‘4 ഫ്രണ്ട്സ്’ - വെറും കെട്ടുകാഴ്ച

വ്യാഴം, 28 ഒക്‌ടോബര്‍ 2010 (18:51 IST)
PRO
രസിപ്പിക്കുക എന്നതാണല്ലോ സിനിമയുടെ പ്രാഥമികമായ കടമ. രസിപ്പിക്കല്‍ പല രീതിയിലാകാമെന്നു മാത്രം. സത്യന്‍ അന്തിക്കാട് കുടുംബ കഥകളിലെ ചെറിയ ചെറിയ നര്‍മ്മങ്ങളിലൂടെ അത് നിര്‍വഹിക്കുന്നു. ഷാജി കൈലാസ് ആക്ഷന്‍ ചിത്രങ്ങളിലൂടെയും സിദ്ദിഖും ലാലും ചിരി - ത്രില്ലര്‍ കോമ്പിനേഷനിലൂടെയും രസിപ്പിക്കുന്നു. എന്നാല്‍ താന്‍ എന്താണ് ഉദ്ദേശിച്ചത് എന്നത് കൃത്യമായി പ്രേക്ഷകരിലെത്തിയില്ലെങ്കിലോ? ദയനീയമായിരിക്കും സ്ഥിതി.

സജി സുരേന്ദ്രന്‍ സംവിധാനം ചെയ്ത ഇവര്‍ വിവാഹിതരായാല്‍, ഹാപ്പി ഹസ്ബന്‍ഡ്സ് എന്നീ സിനിമകള്‍ സൂപ്പര്‍ ഹിറ്റുകളായി. എങ്ങനെ ഹിറ്റായി? പ്രേക്ഷകരെ രസിപ്പിക്കുന്ന എന്തോ ഒരു ഘടകം ആ സിനിമകളില്‍ ഉണ്ടായിരുന്നിരിക്കണം. അല്ലെങ്കില്‍ 150 ദിവസങ്ങള്‍ തിയേറ്ററുകളില്‍ നില്‍ക്കില്ലല്ലോ. സജിയുടെ മൂന്നാമത്തെ സിനിമയില്‍ പക്ഷേ കാര്യം മറിച്ചാണ്, ‘4 ഫ്രണ്ട്സ്’ എന്ന സിനിമ പ്രേക്ഷകനെ രസിപ്പിക്കുന്നില്ലെന്ന് മാത്രമല്ല, അത്യാവശ്യം ഉപദ്രവിക്കുകയും ചെയ്യുന്നു.

മുന്‍‌ചിത്രങ്ങളുടെ തഴമ്പ് കാരണമാകണം നല്ല തിരക്കായിരുന്നു ‘4 ഫ്രണ്ട്സ്’ സിനിമ കളിക്കുന്ന തിയേറ്ററില്‍. എന്നാല്‍ ഇടിച്ചുകയറി ടിക്കറ്റെടുത്തവരെ ഇളിഭ്യരാക്കുന്ന ഉത്പന്നമാണ് തിയേറ്ററിനുള്ളിലുണ്ടായിരുന്നത്. ഈ സിനിമയില്‍ കോമഡിയില്ല, മനസിന് ആനന്ദം നല്‍കുന്ന ഒരു മുഹൂര്‍ത്തമില്ല, ഉള്ളതോ? സെന്‍റിമെന്‍റ്സ് എന്ന ശ്രേണിയില്‍ പെടുത്താവുന്ന, പക്വതയില്ലാത്ത ദൃശ്യധാരാളിത്തം.

കാന്‍സര്‍ രോഗികളായ റോയി(ജയറാം), അമീര്‍(ജയസൂര്യ), സൂര്യ(കുഞ്ചാക്കോ ബോബന്‍), ഗൌരി(മീരാ ജാസ്മിന്‍) എന്നിവര്‍ ഒരു കാന്‍സര്‍ ചികിത്സാ കേന്ദ്രത്തില്‍ വച്ച് പരിചയപ്പെടുന്നു. അവര്‍ സുഹൃത്തുക്കളായി മാറുന്നു. ശേഷിക്കുന്ന ജീവിതം അടിച്ചുപൊളിക്കാനായി അവര്‍ മലേഷ്യയിലേക്ക് തിരിക്കുകയാണ്.

(റോബ് റെയ്‌നര്‍ 2007ല്‍ സംവിധാനം ചെയ്ത ‘ദി ബക്കറ്റ് ലിസ്റ്റ്’ എന്ന ഹോളിവുഡ് ചിത്രം ഓര്‍ക്കുക. മരണം ഉറപ്പായ രണ്ടു രോഗികള്‍ ഒരു ആശുപത്രിയില്‍ കണ്ടുമുട്ടുന്നു. ഇനിയുള്ള കാലം തങ്ങള്‍ ചെയ്തു തീര്‍ക്കേണ്ടുന്ന കാര്യങ്ങളുടെ ഒരു പട്ടികയുണ്ടാക്കുന്നു. പിന്നെ ആഘോഷമായി അവയൊക്കെ പൂര്‍ത്തിയാക്കാനുള്ള ശ്രമമാണ്. ജാക്ക് നിക്കോള്‍സനും മോര്‍ഗന്‍ ഫ്രീമാനും തകര്‍ത്തഭിനയിച്ച ആ സിനിമ കണ്ടിട്ടില്ലാത്തവര്‍ക്ക് 4 ഫ്രണ്ട്സ് പുതുമയായിരിക്കും!)

ഒരു നല്ല എന്‍റര്‍ടെയ്നറാകാന്‍ എല്ലാവിധ സാധ്യതകളുമുള്ള ഒരു പ്ലോട്ടാണിത്. എന്നാല്‍ കൃഷ്ണ പൂജപ്പുര എന്ന എഴുത്തുകാരന്‍ കാര്യങ്ങളെ ഈസിയായി സമീപിച്ചിരിക്കുന്നു. എന്‍റര്‍ടെയ്‌ന്മെന്‍റ് ഇല്ലെന്നതോ പോകട്ടെ, മെലോഡ്രാമയുടെ അതിര്‍വരമ്പില്ലാത്ത ആക്രമണത്തിന് പ്രേക്ഷകര്‍ക്ക് വിധേയരാകേണ്ടി വരുന്നു.

കണ്ണീരില്‍ കുതിര്‍ന്ന പുഞ്ചിരി വേണ്ടിടത്ത്, അലമുറയിട്ടു കരയുന്നതുപോലെയായി സംഗതി. സര്‍വം കണ്ണീര്‍മയം. കണ്ണീര്‍‌സീരിയലുകാര്‍ പോലും അവരുടെ പ്ലാറ്റ്ഫോം പ്രതികാരത്തിലേക്കും ചിരിയിലേക്കും മാറ്റാന്‍ ശ്രമിക്കുന്ന കാലത്ത് നിരര്‍ത്ഥകമായ സെന്‍റിമെന്‍റ്സില്‍ പ്രേക്ഷകനെ മുക്കിക്കൊല്ലുകയാണ് 4 ഫ്രണ്ട്സില്‍ സംവിധായകനും തിരക്കഥാകൃത്തും.

പിന്നെ കമലഹാസന്‍. മനു അങ്കിളില്‍ മോഹന്‍ലാല്‍ വരുന്നതുപോലെയോ നളദമയന്തിയില്‍ ജയറാം വരുന്നതു പോലെയോ ഒക്കെയുള്ള പ്രാധാന്യമേയുള്ളു ഉലകനായകന്‍റെ പ്രത്യക്ഷപ്പെടലിന്. ഇന്‍റര്‍വെല്‍ പഞ്ച് നല്‍കാന്‍ അതിനായെങ്കിലും, 4 ഫ്രണ്ട്സിന് ഉപദേശം നല്‍കുക എന്ന കര്‍ത്തവ്യം നിര്‍വഹിക്കാനുള്ള അവസരമേ സംവിധായകന്‍ കമലിന് നല്‍കിയിട്ടുള്ളൂ. അദ്ദേഹം അത് നന്നായി ചെയ്തിട്ടുമുണ്ട്.

അഭിനേതാക്കളില്‍ ജയസൂര്യയാണ് സ്കോര്‍ ചെയ്തത്. ജയറാം, കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ക്ക് വലിയ പ്രകടനത്തിനുള്ള സ്കോപ്പില്ല. മീരാ ജാസ്മിന്‍ തനിക്കു കിട്ടിയ കഥാപാത്രത്തോട് നീതികേടുകാട്ടിയില്ലെന്നു മാത്രം. പിന്നെ സലിം കുമാര്‍, സുരാജ് വെഞ്ഞാറമ്മൂട് തുടങ്ങിയവര്‍. സലിമിന്‍റെ തമാശകള്‍ പ്രേക്ഷകരെ ശരിക്കും കരയിച്ചു! അല്‍പ്പമെങ്കിലും കയ്യടി കിട്ടിയത് സുരാജിന്‍റെ ചില നമ്പരുകള്‍ക്ക് മാത്രം.

ഗാനരംഗങ്ങള്‍ മനോഹരമാണ്. ‘ഒരുനാള്‍ അന്നൊരുനാള്‍...’ എന്ന ഗാനരംഗം മികച്ചതാണ്. ഷോലെയിലെ പ്രശസ്തമായ ‘യേ ദോസ്തീ..’ റീമിക്സ് ചെയ്തിട്ടുണ്ട്. ചിത്രത്തിന്‍റെ തുടക്കത്തില്‍ ഒരു ഓളം നല്‍കാന്‍ അതിനു കഴിയുന്നു. അനില്‍ നായരുടെ ഛായാഗ്രഹണം കഥാഗതിയോട് ചേരുന്ന വിധത്തില്‍ മനോഹരമായി.
PRO


മനസില്‍ തട്ടുന്ന മുഹൂര്‍ത്തങ്ങളോ സംഭാഷണങ്ങളോ ഒരുക്കാന്‍ കഴിയാതെ പോയതാണ് ഈ ചിത്രത്തിന്‍റെ ഏറ്റവും വലിയ ന്യൂനത. പ്രേക്ഷകരെ ചിരിപ്പിക്കുകയോ കരിയിക്കുകയോ ചെയ്യുന്നത് അത്ര എളുപ്പമുള്ള ഏര്‍പ്പാടല്ലെന്ന തിരിച്ചറിവെങ്കിലും ഈ സിനിമ സംവിധായകനും തിരക്കഥാകൃത്തിനും നല്‍കുമെന്ന് പ്രതീക്ഷിക്കാം.

വാല്‍ക്കഷണം: തൊണ്ണൂറുകളില്‍ പോലും കാന്‍സര്‍ സെന്‍റിമെന്‍റ്സില്‍ പ്രേക്ഷകര്‍ മൂക്കുംകുത്തി വീഴുന്നത് അപൂര്‍വമായിരുന്നു. ഒരു ആകാശദൂതോ മറ്റോ ക്ലിക്കായതൊഴിച്ചാല്‍. പുതുമകളാണ് കാണികള്‍ക്ക് വേണ്ടത്. അല്ലാതെ നാലോ അഞ്ചോ താരങ്ങളെ അണിനിരത്തിയുള്ള കെട്ടുകാഴ്ചകളല്ല. അങ്ങനെയുള്ള താരപ്രകടനത്തില്‍ മനം മയങ്ങുന്നവരെ മാത്രം ലക്‍ഷ്യം വച്ചാല്‍ ‘4 ഫ്രണ്ട്സ്’ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും.

വെബ്ദുനിയ വായിക്കുക