക്കില്ലല്ലോ.

റോമയുടെ പ്രകടനം അതിഗംഭീരമായിട്ടുണ്ട്. അവരുടെ കരിയര്‍ ബെസ്റ്റ് എന്നു പറയാം. അതുപോലെ ഉണ്ണി എന്ന നവാഗത നടന്‍റെ അഭിനയവും പ്രശംസനീയമാണ്(ഈ നടന്‍ ലോഹിതദാസിന്‍റെ കണ്ടെത്തലാണത്രെ. ‘ഭീഷ്മര്‍’ എന്ന സിനിമയിലേക്ക് ലോഹി കണ്ടെത്തിയ നടന്‍. ആ സിനിമ യാഥാര്‍ത്ഥ്യമാക്കാതെ ലോഹി മറഞ്ഞെങ്കിലും തമിഴില്‍ ഉണ്ണിക്ക് ഒരു മികച്ച വേഷം ലഭിച്ചിരുന്നു). സാദിഖിന്‍റെ കഥാപാത്രവും ഗംഭീരം.

ഗാനങ്ങളില്‍ മികച്ചത് ‘ചക്കരമാവിന്‍ കൊമ്പത്ത്’ തന്നെ. സോനു നിഗമാണ് ആലാപനം. എന്നാല്‍ ഗാനചിത്രീകരണം പ്രേക്ഷകരെ ബോറടിപ്പിക്കും.

ഒരുതവണ കാണാവുന്ന സിനിമയാണ് 1993 ബോംബെ മാര്‍ച്ച് 12. തീര്‍ച്ചയായും ഇത് ‘ദി ട്രെയിന്‍’ എന്ന രണ്ടുംകെട്ട ചിത്രത്തിന്‍റെ പിന്‍‌ഗാമിയല്ല!

വെബ്ദുനിയ വായിക്കുക