സ്വപ്നങ്ങളുടെ ‘ആകാശ ഗോപുരം‘

PROPRO
"ഇച്ഛാശക്തിയുള്ളവരുടെ വിരല്‍ തുമ്പിലാണ്‌ ലോകം തിരിയുന്നത്‌"

ഹെന്‍ട്രിക്‌ ഇബ്‌സന്‍റെ ക്ലാസിക്‌ നാടകമായ ‘മാസ്‌റ്റര്‍ ബില്‍ഡറി’ലെ പ്രശസ്‌തമായ വാചകമാണിത്‌. ഇച്ഛാശക്തികൊണ്ട്‌ ലോകം കീഴ്‌മേല്‍ മറിച്ച് ജീവിത വിജയം നേടാന്‍ നിങ്ങളെന്താണ്‌ നഷ്ടപ്പെടുത്തിയത് എന്ന ചോദ്യമാണ്‌ നാടകത്തിന്‍റെ മലയാള ചലച്ചിത്രാഖ്യാനത്തിലൂടെ കെ പി കുമാരന്‍ ചോദിക്കുന്നത്‌.

തീര്‍ച്ചയായും മലയാളത്തിലെ ആദ്യ രാജ്യാന്തര ചലച്ചിത്രമാണ്‌ ‘ആകാശഗോപുരം’. ശരാശരി മലയാളി സിനിമ പ്രേക്ഷകര്‍ അര്‍ഹിക്കുന്നതിനേക്കാള്‍ കൂടുതല്‍ ശ്രദ്ധയും പണവും ആത്മാര്‍ത്ഥതയും വിനിയോഗിച്ച സിനിമ.

അട്ടഹസിച്ചുകൊണ്ട്‌ ഡയലോഗ്‌ പറയുന്ന വീരനായി മോഹന്‍ലാലിനെ പ്രതീക്ഷിക്കുന്ന ലാല്‍ ഫാന്‍സ്‌ തന്നെയായിരിക്കും ഈ സിനിമയുടെ ശത്രുക്കള്‍. ജീവിതത്തിന്‍റെ സമഗ്രതയെ കുറിച്ച്‌, ഓരോ മനുഷ്യന്‍റെയും ഉള്ളിലെ ഭീരുത്വത്തെയും കാപാട്യത്തേയും കുറിച്ചുള്ള തുറന്ന ചര്‍ച്ചയാണ്‌ ‘ആകാശ ഗോപുരം’. ആദ്യമധ്യാന്ത പൊരുത്തമുള്ള കഥയോ അതിപ്രതാപഗുണവാനായ നായകനോ ഇവിടെ ഇല്ല.

ആല്‍ബര്‍ട്ട്‌ സാംസണ്‍

മാറ്റങ്ങളേയും യുവത്വത്തേയും പേടിക്കുന്ന, പഴകിപ്പോയോ എന്ന്‌ സ്വയം സംശയിക്കുന്ന ഭീരു. വിഖ്യാത ശില്‌പിയായി ലോകം വാഴ്‌ത്തുമ്പോഴും പുറകില്‍ വരുന്ന തലമുറയാല്‍ ചവുട്ടിത്തെറിപ്പിക്കപ്പെടുമോ എന്ന്‌ ആയാള്‍ ഭയക്കുന്നു. കാരണം അയാള്‍ അങ്ങനെയാണ്‌ കടന്നു വന്നത്‌.
PROPRO


ജോലി നല്‌കിയ ഗുരു എബ്രഹാമിനെ(ഭരത്‌ഗോപി) ചവുട്ടുപടിയാക്കിയത്‌ പോലെ ആയാളുടെ മകന്‍ അലക്‌സിനേയും (മനോജ്‌ കെ ജയന്‍ ) സ്വതന്ത്രനാകാന്‍ അനുവദിക്കാതെ ചിറകിന്‍ കീഴില്‍ ഒതുക്കി വച്ചിരിക്കുന്നു. അലക്‌സിന്‍റെ കാമുകി കാതറീനെ (ഗീതു മോഹന്‍ദാസ്‌) പോലും വശീകരിച്ചിരിച്ചു വച്ചിരിക്കുന്നു, അലക്‌സ്‌ മറ്റ്‌ സ്ഥാപനത്തേക്ക്‌ ചാടി പോകാതിരിക്കാന്‍.

ഭാര്യ ആലിസിന്‍റെ (ശ്വേത മേനോന്‍) കുടുംബം കത്തി പോയതിനും മക്കള്‍ മരിച്ചതിനുമെല്ലാം പിന്നില്‍ തന്‍റെ വന്യമായ ഉത്‌കര്‍ഷേച്ഛയാണെന്ന കുറ്റബോധവും അയാള്‍ക്കുണ്ട്‌.

ദൈവങ്ങള്‍ക്ക്‌ വേണ്ടി ആലയം പണിയുന്നത്‌ സാംസണ്‍ പത്ത്‌ വര്‍ഷം മുമ്പ്‌ നിര്‍ത്തി. മനുഷ്യന്‌ ആലയം പണിയുന്നതിലാണ്‌ ഇപ്പോള്‍ താത്‌പര്യം. അതിനുള്ളില്‍ താമസിക്കുന്നവര്‍ക്ക്‌ മനപ്പൊരുത്തമില്ലാതെ വന്നാല്‍ ഏത്‌ മഹത്തായ വീടിനും അര്‍ത്ഥമില്ലാതെ പോകുന്നുവെന്ന്‌ സ്വന്തം ജീവിതത്തില്‍ നിന്ന്‌ തന്നെ തിരിച്ചറിയുന്നു.

PROPRO
ഹില്‍ഡ (നിത്യ)
മനുഷ്യ മനസുകളില്‍ ആകാശത്തേക്കുയരുന്ന ഗോപുരങ്ങള്‍ നിര്‍മ്മിക്കാന്‍ അയാളുടെ മനസ്‌ പരുവപ്പെടുന്നത്‌ ഹില്‍ഡ വരുന്നതോടെയാണ്‌.

പത്തുവര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ അയാള്‍ വാഗ്‌ദാനം ചെയ്‌ത ‘സാമ്രാജ്യം‘ ചോദിച്ചുകൊണ്ടാണ്‌ പ്രകാശം പരത്തുന്ന ചിരിയുമായി അവള്‍ ആല്‍ബര്‍ട്ടിന്‍റെ ജീവിതത്തിലേക്ക്‌ വരുന്നത്‌. കുറേക്കൂടി ധീരനായിരുന്ന , പണി തീര്‍ത്ത പള്ളികളില്‍ വലിഞ്ഞു കയറി വിജയം പ്രഖ്യാപിച്ചിരുന്ന കാലത്ത്‌ കുട്ടിയായ അവളെ വാരി പുണര്‍ന്ന് ഉമ്മ നല്‍കി കൊണ്ട്‌ അയാള്‍ നല്‌കിയ വാഗ്‌ദാനമാണത്‌.

അവളുമായി സംസാരിക്കുമ്പോഴാണ്‌, ജീവിത വിജയത്തിന്‌ താന്‍ നല്‌കിയ വിലയെ കുറിച്ച്‌ ആല്‍ബര്‍ട്ട്‌ സ്വയം വിലയിരുത്തുന്നത്‌. അവളുടെ സാമീപ്യം കൊണ്ട്‌ അലക്‌സിനെ സ്വതന്ത്രനായി ജീവിക്കാന്‍ അനുവദിക്കാനുള്ള ധൈര്യം അയാള്‍ക്ക്‌ കിട്ടുന്നത്. പുതുതായി പണി തീര്‍ത്ത ഗോപുരത്തില്‍ വലിഞ്ഞു കയറി ധൈര്യം കാണിക്കാനും അയാള്‍ക്ക്‌ ചങ്കൂറ്റം വരുന്നു.

ഗോപുരത്തിന്‌ മുകളില്‍ ആദ്യമായി അയാള്‍ക്ക്‌ കാല്‍ വഴുതുന്നു. അപ്പോഴേയ്‌ക്കും മനുഷ്യമനസുകളില്‍ അയാള്‍ ആകാശ ഗോപുരം പണിഞ്ഞിരുന്നു.

ഓരേ സമയം ക്രൂരനും ദീനനുമായ ആല്‍ബര്‍ട്ടിനെ നിശബ്ദ ഭാവങ്ങളിലെ മോഹന്‍ലാല്‍ നന്നായി ഉള്‍കൊണ്ടിരിക്കുന്നു. ശ്രീനിവാസനും ഭരത്‌ ഗോപിയും പോലും സിനിമയുടെ നാടക ചട്ടക്കൂട്ടില്‍ നിന്ന പുറത്തു വരുന്നില്ല. പുതുമുഖം നിത്യയും മോഹന്‍ലാലിനൊപ്പം നില്‍ക്കുന്ന പ്രകടനം കാഴ്‌ച വയ്‌ക്കുന്നു.

PROPRO
സിനിമയില്‍ നാടകം
നാടകത്തില്‍ നിന്നുള്ള സംഭാഷണങ്ങളുടെ ഭാഷാന്തരീകരണം കല്ലുകടിയാകുന്നു എന്നതാണ്‌ ‘ആകാശഗോപുര‘ത്തിന്‍റെ പ്രധാന പോരായ്‌മ. ‘ഓം നമശിവായ‘യും ‘മഹാഭാരത‘വും മലയാളത്തില്‍ കണ്ട പ്രേക്ഷകര്‍ നേരിട്ട അതേ പ്രതിസന്ധി.

ഔപചാരികത ത്രസിച്ചു നില്‍ക്കുന്ന വാചകങ്ങളെ മനോഹരമായി ഉപയോഗിക്കുന്നത്‌ ഒരു പക്ഷെ ചിത്രത്തില്‍ മോഹന്‍ലാല്‍ മാത്രമാണ്‌.

സിനിമ കാണുന്ന മലയാളി പ്രേക്ഷകനെ കുഴപ്പിക്കുന്ന ഏക പ്രശ്‌നം നാടകീയമായ സിനിമാഖ്യാനവും സംഭാഷണവും ആയിരിക്കും. ഗഹനമായ ആന്തരിക സമസ്യകളെ കുറിച്ച്‌ സുദീര്‍ഘമായി ചര്‍ച്ച ചെയ്യുന്ന നാടകം ചലച്ചിത്ര രൂപത്തിലേക്ക്‌ പറിച്ചു നടുമ്പോള്‍ സംവിധായകന്‌ മുന്നില്‍ പല വഴികള്‍ ഉണ്ടാകും.

നാടകത്തെ ജനപ്രിയമായ പശ്ചാത്തലത്തിലേക്ക്‌ പറിച്ചു നടുക എന്നതായിരിക്കും അതില്‍ ഏറ്റവും എളുപ്പം. എന്നാല്‍ നാടകത്തിന്‍റെ കലാപരമായ അംശം നഷ്ടപ്പെടാതെ ഇബ്‌സനോട്‌ നീതി പുലര്‍ത്തികൊണ്ടുള്ള രൂപമാറ്റത്തിനാണ്‌ കെ പി കുമാരന്‍ തുനിഞ്ഞത്‌.

കുലീനമായ ലണ്ടന്‍ പശ്ചാത്തലം തന്നെയാണ്‌ സിനിമയുടെ കാതല്‍. ജോണ്‍ ആള്‍ട്ട്‌ മാന്‍റെ മനോഹരമായ സംഗീതം സിനിമയുടെ നാടകീയമായ അസ്വാരസ്യങ്ങളെ അതിജീവിക്കാന്‍ സഹായിക്കുന്നു.

സന്തോഷ്‌ തുണ്ടിയല്‍ സിനിമയുടെ ഹൃദയം അറിഞ്ഞു തന്നെയാണ്‌ ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്‌. സാങ്കേതികമായി ഏറ്റവും പക്വതയാര്‍ജ്ജിച്ച മലയാള സിനിമ ‘ആകാശഗോപുര‘മാണെന്നും പറയേണ്ടി വരും. പശ്ചാത്തല സംഗീതത്തിലും എഡിറ്റിങ്ങിലും സ്‌പെഷ്യല്‍ എഫ്‌ക്ടുകളിലും എല്ലാം രാജ്യാന്തര നിലവാരം പ്രകടമാണ്‌.

ജീവിതം അടിച്ചുപൊളിക്കാന്‍ സിനിമ കാണാനിറങ്ങുന്നവര്‍ക്ക്‌ ‘ആകാശഗോപുരം’ ഒഴിവാക്കാം. ഇബ്‌സന്‍റെ ‘മാസ്റ്റര്‍ ബില്‍ഡര്‍’ കാണമെന്നുള്ളവര്‍ക്ക്‌ ‘ആകാശഗോപുര’ത്തിന്‌ ഒന്നിലധികം തവണ ടിക്കറ്റെടുക്കാം.