‘പ്രേമം’, ‘ഇവിടെ’ എന്നീ സിനിമകളാണ് കഴിഞ്ഞയാഴ്ച മലയാളത്തില്‍ റിലീസായത്. രണ്ടുസിനിമകളും രണ്ട് ജോണറുകളില്‍ പെട്ടവ. ‘പ്രേമം’ നിറയെ പ്രേമമാണെങ്കില്‍ ‘ഇവിടെ’ ഒരു ക്രൈം ത്രില്ലറാണ്. ഈ സിനിമകളെ വിലയിരുത്തുകയാണ് പ്രശസ്ത നിരൂപക യാത്രി ജെസെനും നിരൂപകരായ അഡോള്‍ഫ് ആര്‍തറും ലിയോ സ്റ്റാലണ്‍ ഡേവിസും. മൂവരും ചേര്‍ന്ന് ഈ സിനിമകളെപ്പറ്റി നടത്തിയ സംഭാഷണമാണ് ചുവടെ ചേര്‍ക്കുന്നത്.
യാത്രി: പ്രേമവും ഇവിടെയും നമ്മള്‍ എല്ലാവരും കണ്ടല്ലോ. എനിക്ക് കൂടുതല്‍ ഇഷ്ടമായത് ‘ഇവിടെ’യാണ്. ഒരു ത്രില്ലര്‍, അത് വലിയ രീതിയില്‍ പ്രേക്ഷകരുമായി വൈകാരികമായി സംവദിക്കുകയും ചെയ്യുന്നു എന്നതാണ് പ്രത്യേകത. എല്ലാ ശ്യാമപ്രസാദ് സിനിമകളെയും പോലെ കഥാപാത്രങ്ങളുടെ മാനസിക വ്യാപാരങ്ങളുടെ സങ്കീര്‍ണതകളാണ് ഇവിടെയുടെയും ഹൈലൈറ്റ്. എന്താണ് ലിയോയുടെ അഭിപ്രായം?
ലിയോ: വ്യക്തിപരമായി എനിക്ക് ‘ഇവിടെ’ അത്രയ്ക്ക് ഇഷ്ടപ്പെട്ടില്ല. ആ സിനിമയ്ക്ക് പല പാളിച്ചകളും സംഭവിച്ചിട്ടുണ്ട്. ഒന്നാമത്തെ കാര്യം തിരക്കഥയുടെ ബലമില്ലായ്മ തന്നെയാണ്. ഒരു ത്രില്ലര്‍ പ്രാഥമികമായി സാറ്റിസ്ഫൈ ചെയ്യേണ്ട ഒരു കാര്യമുണ്ട്. പ്രേക്ഷകനെ ഒരു ഹുക്കില്‍ കൊരുത്തിട്ടെന്നപോലെ കഥയുടെ പിന്നാലെ കൊണ്ടുപോവുക എന്നതാണത്. അതിവിടെ നടക്കുന്നില്ല. വളരെ റിലാക്സ്ഡായാണ് പ്രേക്ഷകര്‍ ചിത്രം കണ്ടിരിക്കുന്നത്. ഈ തണുപ്പന്‍ മൂഡ് ഒരു ത്രില്ലറിന് യോജിച്ചതല്ല. എന്നാല്‍ ‘പ്രേമം’ അങ്ങനെയല്ല. തുടക്കം മുതല്‍ ഒടുക്കം വരെ പ്രേക്ഷകന്‍ ആ സിനിമയ്ക്കൊപ്പം സഞ്ചരിക്കുകയാണ്. ഒരുനിമിഷം പോലും ബോറടിക്കുന്നില്ല. ഏഴ് പാട്ടുകളുണ്ട് സിനിമയില്‍. ക്ലൈമാക്സെന്ന് കൊട്ടിഘോഷിക്കാന്‍ ഒന്നുമില്ല. എങ്കിലും പ്രേമം രസിപ്പിക്കുന്നു.
അഡോള്‍ഫ്: പ്രേമം രസകരമായ സിനിമയാണ്. സമീപകാലത്ത് മലയാള സിനിമയില്‍ സംഭവിച്ച ഏറ്റവും വലിയ ഹിറ്റുമാണ്. അതുകൊണ്ടുമാത്രം പക്ഷേ അതൊരു ഉദാത്ത സൃഷ്ടിയാണെന്നൊന്നും പറയുക വയ്യ. സിനിമയെ ഒരു കലാരൂപമെന്ന നിലയില്‍ വിലയിരുത്തിയാല്‍ ഇവിടെയ്ക്ക് താഴെത്തന്നെയാണ് പ്രേമത്തിന്‍റെ സ്ഥാനം. പ്രേമം രസിപ്പിക്കുമായിരിക്കും. പക്ഷേ അന്തിമമായി ഓര്‍മ്മിക്കപ്പെടുക ‘ഇവിടെ’ തന്നെയായിരിക്കും.
യാത്രി: പ്രേമം മറവിയിലേക്ക് പോകുമെന്നൊന്നും പറയാന്‍ കഴിയില്ല. കാരണം നമ്മള്‍ നരസിംഹം മറന്നിട്ടില്ല. നമ്മള്‍ അനിയത്തിപ്രാവ് മറന്നിട്ടില്ല. നമ്മള്‍ കോട്ടയം കുഞ്ഞച്ചന്‍ മറന്നിട്ടില്ല. അവയൊന്നും ഉദാത്ത സിനിമകളായിരുന്നില്ല. പക്ഷേ അവയ്ക്കൊക്കെ മലയാളികളുടെ മനസില്‍ സ്ഥാനമുണ്ട്. അവ പണംവാരിയ സിനിമകളാണ്. പ്രേമം ഒരുപക്ഷേ കൂടുതല്‍ ഓര്‍മ്മിക്കപ്പെടും എന്നാണ് എന്‍റെ പക്ഷം. കാരണം, നിവിന്‍ പോളി എന്ന നടനെ സൂപ്പര്‍സ്റ്റാറാക്കിയ സിനിമയാണ് പ്രേമം. ഇനി നിവിന്‍ ചോദ്യം ചെയ്യപ്പെടാനാകാത്ത ശക്തിയായി മാറുമെന്നുറപ്പ്. നിവിന്‍റെ അസൂയാവഹമായ വളര്‍ച്ച അതിന്‍റെ കൊടുമുടിയിലെത്തിച്ചത് പ്രേമമാണ്.
അഡോള്‍ഫ്: കമ്പാരിസന്‍റെ പ്രശ്നമില്ല, എങ്കിലും പൃഥ്വിരാജിന്‍റെയും നിവിന്‍ പോളിയുടെയും അഭിനയപ്രകടനത്തെ വിലയിരുത്താനുള്ള അവസരം സൃഷ്ടിക്കുന്നുണ്ട് ‘ഇവിടെ’. പൃഥ്വി വളരെ പക്വതയോടെ വരുണ്‍ ബ്ലേക്ക് എന്ന കഥാപാത്രമായി ജീവിക്കുന്നു. ക്രിഷ് ഹെബ്ബര്‍ എന്ന കഥാപാത്രത്തെ പക്ഷേ, പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍ നിവിന്‍ പോളിക്ക് കഴിഞ്ഞിട്ടുണ്ടോ എന്ന് സംശയമാണ്. പക്ഷേ, അതൊന്നും സിനിമയുടെ ഗുണനിലവാരത്തെ ബാധിക്കുന്നില്ല. മലയാളത്തില്‍ ഉണ്ടായിട്ടുള്ള ക്രൈം ഡ്രാമകളില്‍ മുന്‍നിരയില്‍ ‘ഇവിടെ’ ഉണ്ടാകും. ലിയോ പറഞ്ഞതുപോലെയല്ല, എനിക്കു തോന്നിയത് ഈ സിനിമയുടെ നട്ടെല്ലെന്ന് പറയുന്നത് തിരക്കഥ തന്നെയാണ്.
ലിയോ: എനിക്ക് വളരെ ബാലിശമായി തോന്നി ‘ഇവിടെ’യുടെ ക്ലൈമാക്സ്. പൃഥ്വിരാജിന്‍റെ കഥാപാത്രത്തെ ത്യാഗത്തിന്‍റെ മൂര്‍ത്തീഭാവമായൊക്കെ അവതരിപ്പിക്കുന്നത് കല്ലുകടിയാണ്. ഒരു സിനിമയ്ക്ക് പല കഥകള്‍ പറയേണ്ടി വരുന്നതിന്‍റെ ഏകോപനമില്ലായ്മ ‘ഇവിടെ’യിലുണ്ട്. പ്രധാന കഥയിലേക്ക് ഒരു ഫോക്കസില്ലായ്മ. അതാണ് സിനിമ തീര്‍ന്നിട്ടും പ്രത്യേകിച്ചൊരു ഫീലുമില്ലാതെ പ്രേക്ഷകര്‍ക്ക് വീട്ടിലേക്ക് പോകേണ്ടിവരുന്നത്.
അടുത്ത പേജില്‍ - പ്രേമത്തിന് തമിഴ് ശൈലി, ‘മലരേ...’ വിമര്‍ശിക്കപ്പെടുന്നു !
യാത്രി: ‘ആമേന്‍’ എന്ന സിനിമ പോലെ വളരെ മ്യൂസിക്കലാണ് ‘പ്രേമം’. ലളിതമായ നറേഷന്‍ സ്റ്റൈലാണ് എടുത്തുപറയേണ്ടത്. സംഭാഷണങ്ങള്‍ തീര്‍ത്തും സാധാരണമാണ്. ഇപ്പോള്‍ നമ്മള്‍ സംസാരിക്കുന്നതുപോലെയാണ് ഓരോ ഡയലോഗും. എനിക്കുതോന്നുന്നത്, എഴുതിത്തയ്യാറാക്കിയ, വളരെ കൃത്യമായ സംഭാഷണങ്ങള്‍ സിനിമയില്‍ ഉപയോഗിച്ചിട്ടില്ല എന്നാണ്. ലൊക്കേഷനില്‍, കഥാപാത്രങ്ങളുടെ സ്വാഭാവിക പ്രതികരണങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. അത് പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടപ്പെട്ടത് ഇത്രയും വലിയൊരു വിജയത്തിന് പ്രധാന കാരണമായി. മൂന്ന് കാലങ്ങളിലൂടെ നിവിന്‍ പോളി നടത്തുന്ന യാത്ര വിശ്വാസയോഗ്യമാക്കിയതിലൂടെ വലിയ വിജയത്തിന്‍റെ അമ്പത് ശതമാനം ക്രെഡിറ്റ് നിവിന് അവകാശപ്പെട്ടതാണ്. ‘മലര്‍’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സായ് പല്ലവിയുടെ അമ്പരപ്പിക്കുന്ന പ്രകടനവും മറ്റൊരു കാരണമാണ്. ‘ഓം ശാന്തി ഓശാന’യില്‍ നസ്രിയയ്ക്ക് ലഭിച്ച പ്രേക്ഷകപ്രീതിയുടെ മൂന്നിരട്ടിയാണ് സായ് പല്ലവി നേടിയിരിക്കുന്നത്.
അഡോള്‍ഫ്: പ്രേമത്തില്‍ വികാരങ്ങള്‍ പൊട്ടിത്തെറിക്കുകയാണ്. തമിഴ് ശൈലി കടം കൊണ്ട അവതരണരീതിയാണ് ആ സിനിമയുടേത്. അതിവൈകാരികതയാണ് ചിത്രത്തിന്. ‘മലരേ...’ എന്ന ഗാനമൊക്കെ തനി തമിഴ് പ്രണയസിനിമയുടെ ഗണത്തിലാണ്. ‘ഉയിരേ...’ എന്ന ബോംബെ ഗാനത്തിന് ലഭിച്ച സ്വീകാര്യത ‘മലരേ...’യ്ക്ക് കിട്ടി എന്നത് ഗുണമായി. നിവിന്‍ അവതരിപ്പിച്ച ജോര്‍ജ്ജ് എന്ന കഥാപാത്രം പ്രണയത്തിനായി ദാഹിച്ച് നടക്കുന്നതൊക്കെ തമിഴ് സിനിമയുടെ രീതി തന്നെയാണ്. മലയാളത്തിന്‍റെ പക്വമായ നിലയിലേക്ക് നിവിന്‍റെ കഥാപാത്രം വരുന്നത് ക്ലൈമാക്സിനോടടുത്ത് മൂന്നാമത്തെ നായികയോടുള്ള ഇടപഴകലുകളില്‍ മാത്രമാണ്. ‘ഇവിടെ’ അങ്ങനെയല്ല. പ്രകടമായ വൈകാരികസ്ഫോടനം ഒരു സീനില്‍ പോലുമില്ല. എന്നാല്‍ ഉള്ളിന്‍റെയുള്ളില്‍ കഥാപാത്രങ്ങള്‍ ഏറെ സംഘര്‍ഷം അനുഭവിക്കുന്നുണ്ട്. അമേരിക്കയില്‍ ഒരു ഇന്ത്യന്‍ വംശജന്‍ അനുഭവിക്കുന്ന വീര്‍പ്പുമുട്ടല്‍ ശരിക്കും അനുഭവപ്പെടുത്തുന്നുണ്ട് പൃഥ്വിരാജിന്‍റെ കഥാപാത്രം.
ലിയോ: പക്ഷേ ഉള്ളില്‍ നടക്കുന്ന ഈ വൈകാരിക പ്രകമ്പനങ്ങളൊന്നും പ്രേക്ഷകരിലേക്ക് വേണ്ടവിധം എത്തുന്നില്ല ‘ഇവിടെ’യില്‍. ശ്യാമപ്രസാദിന്‍റെ കഴിഞ്ഞ സിനിമ ‘ആര്‍ട്ടിസ്റ്റ്’ ഒരു ഗംഭീര വര്‍ക്കായിരുന്നു. അഡോള്‍ഫ് ഈപ്പറഞ്ഞ ആന്തരികസംഘര്‍ഷമൊക്കെ ആ സിനിമയില്‍ ഗംഭീരമായി വന്നിട്ടുണ്ട്. അതിന്‍റെ ഒരു ശതമാനം പോലും ഈ സിനിമയില്‍ എത്തിക്കാന്‍ ശ്യാമപ്രസാദിനായിട്ടില്ല. യഥാര്‍ത്ഥത്തില്‍ ‘ഇവിടെ’ രണ്ടുസിനിമയ്ക്കുള്ള വകുപ്പുണ്ട്. അമേരിക്കയിലെ ഇന്ത്യക്കാര്‍ അനുഭവിക്കുന്ന സംഘര്‍ഷങ്ങളുടെ, ഔട്ട്‌സോഴ്സിംഗ് എങ്ങനെ അമേരിക്കന്‍സിനെ ബാധിച്ചു എന്നതിന്‍റെയൊക്കെ ചിത്രീകരണമായി ഒരു സിനിമ. സീരിയല്‍ കില്ലറിന്‍റെ കഥ പറയുന്ന മറ്റൊരു ചിത്രം.
യാത്രി: എനിക്കങ്ങനെ തോന്നിയിട്ടില്ല. ഇന്ത്യക്കാര്‍ തുടര്‍ച്ചയായി കൊല്ലപ്പെടുന്നതിന് ശക്തമായ ഒരു കാരണമായി തന്നെ ഔട്ട്‌സോഴ്സിംഗിനെ കാണാം. അതൊരു വലിയ ഇഷ്യു തന്നെയാണ്. പ്രാദേശികവാദവും അങ്ങനെതന്നെ. ഒരു പ്രണയത്തിനുവേണ്ടിയോ, സില്ലിയായ ഒരു പ്രതികാരത്തിനുവേണ്ടിയോ കുറേയാളുകളെ കൊലപ്പെടുത്തുന്നു എന്നതിനേക്കാള്‍ ക്ലിയറായി പ്രേക്ഷകരെ ബോധ്യപ്പെടുത്താന്‍ ഈ കാരണത്തിന് കഴിഞ്ഞിട്ടുണ്ട്. എറിക് ഡിക്കിന്‍സണിന്‍റെ ഛായാഗ്രഹണം സിനിമയെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തിയിട്ടുണ്ട്. ഒരു ഹോളിവുഡ് സിനിമയൊക്കെ കാണുന്ന പ്രതീതി. ഗോപി സുന്ദറിന്‍റെ ഗാനങ്ങളെ പലരും വിമര്‍ശിച്ചുകണ്ടു. എനിക്കങ്ങനെ തോന്നിയില്ല. ആ ഗാനങ്ങളും പശ്ചാത്തല സംഗീതവും നന്നായി ആസ്വദിക്കാന്‍ എനിക്കുകഴിഞ്ഞു. എല്ലാവരും നല്ല അഭിനയപ്രകടനം കാഴ്ചവച്ചു. പൃഥ്വിയെയൊന്നും എടുത്തുപറയേണ്ടതില്ല. അമേരിക്കന്‍ അക്സന്‍റ് ബ്രില്യന്‍റായി അവതരിപ്പിച്ചിട്ടുണ്ട് പൃഥ്വി. വിദേശതാരങ്ങളൊക്കെ ഒന്നിനൊന്ന് മെച്ചം തന്നെ. പൃഥ്വിയുടെ അമ്മയായി അഭിനയിച്ച നടി, ഭാവനയുടെ വീടിന് താഴെ താമസിക്കുന്ന അസ്വസ്ഥനായ അമേരിക്കക്കാരന്‍, ക്ലൈമാക്സിലെത്തുന്ന വില്ലന്‍ ഒക്കെ.
ലിയോ: മൂന്ന് സംവിധായകരുടെ ശ്രദ്ധേയമായ പ്രകടനം ‘പ്രേമ’ത്തില്‍ ഉണ്ട്. എന്നെ ഏറ്റവും ആകര്‍ഷിച്ചത് അതാണ്. രണ്‍ജി പണിക്കരുടെ ഒറ്റസീന്‍ ബ്ലാസ്റ്റ്. അത് ഗംഭീരമായി. ജൂഡ് ആന്‍റണി ജോസഫും തന്‍റെ കഥാപാത്രത്തെ മികച്ചതാക്കി. എന്നാല്‍ മിന്നിച്ചത് അല്‍ഫോണ്‍സ് പുത്രന്‍ തന്നെയാണ്. ‘പെട്രോളിന്‍റെ വിലകൂട്ടിയതും ഞാനും തമ്മില്‍ എന്താ ബന്ധം?’ എന്ന നിസഹായത അതിമനോഹരമായി അല്‍ഫോണ്‍സ് അവതരിപ്പിച്ചു. സിനിമ കഴിയുമ്പോള്‍ മൂന്നുകഥാപാത്രങ്ങള്‍ നമ്മോടൊപ്പം പോരുന്നുണ്ട്. അതില്‍ രണ്ടുപേര്‍ സ്വാഭാവികമായും നിവിനും സായ് പല്ലവിയും അവതരിപ്പിച്ച കഥാപാത്രങ്ങള്‍ തന്നെ. മൂന്നാമത്തെയാള്‍ തീര്‍ച്ചയായും അല്‍ഫോണ്‍സ് പുത്രനാണ്.
അഡോള്‍ഫ്: ഇവിടെയില്‍ എന്നെ രസിപ്പിച്ച ഒരു കഥാപാത്രമുണ്ട്. പ്രകാശ് ബാരെ അവതരിപ്പിച്ച മഹേഷ് മൂര്‍ത്തി. ഒരു സാധാരണ മനുഷ്യന്‍റെ വികാരഘടനകളെല്ലാം ഉള്ളിലുള്ള ഒരു കമ്പനിമേധാവി. അയാളുടെ ചഞ്ചലപ്പെട്ട മനസിനെ എത്ര മനോഹരമായാണ് പ്രകാശ് ബാരെ ഉള്‍ക്കൊണ്ടിരിക്കുന്നത്. എനിക്കുതോന്നുന്നത് ‘അപ്പുണ്ണി’യില്‍ ഭരത്ഗോപി അവതരിപ്പിച്ച കഥാപാത്രത്തിന്‍റെ ഒരു മാനസികനിലയാണ് ഈ കഥാപാത്രത്തോട് ചേര്‍ന്നുനില്‍ക്കുന്നതെന്നാണ്. ബാരെയുടെ സംഭാഷണശൈലിയൊക്കെ ഗംഭീരമായി.
ലിയോ: മഹേഷ് മൂര്‍ത്തിയെ നിവിന്‍ പോളിയുടെ ക്രിഷ് ഹെബ്ബര്‍ ട്രാപ്പിലാക്കുന്നത് സമ്മതിച്ചുകൊടുക്കാം. എന്നാല്‍ അതിനുശേഷം ക്രിഷിന് സംഭവിക്കുന്ന മാനസാന്തരമോ? എനിക്കത് വളരെ സില്ലിയായി തോന്നി. ചേതന്‍ ഭഗതിന്‍റെ ‘റെവല്യൂഷന്‍ 2020’യുടെ ഒക്കെ ക്ലൈമാക്സ് മാനസാന്തരം പോലെ വലിയ പൈങ്കിളി. സീരിയസായ ഒരു പ്രമേയം ഇത്തരം ചില പൈങ്കിളി ഇടപെടലുകള്‍ കാരണം വീക്ക് ആകുന്നു എന്നത് സംവിധായകന്‍ തിരിച്ചറിഞ്ഞാല്‍ മതി.
യാത്രി: അതെ. അങ്ങനെയൊരു പ്രശ്നമുണ്ട്. ‘പ്രേമ’ത്തില്‍ അതില്ല. കാരണം, അതിലെ കഥാപാത്രങ്ങള്‍ നമ്മുടെയിടയില്‍ ജീവിച്ച ചെറുപ്പക്കാരാണ്. അവരുടെ സ്വാഭാവിക പ്രതികരണങ്ങളാണ്. വരുണ്‍ ബ്ലേക്കിനോടും ക്രിഷ് ഹെബ്ബറിനോടും നമുക്കൊരു അകല്‍ച്ച തോന്നുന്നതിന് കാരണം അവര്‍ വേറൊരു ഭൂമികയില്‍ ജീവിക്കുന്നതുകൊണ്ടാണ്. അതുകൊണ്ടുതന്നെ അവര്‍ ഗൌരവത്തോടെ ജീവിതത്തെ സമീപിക്കണമെന്നും പക്വതയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യണമെന്നും നമ്മള്‍ ആഗ്രഹിക്കുന്നു.
ലിയോ: ചെറിയ കഥാപാത്രങ്ങള്‍ക്കുവരെ ആത്മാവുണ്ട് എന്നതാണ് പ്രേമത്തിന്‍റെ സവിശേഷത. ‘മാവ’ വിമല്‍ സര്‍ ആയി എത്തിയ വിനയ് ഫോര്‍ട്ട്, പി റ്റി മാസ്റ്ററായി വരുന്ന സൌബിന്‍ സാഹിര്‍, പിന്നെ ഗിരിരാജന്‍ കോഴി ഒക്കെ ഓര്‍ക്കുക.
യാത്രി: എഡിറ്റര്‍ കൂടിയായ അല്‍ഫോണ്‍സ് പുത്രന്‍ തന്‍റെ സിനിമയോട് കാണിച്ചിരിക്കുന്ന ഉദാരതയാണ് ഗിരിരാജന്‍ കോഴിയുടെ കഥാപാത്രത്തിന്‍റെ ദൈര്‍ഘ്യം. രണ്ടാം പകുതിയില്‍ ആ കഥാപാത്രം വരുന്ന സീക്വന്‍സുകള്‍ ഒഴിവാക്കിയാലും എന്തെങ്കിലും സംഭവിക്കുമായിരുന്നോ?
ലിയോ: സംഭവിക്കുമായിരുന്നു. രണ്ടാം പകുതിയെ ഇത്രയും ആസ്വാദ്യമാക്കിയതില്‍ ആ കഥാപാത്രത്തിന് പ്രധാന പങ്കുണ്ട്. അത്തരം സംഭവങ്ങളില്‍ പ്രേക്ഷകന്‍ എന്‍ഗേജ്ഡ് ആയതുകൊണ്ടാണ് ക്ലൈമാക്സ് വലിയ സംഭവമൊന്നുമല്ലെങ്കിലും പ്രേമം മെഗാഹിറ്റായി മാറിയത്. രാജേഷ് മുരുകേശന്‍റെ ഗാനങ്ങള്‍ പ്രേമത്തെ ഒരു സംഗീതാനുഭവം കൂടിയാക്കി മാറ്റിയിരിക്കുന്നു.
യാത്രി: രാജേഷ് മുരുകേശനെപ്പോലെ തന്നെ പരാമര്‍ശമര്‍ഹിക്കുന്നു ശംഭു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ശബരീഷ് വര്‍മ. ‘പ്രേമ’ത്തിലെ ഏഴ് ഗാനങ്ങളില്‍ ആറും എഴുതിയതും അതില്‍ നാലെണ്ണം പാടിയതും ശബരീഷാണ്! പാട്ടുകളില്‍ പക്ഷേ എനിക്കുപ്രിയപ്പെട്ടത് വിജയ് യേശുദാസ് പാടിയ ‘മലരേ...’ തന്നെയാണ്. ഒരിടവേളയ്ക്ക് ശേഷം വിജയ്ക്ക് ഒരു ബ്രേക്കായി ഈ ഗാനം.
അഡോള്‍ഫ്: ‘ഇവിടെ’യില്‍ വലിയ സ്ട്രഗിളും ഇന്‍സെക്യൂരിറ്റിയുമൊക്കെയുണ്ടെങ്കിലും വരുണ്‍ ബ്ലേക്ക് എന്ന കഥാപാത്രം പിടിച്ചാല്‍ കിട്ടാത്ത മനസുള്ളയാളാണ്. അയാള്‍ ഒരേസമയം അക്രമകാരിയും ശാന്തപ്രകൃതനുമാണ്. ഭാവന അവതരിപ്പിക്കുന്ന രോഷ്നി മാത്യു എന്ന കഥാപാത്രം വരുണ്‍ ബ്ലേക്ക് തന്നോട് കാണിച്ച അക്രമങ്ങളെപ്പറ്റി പറയുന്നുണ്ട്. ക്ലൈമാക്സില്‍ അയാള്‍ തോക്കെടുക്കുമ്പോള്‍ രോഷ്നി ഭയക്കുന്നതും നിലവിട്ടുപെരുമാറുന്നതും അയാളുടെ സ്വഭാവം അറിയുന്നതുകൊണ്ടുകൂടിയാണ്. അമേരിക്കക്കാരിയായ പെണ്‍സുഹൃത്തുമായി സെക്സിലേര്‍പ്പെടുമ്പോള്‍ വളരെ വയലന്‍റായ ഒരു വരുണ്‍ ബ്ലേക്കിനെ സംവിധായകന്‍ കാണിച്ചുതരുന്നുണ്ട്. സിനിമയില്‍ കാണിക്കുന്ന രണ്ട് പൊലീസ് ഓപ്പറേഷനുകളിലും പക്ഷേ, മെച്വേര്‍ഡായ ഇടപെടലാണ് വരുണ്‍ ബ്ലേക്ക് നടത്തുന്നത് എന്നതും ശ്രദ്ധിക്കണം.
യാത്രി: ഒരര്‍ത്ഥത്തില്‍, രണ്ടു രീതിയിലുള്ള പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന ഒരാഴ്ചയാണ് കടന്നുപോയത്. ഇവിടെയും പ്രേമവും ജനങ്ങള്‍ ഏറ്റെടുത്തതിന് കാരണവും മറ്റൊന്നല്ല. ഒന്ന് വമ്പന്‍ ഹിറ്റായി മാറിയപ്പോള്‍ അടുത്തത് നല്ല സിനിമകളെ സ്നേഹിക്കുന്ന പ്രേക്ഷകര്‍ക്ക് സന്തോഷിക്കാനുള്ള വകുപ്പ് നല്‍കി. പ്രേമവും ഇവിടെയും പോലെ എല്ലാത്തരം പ്രേക്ഷകര്‍ക്കും വേണ്ടിയുള്ള അനവധി സിനിമകള്‍ ഈ വര്‍ഷം മലയാളത്തില്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.