നീലകണ്ഠനോ, ഇന്ദുചൂഡനോ, ജഗന്നാഥനോ, കാര്‍ത്തികേയനോ? - ആരായിരിക്കും അവന്‍? ലോഹത്തിലെ നായകന്‍? ഈ ചോദ്യമാണ് ‘ലോഹം’ എന്ന രഞ്ജിത് - മോഹന്‍ലാല്‍ ചിത്രത്തിലേക്ക് എന്നെ നയിച്ചത്. എന്നാല്‍ ഇവരാരുമല്ല സ്ക്രീനില്‍ വന്നത്. അവന്‍ ടാക്സി ഡ്രൈവര്‍ രാജു. രഞ്ജിത് സൃഷ്ടിച്ച കൊലകൊമ്പന്‍മാരുടെ ഫ്ലേവറൊന്നും ഈ കഥാപാത്രത്തില്‍ ചാര്‍ത്തിക്കൊടുക്കേണ്ട. കാരണം, ഇത് വേറൊരു സൃഷ്ടിയാണ്.
ഒരു രാവണപ്രഭുവോ ആറാം തമ്പുരാനോ പ്രതീക്ഷിച്ച് പോകുന്ന മോഹന്‍ലാല്‍ ആരാധകര്‍ക്ക് അത്ര വലിയ സദ്യയൊന്നും വിളമ്പാതെ, ഒരു റിയലിസ്റ്റിക് ത്രില്ലര്‍ സമ്മാനിച്ചിരിക്കുകയാണ് രഞ്ജിത്. അതേ, നായകനുവേണ്ടി നിര്‍മ്മിക്കുന്ന കടുംനിറത്തിലുള്ള കഥാ സന്ദര്‍ഭങ്ങളല്ല, ഒരു ത്രില്ലറിന് ആവശ്യമായ ഇളം നിറങ്ങള്‍ മാത്രം തുന്നിച്ചേര്‍ത്തുണ്ടാക്കിയ ചിത്രമാണ് ലോഹം. രാവണപ്രഭു എഴുതിയ രഞ്ജിത്തല്ല, ചന്ദ്രോത്സവവും സ്പിരിറ്റുമൊക്കെ എഴുതിയ രഞ്ജിത്താണ് ഈ സിനിമയിലേത്.
കോഴിക്കോട് വിമാനത്താവളത്തില്‍ ഗള്‍ഫില്‍ നിന്ന് വരാനുള്ള ഒരു മൃതശരീരവും പ്രതീക്ഷിച്ചുനില്‍ക്കുന്ന ബന്ധുക്കളില്‍ നിന്നാണ് ലോഹം ആരംഭിക്കുന്നത്. പിന്നീട് നായികയുടെ വരവാണ്. ജയന്തി(ആന്‍ഡ്രിയ), അവര്‍ക്ക് കസ്റ്റംസ് ഓഫീസറായ അവരുടെ ഭര്‍ത്താവിനെ കണ്ടെത്തണം. അവര്‍ രാജു(മോഹന്‍ലാല്‍)വിന്‍റെ ടാക്സിയാണ് വിളിക്കുന്നത്. യാത്ര പോകുന്നതിനിടെ അവര്‍ക്കുനേരെ ഒരാക്രമണമുണ്ടാകുന്നു. എന്തിനാണ് അവര്‍ ആക്രമിക്കപ്പെടുന്നത്?
കുഞ്ഞുണ്ണി എസ് കുമാറിന്‍റെ ക്യാമറ ഒരു ത്രില്ലര്‍ മൂഡ് ക്രിയേറ്റ് ചെയ്യുന്നതില്‍ വിജയിച്ചു. എന്നാല്‍ പശ്ചാത്തല സംഗീതം പോരാ. സംഘര്‍ഷഭരിതമായ പല മുഹൂര്‍ത്തങ്ങളും വേണ്ടത്ര പഞ്ചോടെ കാഴ്ചക്കാരിലേക്കെത്തിക്കാന്‍ രാജാമണിക്കായിട്ടില്ല. രണ്ടാം പകുതിയിലാണ് പശ്ചാത്തല സംഗീതത്തിന്‍റെ പോരായ്മ കൂടുതല്‍ അനുഭവപ്പെടുന്നത്.