സലാല മൊബൈല്‍സ് - ദുല്‍ക്കറിന്‍റെ സെലക്ഷന്‍ പാളി!

വെള്ളി, 24 ജനുവരി 2014 (12:07 IST)
PRO
‘പട്ടം പോലെ’ എന്ന പരാജയ ചിത്രത്തിന് ശേഷം ദുല്‍ക്കര്‍ സല്‍മാന്‍റേതായി പ്രദര്‍ശനത്തിനെത്തിയ സലാല മൊബൈല്‍‌സും നിരാശപ്പെടുത്തുകയാണ്. പ്രണയം തന്നെയാണ് സലാല മൊബൈല്‍‌സിലെയും വിഷയം. എന്നാല്‍ പ്രേക്ഷകര്‍ക്ക് എക്കാലത്തും പ്രിയപ്പെട്ട ഈ വിഷയത്തെ അപക്വമായി കൈകാര്യം ചെയ്തിരിക്കുകയാണ് സലാല മൊബൈല്‍‌സിലൂടെ സംവിധായകന്‍ ശരത് ഹരിദാസന്‍.

ഈ വര്‍ഷത്തെ ആദ്യ പ്രധാന റിലീസാണ് സലാല മൊബൈല്‍‌സ്. ദുല്‍ക്കര്‍ സല്‍മാന്‍ - നസ്രിയ ജോഡിയുടെ ഫ്രഷ്നസും ചിത്രത്തിലേക്ക് ആകര്‍ഷിക്കുന്ന പ്രധാന ഘടകം തന്നെ. എന്നാല്‍ എടുത്തുപറയാന്‍ യാതൊരു സവിശേഷതകളുമില്ലാത്ത ഒരു സില്ലി ഫിലിമായി ചിത്രം അനുഭവപ്പെട്ടു.

അടുത്ത പേജില്‍ - പ്രണയം പറയാന്‍ കാത്തിരിപ്പ്, ക്ഷമ പരീക്ഷിക്കുന്ന കാത്തിരിപ്പ്!

PRO
ന്യൂജനറേഷന്‍ സിനിമകളുടെ സ്ഥിരം കാഴ്ചയായ അലസയുവത്വത്തിന്‍റെ കഥയാണ് ഇതും. അഫ്സല്‍ എന്നാണ് ദുല്‍ക്കര്‍ അവതരിപ്പിക്കുന്ന ‘അലസന്‍റെ’ പേര്. ഒമാനിലെ സലാലയിലുള്ള അങ്കിളിന്‍റെ സഹായത്തോടെ അവന്‍ ഒരു മൊബൈല്‍ ഷോപ്പ് തുടങ്ങുകയാണ് - സലാല മൊബൈല്‍‌സ്.

അടുത്ത കോളജില്‍ പഠിക്കുന്ന സഹാന(നസ്രിയ)യോട് അഫ്സലിന് പ്രണയം തോന്നാന്‍ അധികസമയമൊന്നും വേണ്ടല്ലോ. പക്ഷേ അവന് ഈ പ്രണയം അവളോട് പറയാന്‍ കഴിയുന്നില്ല. പറയാന്‍ വേണ്ടി അവന്‍ കാത്തിരിക്കുകയാണ്. ഇപ്പോള്‍ പറയും ഇപ്പോള്‍ പറയുമെന്ന പ്രതീക്ഷയോടെ പ്രേക്ഷകരും. ഒടുവില്‍ ക്ഷമ നശിച്ചു എന്ന് പറഞ്ഞാല്‍ മതിയല്ലോ.

അടുത്ത പേജില്‍ - സന്താനത്തിന്‍റെ വരവ്!

PRO
അഴകര്‍ സാമി(സന്താനം) എന്ന സോഫ്റ്റുവെയര്‍ ജീനിയസിന്‍റെ രംഗപ്രവേശം ഇവിടെയാണ്. അജ്ഞാതരുടെ മൊബൈല്‍ സന്ദേശങ്ങള്‍ ടാപ്പ് ചെയ്യാനുള്ള ഒരു സോഫ്റ്റുവെയര്‍ അഫ്സലിന് ലഭിക്കുന്നതോടെ കഥ വഴിത്തിരിവിലേക്ക് നീങ്ങുകയാണ്.

യഥാര്‍ത്ഥത്തില്‍ അങ്ങനെ വല്ല വഴിത്തിരിവും ഉണ്ടോ? അപ്രതീക്ഷിതമായ എന്തെങ്കിലും സംഭവിക്കുന്നുണ്ടോ? ഇല്ല എന്നുതന്നെ പറയണം. പിന്നെ, വെറുതെ ക്ലൈമാക്സ് വരെ കണ്ടിരിക്കാമെന്നല്ലാതെ പുതുതായ ഒരനുഭവവും സലാല മൊബൈല്‍‌സ് എന്ന സിനിമ നമുക്ക് തരുന്നില്ല.

അടുത്ത പേജില്‍ - കഥയില്ല, കാര്യവുമില്ല!

PRO
വ്യക്തതയുള്ള ഒരു കഥാഗതിയില്ലാത്തതാണ് ഈ ചിത്രത്തിന്‍റെ ഏറ്റവും വലിയ പോരായ്മ. സത്യം പറയട്ടേ, ഗോപി സുന്ദറിന്‍റെ നല്ല ഗാനങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ ഈ സിനിമ സഹിച്ചിരിക്കുക എന്നത് കൂടുതല്‍ വലിയ ശിക്ഷയായി മാറിയേനെ. എന്നാല്‍ പശ്ചാത്തല സംഗീതം പലപ്പോഴും അസഹനീയമായി. ഒരു ഗാനത്തിന് പഴയൊരു ഹിന്ദി ഗാനവുമായി വലിയ സാദൃശ്യം തോന്നുകയും ചെയ്തു. സതീഷ് കുറുപ്പാണ് ചിത്രത്തിന്‍റെ ക്യാമറ.

ദുല്‍ക്കര്‍ സല്‍മാന്‍റെ കരിയറിലെ ഏറ്റവും മോശം സിനിമകളിലൊന്നാണ് സലാല മൊബൈല്‍‌സ്. കഥാപാത്രത്തിന് ഒട്ടും കരുത്തില്ലാതെ പോയി. നസ്രിയയ്ക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ഗ്രിഗറിയുടെ സാന്നിധ്യം അല്‍പ്പം ആശ്വാസമായിരുന്നു.

വെബ്ദുനിയ വായിക്കുക