ജോസ് തോമസ് എന്ന സംവിധായകനെ എനിക്കിഷ്ടമാണ്. ലോഹിതദാസിന്റെ തിരക്കഥ സംവിധാനം ചെയ്യാന്‍ ഭാഗ്യം ലഭിച്ച സംവിധായകന് എന്നതാണ് അതിന്റെ പ്രധാന കാരണം. സാദരം ഭേദപ്പെട്ട ഒരു സിനിമയുമായിരുന്നു. പത്താംനിലയിലെ തീവണ്ടി നിര്‍മ്മിച്ച ജോസ് തോമസ്. ചിരട്ടക്കളിപ്പാട്ടങ്ങള്‍, എന്റെ ശ്രീക്കുട്ടിക്ക് തുടങ്ങിയ നല്ല സിനിമകള്‍ സംവിധാനം ചെയ്ത ജോസ് തോമസ്.
അതില്‍ നിന്നൊക്കെ മാറി ഒന്നാന്തരം കൊമേഴ്സ്യല്‍ സിനിമകള്‍ സംവിധാനം ചെയ്ത് പ്രേക്ഷകരെ ഏറെ രസിപ്പിക്കുകയും ചെയ്തു അദ്ദേഹം. കാഞ്ഞിരപ്പള്ളി കറിയാച്ചന്, മാട്ടുപ്പെട്ടി മച്ചാന്, ഉദയപുരം സുല്‍ത്താന്‍, സുന്ദരപുരുഷന്, സ്നേഹിതന്, മായാമോഹിനി തുടങ്ങി ജോസ് തോമസ് സംവിധാനം ചെയ്ത സിനിമകളെല്ലാം ഞാന്‍ നന്നായി ആസ്വദിച്ചവയാണ്. മാട്ടുപ്പെട്ടിമച്ചാനും ഉദയപുരം സുല്‍ത്താനും എപ്പോള്‍ ടി വിയില്‍ വന്നാലും കാണും. ചിരിപ്പിക്കാന്‍ ആ സിനിമകളെ കഴിഞ്ഞേയുള്ളൂ.
ഇന്ന് രാവിലെ തന്നെ സിനിമോളെ വിളിച്ചു. അവള് ഓണത്തിന് സിനിമയ്ക്കൊന്നും ഇല്ലെന്ന് പറഞ്ഞു. ദിലീപ് സിനിമയല്ലേ, ജോസ് തോമസല്ലേ, ഉദയനും സിബിയുമല്ലേ, എനിക്ക് ശൃംഗാരവേലന് കാണണമെന്ന് തീരുമാനിക്കാന്‍ ഇതില്‍ കൂടുതലൊന്നും വേണ്ട.
തിയേറ്ററിലെത്തിയപ്പോള്‍ തിരക്കോടുതിരക്ക്. ഒറ്റയ്ക്ക് ഡ്രൈവ് ചെയ്തുപോകാം. കുഴപ്പമില്ല. പക്ഷേ തിയേറ്ററിലേക്ക് കയറാന്‍ ഒരു സഹായി വേണം. അല്ലെങ്കില്‍ ഇരുട്ടില്‍ തപ്പിത്തടഞ്ഞു വീഴുമെന്നുറപ്പ്. അപ്പോഴതാ മാധ്യമപ്രവര്‍ത്തകനായ വിനോദ് ശശിധരന് നില്ക്കുന്നു. അവന്റെ കൈപിടിച്ച് തിയേറ്ററിനുള്ളിലേക്ക്.
അടുത്ത പേജില്‍: ദിലീപ് - ഷാജോണ്‍ ടീമിന്റെ കോമഡിസദ്യ!
PRO
‘മൈ ബോസ്’ എന്ന പടമില്ലേ? അതുകണ്ടതിന് ശേഷം ദിലീപ് - ഷാജോണ്‍ ടീം എനിക്ക് പ്രിയപ്പെട്ടതാണ്. ‘ശൃംഗാരവേലന്’ തുടങ്ങിയതിന് ശേഷമാണ് ഷാജോണ്‍ ഈ സിനിമയിലുണ്ടെന്ന് എനിക്ക് മനസിലായത്. അത് സന്തോഷം ഇരട്ടിയാക്കി. എന്തായാലും ഈ സിനിമയിലും ആ കൂട്ടുകെട്ട് അടിച്ചുപൊളിച്ചു എന്ന് പറഞ്ഞാല്‍ മതിയല്ലോ. അവര്‍ രണ്ടുപേരും ചേര്‍ന്ന് ഒരു കോമഡിസദ്യ തന്നെ വിളമ്പിയിരിക്കുകയാണ്. ഓണക്കാലത്ത് ഇത്രയും നിറഞ്ഞുചിരിക്കാനായത് ഭാഗ്യം.
റിവ്യൂ വായിച്ചുകൊണ്ടിരിക്കുന്നവരോട് ആദ്യമേ പറയേണ്ടതാണ്. ഈ സിനിമയുണ്ടല്ലോ, കാണാതെ വിടരുത്. അത്രയ്ക്ക് രസകരമാണ്. നല്ല തമാശകളുണ്ട്, കെട്ടുറപ്പുള്ള തിരക്കഥയുണ്ട്, സുന്ദരമായ പാട്ടുകളുണ്ട് - എന്തുകൊണ്ടും ഒരു കംപ്ലീറ്റ് എന്റര്ടെയ്നര്. ദിലീപില്‍ നിന്ന് ഇതല്ലാതെ മറ്റെന്താണ് വേണ്ടത്? അയാള്‍ ഇത്തവണയും ഒരു വമ്പന്‍ ഹിറ്റ് ഉറപ്പാക്കിയിരിക്കുന്നു.
സത്യത്തില്‍ മായാമോഹിനിയേക്കാള് എനിക്ക് ബോധിച്ചു ഈ പടം. ഇതിലും ദിലീപ് തന്നെ മുഖ്യ ആകര്‍ഷണം. ജനക്കൂട്ടത്തെ ഇങ്ങനെ രസിപ്പിക്കാനുള്ള എന്തോ ഒരു മാജിക് ഉണ്ട് ഈ നടന്. കണ്ണന് എന്ന കഥാപാത്രത്തെ എത്ര രസകരമായാണ് ദിലീപ് അവതരിപ്പിച്ചിരിക്കുന്നത്! സിനിമ കഴിഞ്ഞ് ഞാന്‍ ഓര്‍ത്തുനോക്കി - ഒരു സീന്‍, ബോറടിച്ച ഒരു സീനെങ്കിലുമുണ്ടോ? ഇല്ലേയില്ല. ജോസ് തോമസ് എന്ന സംവിധായകന്റെ ഏറ്റവും വലിയ മിടുക്കാണത്. കഥയുടെ രസച്ചരട് പൊട്ടാതെ പ്രേക്ഷകരുടെ കൈപിടിച്ച് ഒരു ഉല്ലാസയാത്ര - അതാണ് ശൃംഗാരവേലന്!
അടുത്ത പേജില്‍ - പ്രശ്നങ്ങളുടെ നടുവില്‍ നായകന്!
PRO
കഥയിലേക്കൊന്നും വലുതായി കടക്കുന്നില്ലന്നേ. അല്ലെങ്കിലും എന്നേക്കുറിച്ചുള്ള പ്രധാന പരാതി, ഞാന്‍ കഥ മുഴുവനായങ്ങ് പറഞ്ഞുകളയുമെന്നാണ്. ഈ ന്യൂജനറേഷന് എഴുത്തുകാരേപ്പോലെ കഥയേക്കുറിച്ചൊന്നും പറയാതെ എഴുതാനൊന്നും എനിക്കറിയില്ല. ഞാന്‍ എഴുതിവരുന്ന ഒഴുക്കിനങ്ങുപോകും. അതില്‍ ചിലപ്പോല്‍ കഥയും ക്ലൈമാക്സുമൊക്കെ പെട്ടുപോകുന്നു.
കുത്താംപള്ളിയിലെ പ്രശസ്ത നെയ്ത്തുകാരനായ അയ്യപ്പനാശാന്റെ(ബാബു നമ്പൂതിരി) മകനാണ് കണ്ണന്(ദിലീപ്). അവനെ വളരെ കഷ്ടപ്പെട്ടാണ് ആശാന് ഫാഷന്‍ ഡിസൈനിംഗ് ഒക്കെ പഠിപ്പിച്ചത്. പക്ഷേ എന്ത് പ്രയോജനം? അവന് പരമ്പരാഗത തൊഴിലിലൊന്നും താല്‍പ്പര്യമില്ല. എങ്ങനെയെങ്കിലും പെട്ടെന്ന് പണക്കാരനാകണം. നല്ല പണവും സ്വത്തുമുള്ള പെണ്‍കുട്ടികളെ പ്രണയിച്ച് കല്യാണം കഴിച്ചാല്‍ പണക്കാരനാകാമെന്നൊരു ബുദ്ധി അവന്റെ തലയില്‍ കയറിക്കൂടിയിട്ടുണ്ട്. വിവാഹം കഴിച്ചാല്‍ ഭര്‍ത്താവ് മരിച്ചുപോകുമെന്ന് ദോഷമുള്ളൊരു പെണ്‍കുട്ടി, രാധ(വേദിക). അവളുടെ വൈധവ്യദോഷം ഒഴിവാക്കാനുള്ള പൂജാസമയത്ത് അവിടെ പുടവയുമായി എത്തിപ്പെടുകയാണ് കണ്ണന്. അങ്ങനെ ആദ്യം അവള്‍ക്ക് പുടവ നല്‍കാനുള്ള യോഗം കണ്ണനുണ്ടാകുന്നു. അതോടെ ആ കോവിലകത്ത് തുടരേണ്ടിവരികയാണ് അവന്.
കോവിലകത്തെ തമ്പുരാന്റെ (നെടുമുടി വേണു) ചെറുമകളാണ് രാധ. ഡി ജി പിയുടെ (ജോയ് മാത്യു) മകള്‍. പിന്നീടാണറിയുന്നത് ഡിജിപി ഒരു ഡോണ്‍ ആണ്. അയാള്‍ക്ക് ഒട്ടേറെ ശത്രുക്കളുണ്ട്. അവരില്‍ ചിലര്‍ രാധയെ കൊല്ലാന്‍ ഇറങ്ങിത്തിരിച്ചിട്ടുണ്ട്. ഈ പ്രശ്നങ്ങളുടെ നടുവിലാണ് കണ്ണന് പെട്ടുപോകുന്നത്.
അടുത്ത പേജില്‍ - അടിപൊളി കോമഡികള്‍!
PRO
ശൃംഗാരവേലനിലെ ചില രംഗങ്ങള്‍ നമ്മുടെ യുക്തിയെ ചോദ്യം ചെയ്തുകളയും. ഉദാഹരണം, ലാലിന്റെ എന്‍ട്രി. യേശു എന്ന കഥാപാത്രത്തെയാണ് ലാല്‍ അവതരിപ്പിക്കുന്നത്. ഉറങ്ങാന്‍ വേറെ സ്ഥലം കാണാത്തതുകൊണ്ട് ഇവിടെ കയറി ഉറങ്ങിപ്പോയതാണെന്നുള്ള ആ കാരണം സാമാന്യയുക്തിക്ക് നിരക്കാത്തതാണ്. പിന്നീട് അയാളും അവിടെ തുടരുകയാണ്. അതുപോലെ ഒരു ആക്ഷന്‍ സീനില്‍ ദിലീപ് നായികയെ രജനീകാന്ത് സ്റ്റൈലില്‍ തൂക്കിയെടുത്ത് ഒറ്റയേറാണ് വാട്ടര്‍ടാങ്കിലേക്ക്. നല്ല കൂവല്‍ കിട്ടി ആ രംഗത്തിന് തിയേറ്ററില്‍.
ഓര്‍ത്തോര്‍ത്ത് ചിരിക്കാന്‍ കഴിയുന്ന ഒട്ടേറെ മുഹൂര്‍ത്തങ്ങള്‍ സിബി - ഉദയന്റെ തിരക്കഥ സമ്മാനിക്കുന്നുണ്ട്. ‘നേര’ത്തില്‍ നമ്മള് കണ്ട ഊക്കന്‍ ടിന്റു(ഷമ്മി തിലകന്) ഈ സിനിമയില്‍ പുനരവതരിക്കുന്നുണ്ട്. ഊക്കന്‍ ടിന്റുവിന്റെ നിര്‍ണായകമായൊരു ഇടപെടലാണ് ഒടുവില്‍ നായകന്റെ ജീവിതത്തിന് പുതിയ വഴിത്തിരിവുണ്ടാക്കുന്നത്. എനിക്കു തോന്നുന്നത് ഊക്കന്‍ ടിന്റുവായി ഷമ്മി ഇനിയും ചില സിനിമകളില്‍ വരേണ്ടിവരുമെന്നാണ്. അത്രയ്ക്ക് രസകരമാണ് ആ കഥാപാത്രസൃഷ്ടി.
നെടുമുടി വേണു പതിവുപോലെ ഒരു തമ്പുരാന് വേഷം. പ്രത്യേകിച്ച് പറയാന്‍ ഒന്നുമില്ല. ലാലിന്റെ കഥാപാത്രത്തേക്കാള്‍ എനിക്ക് രസിച്ചത് ഷാജോണിന്റെ പ്രകടനങ്ങളാണ്. മഹാലിംഗം എന്ന കിഡ്നാപ്പിംഗ് സ്പെഷ്യലിസ്റ്റായി ബാബുരാജും മിന്നിത്തിളങ്ങി. ഇയാളെ ഉപയോഗിച്ചാണ് പിന്നീട് രഹസ്യവിവാഹത്തിനായി ദിലീപ് നായികയെ തട്ടിക്കൊണ്ടുപോകുന്നത്.
അടുത്ത പേജില്‍ - ഗാനരംഗവും മീശമാധവനും
PRO
പൂര്‍ണമായും ഒരു ഫെസ്റ്റിവല്‍ ചിത്രമാണ് ശൃംഗാരവേലന്. നിറപ്പകിട്ടാര്‍ന്ന ദൃശ്യങ്ങളാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ഷാജിയാണ് ക്യാമറ. ഗാനങ്ങളെല്ലാം കഥാഗതിയോട് ചേര്ന്നുനില്ക്കുന്നവയാണ്. ബേണി ഇഗ്നേഷ്യസാണ് സംഗീതം. ‘മിന്നാമിനുങ്ങിന് വെട്ടം’ എന്ന പാട്ടാണ് എനിക്ക് ഏറെ ഇഷ്ടമായത്. ആ ഗാനരംഗത്തിലെ ചില ദൃശ്യങ്ങളില്‍ മീശമാധവനിലെ ‘ചിങ്ങമാസം...’ പാട്ട് എനിക്ക് ഓര്‍മ്മവന്നു. നല്ല കറുത്ത മണ്ണിന്റെ പശ്ചാത്തലമുള്ള ദൃശ്യങ്ങള്‍.
പടം കണ്ടിറങ്ങിയവരെല്ലാം ഹാപ്പിയായിരുന്നു. സൂപ്പര്‍ എന്റര്ടെയ്നര് എന്നാണ് എല്ലാവരുടെയും അഭിപ്രായം. ഓണക്കാലത്ത് ഇതുതന്നെയല്ലേ വേണ്ടത്? അല്ലാതെ ചുമ്മാ കരച്ചിലും പിഴിച്ചിലുമായാല് എന്താ ഒരു രസം? എനിക്കും ഇപ്പോള്‍ ഇത്തരം സിനിമകള്‍ കാണാന്‍ വല്യ താല്‍പ്പര്യമാണ്. എന്തായാലും ശൃംഗാരവേലനിലും ജോസ് തോമസ് നിരാശനാക്കിയില്ല.
മായാമോഹിനിയേക്കുറിച്ച് പരക്കെ ഉയര്‍ന്ന ഒരു ആരോപണം ഡബിള്‍ മീനിംഗ് ഡയലോഗുകളാണ്. എന്തായാലും അങ്ങനെ എടുത്തുപറയത്തക്ക ഡയലോഗ് അശ്ലീലമൊന്നും ശൃംഗാരവേലനിലില്ല. ആര്‍ക്കും രസിക്കാവുന്ന ഡയലോഗുകളാണ് സിനിമയില്‍. കുടുംബപ്രേക്ഷകര്‍ക്ക് ഈ സിനിമ പൂര്‍ണമനസ്സോടെ റെക്കമെന്റ് ചെയ്യുന്നു.