ഇപ്പോഴിപ്പോള്‍ ബജറ്റിന്‍റെ കാര്യത്തില്‍ ചെറിയ പടങ്ങളൊന്നും മലയാളത്തില്‍ ഇല്ല. എല്ലാം മൂന്നും നാലും കോടികള്‍ ചെലവുവരുന്ന സിനിമകള്‍. ചെറിയ താരങ്ങള്‍ അഭിനയിച്ചാലും സ്ഥിതി അതുതന്നെ. സാറ്റലൈറ്റ് റൈറ്റ് എന്ന നിധി മുന്നില്‍ കണ്ട് താരങ്ങള്‍ റേറ്റ് കൂട്ടുമ്പോള്‍ ചെലവ് കൂടാതിരിക്കുന്നതെങ്ങനെ? ഷാജി കൈലാസ് സംവിധാനം ചെയ്ത പൃഥ്വിരാജ് ചിത്രം സിംഹാസനത്തിന്‍റെ ചെലവ് അഞ്ചുകോടിയാണ്. അത് തിരിച്ചുപിടിക്കാന്‍ ചിത്രത്തിനാകുമോ? അതൊന്നും എന്‍റെ വിഷയമല്ലാത്തതുകൊണ്ട് നോ കമന്‍റ്സ്.
ഒരുകാര്യം വ്യക്തമായി പറയാം, നല്ല ഒന്നാന്തരം ബോറന്‍ സിനിമയാണ് സിംഹാസനം. നാടുവാഴികള്‍, ആറാം തമ്പുരാന്‍, നരസിംഹം, താണ്ഡവം തുടങ്ങി ക്ലാസിക് ചിത്രമായ തേവര്‍ മകനെപ്പോലും ഷാജി കൈലാസ് വെറുതെവിട്ടിട്ടില്ല. ഇതെല്ലാം കൂടി മിക്സ് ചെയ്ത് ആളെപ്പേടിപ്പിക്കുന്ന ടൈറ്റിലും കൊടുത്ത് ഇറക്കിവിട്ടിരിക്കുകയാണ്. ഉസ്താദ് ഹോട്ടല്‍ പോലെ ഗംഭീര സിനിമകളിറങ്ങിയിരിക്കുന്ന സമയത്തുതന്നെ ഇതുപോലെയുള്ള ആഘാതങ്ങളും മലയാളി പ്രേക്ഷകര്‍ക്ക് സഹിക്കേണ്ടിവരുന്നു. വിധിയെന്നല്ലേ പറയേണ്ടൂ...
മലയാള സിനിമയുടെ ഉടലും ആത്മാവും ആകെ മാറിയെന്ന് അവകാശപ്പെടുമ്പോള്‍ തന്നെ നമ്മുടെ പ്രതിഭാധനരായ സീനിയര്‍ സംവിധായകര്‍ അവരുടെ ശീലങ്ങളില്‍ നിന്ന് വ്യതിചലിക്കാത്തത് സങ്കടകരമായ വസ്തുതയാണ്. പ്രേക്ഷകരെ ആകര്‍ഷിക്കാത്ത കൊമേഴ്സ്യല്‍ ഗിമ്മിക്കുകളില്‍ നിന്ന് ഷാജി കൈലാസിനെപ്പോലെയുള്ള സംവിധായകര്‍ മോചനം നേടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
അടുത്ത പേജില്‍ - ‘റിവേഴ്സ് ഗിയര്‍’ ഡയലോഗും കൂക്കിവിളികളും
PRO
ഷാജി കൈലാസ് ആദ്യമായെഴുതിയ തിരക്കഥയാണ് സിംഹാസനം. അദ്ദേഹം അടിസ്ഥാനമാക്കിയിരിക്കുന്നത് ‘നാടുവാഴികള്‍’ എന്ന സിനിമയാണ്. കപ്പോളയുടെ ഗോഡ്ഫാദറില്‍ നിന്നാണ് നാടുവാഴികളും തേവര്‍മകനുമൊക്കെ ജനിച്ചത്. ഈ അഡാപ്റ്റേഷനുകള്‍ ത്രില്ലടിപ്പിക്കുന്നവ തന്നെയായിരുന്നു. അവയെ ബേസ് ആയി സ്വീകരിക്കുമ്പോള്‍ ഒന്നുകില്‍ ആവേശം ജനിപ്പിക്കുന്ന എലമെന്‍റുകള്‍ കൂട്ടിച്ചേര്‍ത്ത് കുറച്ചുകൂടി പഞ്ച് ഉണ്ടാക്കാന്‍ ശ്രമിക്കണം. അല്ലെങ്കില്‍, നാടുവാഴികളുടെ നിലവാരത്തില്‍ നിന്ന് താഴാതെ നോക്കണം. സിംഹാസനത്തിന്‍റെ കാര്യത്തില്‍ ഇതൊന്നുമല്ല സംഭവിച്ചത്.
പ്രേക്ഷകരെ ത്രില്ലടിപ്പിക്കാന്‍ ഷാജിയുടെ തിരക്കഥയ്ക്ക് കഴിയുന്നില്ല. മുഹൂര്‍ത്തങ്ങളും സംഭാഷണങ്ങളും പരാജയമാണ്. രഞ്ജിത്തും രണ്‍ജി പണിക്കരും പല സിനിമകളിലായി എഴുതിക്കൂട്ടിയ ഡയലോഗുകളുടെ ക്ലോണ്‍ പതിപ്പുകള്‍ സൃഷ്ടിക്കാനാണ് സിംഹാസനത്തില്‍ ശ്രമിച്ചിരിക്കുന്നത്. അവ പലപ്പോഴും അരോചകമായി മാറുകയും ചെയ്യുന്നു. നായകന്‍റെ വീരസ്യം പറച്ചില്‍ കാണികളില്‍ സഹതാപം കലര്‍ന്ന ചിരി മാത്രമേ ഉണര്‍ത്തുന്നുള്ളൂ എങ്കില്‍ ഈ ഡയലോഗ് കസര്‍ത്തുകൊണ്ട് എന്താണ് പ്രയോജനം?
സത്യമാണ്, പൃഥ്വിരാജിന്‍റെ ‘റിവേഴ്സ് ഗിയര്‍’ ഡയലോഗിലൊക്കെ തിയേറ്ററില്‍ വലിയ കൂവലാണ് ഉയര്‍ന്നത്. ഡയലോഗ് ഡെലിവറിയില്‍ ആ താരവും സ്വയം വിമര്‍ശനപരമായ തിരിഞ്ഞുനോട്ടത്തിന് തയ്യാറാകേണ്ടതാണ്. അല്ലെങ്കില്‍ ജനങ്ങളില്‍ നിന്ന് താരത്തിനുള്ള അകലം കൂടിക്കൂടി വരികയേ ഉള്ളൂ.
ഫ്യൂഡലിസത്തിന്‍റെ മടങ്ങിവരവിനെ സ്വാഗതം ചെയ്യുന്ന സൃഷ്ടികളെന്നാണ് ഷാജി കൈലാസ് സിനിമകളെക്കുറിച്ച് ഒരുകാലത്ത് ഉയര്‍ന്നുകേട്ടിരുന്ന ആരോപണം. ആ ആരോപണത്തിന് ആക്കം കൂട്ടാനേ സിംഹാസനം ഉപകരിക്കൂ. ഫ്യൂഡല്‍ പ്രഭുക്കളുടെ തമ്മില്‍ത്തല്ല് തന്നെയാണ് ഈ ചിത്രത്തിന്‍റെ പ്രമേയം.
അടുത്ത പേജില്‍ - ഷാജിയിലെ തിരക്കഥാകാരന്‍റെ തോല്‍വി
PRO
ചന്ദ്രഗിരി മാധവമേനോന്‍(സായികുമാര്‍) അക്ഷരാര്‍ത്ഥത്തില്‍ ഒരു നാടുവാഴിയാണ്. ഭരണകൂടം നിലനിര്‍ത്താനും താഴെയിടാനും കെല്‍പ്പുള്ളയാള്‍. ഒരു സമാന്തര ഭരണ സംവിധാനം തന്നെ അദ്ദേഹം നടത്തിക്കൊണ്ടുപോകുന്നുണ്ട്. ഉത്സവം കൂടാന്‍ നാട്ടിലെത്തുകയാണ് മാധവമേനോന്‍റെ മകന്‍ അര്‍ജ്ജുനും(പൃഥ്വിരാജ്) കൂട്ടുകാരും. പിന്നീട് കഥ നാടുവാഴികള്‍ തന്നെ. വില്ലന്‍മാരുടെ എണ്ണം കുറച്ചധികമുണ്ട് എന്നേയുള്ളൂ. ചില വില്ലന്‍മാരുടെ ഖനിമാഫിയ ബന്ധവും വേണമെങ്കില്‍ പുതുമയെന്നു പറയാം.
ഒരു സമൂഹത്തിന്‍റെ മുഴുവന്‍ താങ്ങും തണലുമായിരുന്ന മാധവമേനോന്‍ മരിച്ചതിന് ശേഷം അര്‍ജ്ജുന് നേരിടേണ്ടിവരുന്ന വെല്ലുവിളികളും അയാള്‍ അതിനെ എങ്ങനെ തരണം ചെയ്യുന്നു എന്നതുമാണ് സംഘര്‍ഷഭരിതമായ രംഗങ്ങളിലൂടെ ഷാജി കൈലാസ് ആവിഷ്കരിക്കുന്നത്. എന്നാല്‍ പ്രേക്ഷകരുടെ മനസിനെ തൊടാന്‍ കഴിയുന്ന ഒരു ജീവിതസന്ദര്‍ഭവും ഒരുക്കാന്‍ ഷാജിയിലെ തിരക്കഥാകാരന് കഴിഞ്ഞിട്ടില്ല. ഇന്‍റര്‍വെല്ലിന് തൊട്ടുമുമ്പുള്ള ചില രംഗങ്ങളും പോസ്റ്റ് ഇന്‍റര്‍വെലിന്‍റെ ആദ്യമിനിറ്റുകളും മാത്രമാണ് അല്‍പ്പമെങ്കിലും ആശ്വാസം നല്‍കുന്നത്.
അര്‍ജ്ജുനെ സ്വപ്നം കണ്ട് നാട്ടില്‍ ഒരു പെണ്‍കുട്ടി(വന്ദന)യുണ്ട്. അയാള്‍ക്കൊപ്പം ബാംഗ്ലൂരില്‍ നിന്ന് കാമുകിയും(ഐശ്വര്യ ദേവന്‍) വരുന്നു. ഇവിടെ തേവര്‍ മകന്‍ കൊണ്ടുവരാന്‍ ഷാജി ശ്രമിച്ചിട്ടുണ്ട്. പക്ഷേ നായികമാരും നായകനും പാട്ടുംപാടി ഉമ്മവച്ചു കളിച്ച് ആകെ കുളമാക്കിയെന്ന് പറയാതെ വയ്യല്ലോ. ഗാനരംഗങ്ങള്‍ക്കും അത്യാവശ്യം നല്ല നിലയില്‍ കൂവല്‍ കിട്ടുന്നുണ്ട്.
അടുത്ത പേജില്‍ - ഇത് സായികുമാറിന്‍റെ സിനിമ
PRO
സായികുമാര്‍ എന്ന നടന്‍റെ ഏറ്റവും മികച്ച പ്രകടനമൊന്നുമല്ല സിംഹാസനത്തിലേത്. എന്നാല്‍ ചന്ദ്രഗിരി മാധവമേനോന്‍ എന്ന കഥാപാത്രത്തെ സായി ഉജ്ജ്വലമാക്കി. ആ കഥാപാത്രത്തിന്‍റെ സ്ക്രീന്‍ പ്രസന്‍സ് മാത്രമാണ് സിംഹാസനത്തെ കണ്ടിരിക്കാന്‍ പ്രാപ്തമായ സിനിമയെങ്കിലുമാക്കുന്നത്. മികച്ച സംഭാഷണങ്ങളുമുണ്ട് സായിക്ക്. ഇമോഷണല്‍ രംഗങ്ങളിലൊക്കെ സായി മറുചോദ്യമില്ലാത്ത അഭിനയ പാടവമാണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.
പൃഥ്വിരാജിന് ഏതെങ്കിലും തരത്തില്‍ ഗുണം ചെയ്യുന്ന ചിത്രമാണ് സിംഹാസനം എന്ന് പറയാനാവില്ല. ‘താന്തോന്നി’ പോലെ മറ്റൊരു സിനിമ. നീളന്‍ ഡയലോഗുകള്‍ ഉരുവിടുമ്പോഴും ഗാനരംഗങ്ങളിലെ എക്സ്പ്രഷനുകളിലും പൃഥ്വിയുടെ പ്രകടനം മോശമായി. അത് മാറ്റി നിര്‍ത്തിയാല്‍ തരക്കേടില്ലാത്ത അഭിനയം കാഴ്ചവച്ചു മലയാളികളുടെ ബിഗ്സ്റ്റാര്‍.
ബിജു പപ്പന് ഈ സിനിമയില്‍ നല്ല വേഷമാണ്. ലേലത്തിലും അസുരവംശത്തിലുമൊക്കെ സിദ്ദിക്ക് അവതരിപ്പിച്ച കഥാപാത്രങ്ങളെ ഓര്‍മ്മയില്ലേ?. നായകനുവേണ്ടി മരിക്കാനും തയ്യാറാകുന്ന കഥാപാത്രം. അതുതന്നെയാണ് സിംഹാസനത്തില്‍ ബിജു പപ്പന്‍ അവതരിപ്പിച്ചിരിക്കുന്നത്. എങ്കിലും പ്രേക്ഷകരെ കൈയിലെടുക്കാന്‍ ബിജുവിന് കഴിയുന്നുണ്ട്.
വില്ലന്‍മാരുടെ നീണ്ട നിരതന്നെയുണ്ട് സിംഹാസനത്തില്‍. ദേവന്‍, സിദ്ദിക്ക്, ജയകൃഷ്ണന്‍, റിയാസ് ഖാന്‍, ജയന്‍ അങ്ങനെയങ്ങനെ. ആര്‍ക്കും വലിയ പെര്‍ഫോമന്‍സിനൊന്നും സ്കോപ്പില്ല. ആരവത്തിനിടെ തന്‍റെയും ഒച്ചയൊന്ന് കേള്‍പ്പിക്കുക എന്ന ധര്‍മ്മം മാത്രം. ഇവരൊക്കെ അത് മോശമല്ലാതെ ചെയ്തു.
നായികമാരെപ്പറ്റി ഒന്നും പറയാനില്ല. അവര്‍ക്ക് വെറും കാഴ്ചക്കാരുടെ റോള്‍ മാത്രമേ ചിത്രത്തിലുള്ളൂ. ഗാനങ്ങളൊന്നും ശരാശരിക്ക് മേല്‍ ഉയര്‍ന്നില്ല. ഛായാഗ്രഹണം നിലവാരം പുലര്‍ത്തി. പശ്ചാത്തല സംഗീതം പല സന്ദര്‍ഭങ്ങളിലും പ്രേക്ഷകരുടെ ക്ഷമ കെടുത്തി.
തുടര്‍ച്ചയായി പത്തോളം സിനിമകള്‍ പരാജയമാക്കി റെക്കോര്‍ഡിട്ട സംവിധായകനാണ് ഷാജി കൈലാസ്. ആ പരാജയങ്ങളില്‍ നിന്ന് ഷാജി ഒന്നും പഠിച്ചില്ല എന്ന് സിംഹാസനം കണ്ടാല്‍ മനസിലാകും. അദ്ദേഹം തന്‍റെ ആക്ഷന്‍ ട്രാക്ക് വിട്ട് കോമഡിയിലേക്ക് തിരിയുകയാണെന്ന് കേള്‍ക്കുന്നു. മലയാള സിനിമയുടെ ട്രാക്ക് മാറുമ്പോള്‍ ഷാജിയെപ്പോലെയുള്ള വലിയ സംവിധായകരും മാറ്റത്തിന് തയ്യാറാകുന്നു എന്നത് ശുഭാപ്തിവിശ്വാസത്തോടെ ഉള്‍ക്കൊള്ളാം.