‘മാട്രാന്‍’ സൂപ്പര്‍, അടിപൊളി സിനിമ!

വെള്ളി, 12 ഒക്‌ടോബര്‍ 2012 (16:57 IST)
PRO
സൂര്യ സയാമീസ് ഇരട്ടകളായി അഭിനയിക്കുന്ന തമിഴ് ചിത്രം മാട്രാന്‍ പുറത്തിറങ്ങി. പ്രതീക്ഷിച്ചതുപോലെ ഹോളിവുഡ് സിനിമകളെ വെല്ലുന്ന സാങ്കേതിക മേന്‍‌മയുള്ള ഒരു ചിത്രമാണ് കെ വി ആനന്ദ് നല്‍കിയിരിക്കുന്നത്. രണ്ടാം പകുതി പ്രവചിക്കാവുന്നതാണ് എന്ന പിഴവൊഴിച്ചാല്‍ മാട്രാന്‍ ഇന്ത്യന്‍ സിനിമാലോകത്ത് ഒരു പുതിയ അനുഭവം തന്നെയാണ്.

കെ വി ആനന്ദ് സമൂഹത്തെ ബാധിക്കുന്ന വിഷയങ്ങള്‍ സിനിമയാക്കാന്‍ ഇഷ്ടപ്പെടുന്ന സംവിധായകനാണ്. അദ്ദേഹത്തിന്‍റെ ആദ്യചിത്രമായ കനാക്കണ്ടേന്‍ കുടിവെള്ളപ്രശ്നവും അമിത പലിശയ്ക്ക് പണം കടം കൊടുക്കുന്നവരുടെ തട്ടിപ്പിനെക്കുറിച്ചും ചര്‍ച്ച ചെയ്തു. രണ്ടാമത്തെ ചിത്രമായ അയന്‍ കള്ളക്കടത്തിന്‍റെ ലോകമായിരുന്നു തുറന്നിട്ടത്. മൂന്നാമത്തെ ചിത്രമായ ‘കോ’ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അപചയങ്ങള്‍ പൊളിച്ചുകാട്ടി. ’മാട്രാന്‍’ അവതരിപ്പിക്കുന്നതും പുതിയൊരു വിഷയമാണ്. ഭാവി തലമുറയെയാകെ ഗുരുതരമായി ബാധിക്കുന്ന ഒരു വിഷയം.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭദ്രന്‍ സംവിധാനം ചെയ്ത ‘അയ്യര്‍ ദി ഗ്രേറ്റ്’ എന്ന സിനിമയുടെ വിഷയം ഏകദേശം ഇതുതന്നെയായിരുന്നു. എന്നാല്‍ അയ്യര്‍ ദി ഗ്രേറ്റിനോളം ശക്തമായി ഈ പ്രശ്നം കൈകാര്യം ചെയ്യാന്‍ മാട്രാന് കഴിഞ്ഞിട്ടുണ്ട് എന്ന് പറയുക വയ്യ.

അടുത്ത പേജില്‍ - ഇരട്ടവിസ്മയം!

PRO
രാമചന്ദ്ര(സച്ചിന്‍ ഖേദേക്കര്‍) ഒരു ജനറ്റിക് ശാസ്ത്രജ്ഞനാണ്. ശാസ്ത്രരംഗത്ത് ഒരു വിപ്ലവം സൃഷ്ടിക്കാന്‍ തന്നെയാണ് അദ്ദേഹം ഒരുങ്ങുന്നത്. എന്നാല്‍ സര്‍ക്കാര്‍ അദ്ദേഹത്തിന് കാര്യമായ പരിഗണന നല്‍കുന്നില്ല. രാമചന്ദ്രയുടെ ഭാര്യ സയാമീസ് ഇരട്ടകളെ പ്രസവിക്കുന്നു. അഖിലനും വിമലനും(സൂര്യ).

രാമചന്ദ്രയുടെ പരീക്ഷണങ്ങള്‍ പരാജയപ്പെടുകയും അയാളുടെ പ്രൊജക്ടുകള്‍ തള്ളപ്പെടുകയും ചെയ്തു. എന്നാല്‍ അയാള്‍ ഒരു എനര്‍ജി ഡ്രിങ്ക് (എനര്‍ജിയന്‍) കമ്പനിയുണ്ടാക്കി വിജയിക്കുന്നു. വിമലനും അഖിലനും നല്ല സുന്ദരക്കുട്ടന്‍‌മാരായി വളരുന്നു. അവര്‍ക്ക് അഞ്ജലി(കാജല്‍ അഗര്‍വാള്‍)യോട് പ്രണയം തോന്നുന്നു. എന്നാല്‍ അഞ്ജലിക്ക് വിമലനോടാണ് പ്രിയം. യാദൃശ്ചികമായി വിമലന്‍ മനസിലാക്കുന്നു, എനര്‍ജിയനില്‍ അപകടകരമായ വസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്ന്.

തുടര്‍ന്ന് എന്ത് സംഭവിക്കും എന്നതാണ് കഥയുടെ ഹൈലൈറ്റ്. സൂര്യയുടെ കഴിഞ്ഞ സിനിമയായ ഏഴാം അറിവുമായി പ്രമേയപരമായ സാദൃശ്യം മാട്രാനുണ്ടെന്നത് യാദൃശ്ചികമായിരിക്കാം. എന്തായാലും ഏഴാം അറിവും മാട്രാനും സയാമീസ് ഇരട്ടകളായ സിനിമകളാണെന്ന് പറയാതെ വയ്യ.

അടുത്ത പേജില്‍ - സൂര്യ, സൂര്യമയം!

PRO
സൂര്യ ഒറ്റയ്ക്ക് ചുമലിലേറ്റുകയാണ് ‘മാട്രാന്‍’ എന്ന സിനിമ. ഓരോ സിനിമകള്‍ കഴിയുന്തോറും ഈ നടന്‍ അത്ഭുതപ്പെടുത്തുന്നു. തന്‍റെ അഭിനയപാടവത്തെ രാകിമിനുക്കാന്‍ സ്കോപ്പുള്ള കഥകളാണ് സൂര്യ ഓരോ തവണയും സ്വീകരിക്കുന്നത്. ചെറിയൊരു പാളിച്ച കൊണ്ടുപോലും ആത്മാവ് നഷ്ടപ്പെട്ടുപോകുമായിരുന്ന സയാമീസ് ഇരട്ടകളെ ഗംഭീരമാക്കിയ സൂര്യ ഏറെ അഭിനന്ദനം അര്‍ഹിക്കുന്നു.

ഇരട്ടകളുടെ പിതാവ് രാമചന്ദ്രയായി വന്ന സച്ചിന്‍ ഖേദേക്കര്‍ നല്ല പ്രകടനമാണ് നല്‍കിയത്. ഇദ്ദേഹം ദൈവത്തിരുമകളിലും മികച്ച അഭിനയം കാഴ്ചവച്ചത് ഓര്‍ക്കുന്നു. സൂര്യയുടെ അമ്മയായി അഭിനയിച്ച താര നന്നായിരുന്നു.

സുബയാണ് മാട്രാന്‍റെ തിരക്കഥ. രണ്ടാം പകുതിയില്‍ വേണ്ടത്ര ശ്രദ്ധ കൊടുക്കാന്‍ പറ്റിയില്ല എന്നതാണ് ഈ തിരക്കഥയുടെ പോരായ്മ. ‘കോ’യില്‍ ഇവര്‍ പ്രകടിപ്പിച്ച സൂക്ഷ്മത മാട്രാനില്‍ കൈവിട്ടുപോയി. സൌന്ദര്‍ രാജന്‍റെ ഛായാഗ്രഹണം എക്സലന്‍റാണ്. ആന്‍റണിയുടെ എഡിറ്റിംഗാണ് ഈ സിനിമയുടെ ജീവന്‍ എന്നുപറയാം. ഹാരിസ് ജയരാജ് ഈണമിട്ട ഗാനങ്ങള്‍ ശരാശരിയാണ്.

കെ വി ആനന്ദ് വീണ്ടും വിസ്മയിപ്പിക്കുന്നു. ഈ കഥയ്ക്ക് വേണ്ടി അദ്ദേഹം നടത്തിയ ഗവേഷണങ്ങളെ പ്രശംസിക്കാതെ വയ്യ. തെന്നിന്ത്യയിലെ ഏറ്റവും വലിയ സംവിധായകന്‍ ആരാണ് എന്ന മത്സരത്തില്‍ തീര്‍ച്ചയായും ഷങ്കറിനും എസ് എസ് രാജമൌലിക്കും എ ആര്‍ മുരുഗദോസിനും പുരി ജഗന്നാഥിനും ഒരു വെല്ലുവിളി തന്നെയായിരിക്കും കെ വി ആനന്ദ്.

വെബ്ദുനിയ വായിക്കുക